തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തെക്കുള്ള അന്ത്യോദയ എക്സ്പ്രസ് ട്രെയിൻ സർവീസ് ശനിയാഴ്ച്ച മുതല്‍ തുടങ്ങും. രാവിലെ 10 നാണ് ഉദ്ഘാടന സർവീസ്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗോഹെയ്ൻ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച മുതലാണ് സാധാരണ സർവീസ് തുടങ്ങുക.

കൊച്ചുവേളിയിൽ നിന്ന് 11.50 മണിക്കൂറു കൊണ്ട് മംഗലാപുരത്തെത്തുന്ന ട്രെയിനാണിത്. ശനി, വ്യാഴം ദിവസങ്ങളിൽ രാത്രി 9.25 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.15 ന് മംഗലാപുരത്തും വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 8 ന് മംഗലാപുരത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.10 ന് കൊച്ചുവേളിയിലും എത്തുന്നതാണ് സാധാരണ സർവീസ്. സംസ്ഥാനത്തെ രണ്ടാമത്തെ അന്ത്യോദയ എക്സ്പ്രസാണിത്. എറണാകുളം – പാറ്റ്നയാണ് ആദ്യ അന്ത്യോദയ എക്സ്പ്രസ്.

പൂര്‍ണമായും അണ്‍റിസര്‍വ്‌ഡ്‌ കോച്ചുകളാണ് ട്രെയിനിലുള്ളത്. ടിക്കറ്റ് നിരക്ക് സാധാരണ അൺറിസർവ്വ്ഡ് എക്സ്പ്രസ് കോച്ചുകളിലേതിനെക്കാൾ 15 ശതമാനം അധികമായിരിക്കും.

ദീന്‍ദയാല്‍ കോച്ചുകളിലേത് പോലെ അലൂമിനിയം കോമ്പോസിറ്റ് പാനലുകള്‍ ഉപയോഗിച്ചാണ് അന്ത്യോദയ എക്‌സ്പ്രസ്സിന്റെ കോച്ചുകളുടെ ഉള്‍വശം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുഷ്യന്‍ സീറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, മൊബൈല്‍, ലാപ്‌ടോപ്പ് ചാര്‍ജിംഗ് പോയിന്റുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, മോഷണം തടയാനുള്ള സംവിധാനം, അഗ്നിശമനോപകരണങ്ങള്‍, ജൈവ ടോയ്‌ലറ്റ് എന്നിവ അന്ത്യോദയ കോച്ചുകളുടെ പ്രത്യേകതയാണ്.

കൊച്ചുവേളിയില്‍ നിന്ന് മംഗലാപുരത്തെക്കും തിരിച്ചുമുള്ള അന്ത്യോദയ എക്സ്പ്രസ്സ്‌ ട്രെയിന്‍ സമയം

കൊല്ലം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങി ആറിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ആലപ്പുഴ വഴിയാണ് സർവീസ്. കൊല്ലത്ത് മൂന്ന് മിനിട്ടും തൃശൂരിൽ രണ്ടു മിനിട്ടും ഷൊർണ്ണൂരിൽ പത്തു മിനിട്ടും മറ്റ് സ്റ്റേഷനുകളിൽ അഞ്ച് മിനിട്ട് വീതവും സ്റ്റോപ്പുണ്ട്.

ട്രെയിൻ നമ്പർ. 16355/16356. ട്രെയിനിന്റെ ഉദ്ഘാടനത്തിനൊപ്പം പുനലൂര്‍-ചെങ്കോട്ട ബ്രോഡ്‌ഗേജ് പാതയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 1.15 ന് പുനലൂര്‍ റെയില്‍വേസ്റ്റേഷനിലും ചങ്ങനാശ്ശേരി റെയില്‍വെ സ്റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം വൈകുന്നേരം 4.45 നും നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ