തിരുവനന്തപുരം: കന്നി ഓട്ടത്തിനൊരുങ്ങുകയാണ് കൊച്ചുവേളി -ബാനസാവാടി ഹംസഫർ എക്സ്പ്രസ്സ്. ട്രെയിൻ നമ്പർ 16319/16320 ഹംസഫർ എക്സ്പ്രസ്സ് ഈ മാസം 20-ന് കേന്ദ്ര ടൂറിസ്സം മന്ത്രി അൽഫോൺസ് കണ്ണന്താനം ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ദിവസം രാവിലെ 11 മണിക്ക് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ പിറ്റേ ദിവസം പുലർച്ചെ 3.30-ന് ബാനസാവാടിയിൽ എത്തിച്ചേരും.
പിന്നീടുള്ള ദിവസങ്ങളിൽ ട്രെയിൻ നമ്പർ 16320 കൊച്ചുവേളി -ബാനസാവാടി ഹംസഫർ എക്സ്പ്രസ്സ് കൊച്ചുവേളിയിൽ നിന്നും വ്യാഴം, ശനി ദിവസങ്ങളിൽ വൈകീട്ട് 6.05ന് പുറപ്പെട്ട് വെള്ളി ,ഞായർ ദിവസങ്ങളിൽ രാവിലെ 10.45ന് ബാനസവാടിയിൽ എത്തിച്ചേരും.
ട്രെയിൻ നമ്പർ 16319 ബാനസാവാടി-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്സ് വൈകിട്ട് 7 മണിക്ക് വെള്ളി, ഞായർ ദിവസങ്ങളിൽ ബാനസാവാടിയിൽ നിന്നും പുറപ്പെട്ട് ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ കൊച്ചുവേളിയിൽ എത്തിച്ചേരും.
കൊല്ലം ജംങ്ഷൻ, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോയമ്പത്തൂർ, ഇറോഡ്, സേലം, ബംഗാരപ്പേട്ട്, വൈറ്റ്ഫീൽഡ്, കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുളളത്.
നിലവിലെ സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കും, തിരിച്ചുമുള്ള യാത്രയ്ക്ക് സ്വകാര്യ ബസ്സുകളെയാണ് യാത്രക്കാർ കൂടുതലായ് ആശ്രയിക്കുന്നത്. അവധി ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടുന്ന സ്വകാര്യ ബസ്സുകൾ അധിക ചാർജാണ് ഈടാക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് ബാനസാവാടിയിൽ നിന്നും പുറപ്പെടുന്ന 16319- നമ്പർ ട്രെയിൻ ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കും, വിദ്യാർത്ഥികൾക്കും പ്രയോജനപ്പടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരു നഗരകേന്ദ്രമായ മജസ്റ്റിക്കിൽനിന്നും ബാനസാവാടിയിലേക്ക് 40 മിനിറ്റ് യാത്രയുണ്ട്.
ത്രീ ടെയർ എസി കോച്ച്, ആധുനിക സൗകര്യങ്ങൾ, സുരക്ഷാ സൗകര്യങ്ങളായ ‘സ്മോക്ക് അലാറം’ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ട്രെയിനിന് 22 കോച്ചുകളാണ് ഉണ്ടാകുക എന്ന് റെയിൽവേ അധികൃതർ അറിയിച്ചു.