തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കില്ലെന്ന് ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി മറുപടി നല്‍കി.നികുതികള്‍ കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
ഇന്ധന സെസില്‍ ഒരു രൂപ കുറയ്ക്കുമെന്ന് പത്രങ്ങള്‍ പറഞ്ഞതു കേട്ട് പ്രതിപക്ഷം സമരത്തിനിറങ്ങി. അതുകൊണ്ട് ബജറ്റിലെ നല്ല കാര്യങ്ങള്‍ അവര്‍ കണ്ടില്ല. കേരളം കട്ടപ്പുറത്താകുമെന്നു പറഞ്ഞവരുടെ സ്വപ്നം കട്ടപ്പുറത്താകുമെന്നും ധനമന്ത്രി പരിഹസിച്ചു.
നികുതി വര്‍ധനയില്ലാതെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ല. അധിക വിഭവ സമാഹരണത്തില്‍ മാറ്റമില്ല. സമരം കിടന്ന് നികുതി കുറപ്പിച്ചെന്നു വരുത്താന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കലല്ല ചെലവ് ചുരുക്കല്‍. പദ്ധതികളില്‍ പ്രായോഗികവും ശാസ്ത്രീയവുമായ രീതികള്‍ കൊണ്ടുവന്നാണ് ചെലവ് ചുരുക്കുന്നതെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
മദ്യത്തിന് കഴിഞ്ഞ രണ്ടു വര്‍ഷമായി നികുതി വര്‍ധിപ്പിച്ചിട്ടില്ല. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിനേ വില വര്‍ധിപ്പിച്ചിട്ടുള്ളൂ. വില്‍ക്കുന്നത മദ്യത്തിന്റെ നല്ലൊരു ഭാഗവും 500 രൂപയ്ക്ക് താഴെയാണ്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യം വില്‍ക്കുന്നത് എട്ട് ശതമാനം മാത്രമേയുള്ളൂ’ ധനമന്ത്രി പറഞ്ഞു.
പിണറായി സര്‍ക്കാരിന് അഹങ്കാരമല്ല, ജനഹിത കാര്യങ്ങള്‍ ചെയ്യാനുള്ള താല്‍പര്യമാണുള്ളത്. കാടു കാണാതെ മരം മാത്രം കാണുകയാണ് വിമര്‍ശകര്‍. കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ല. സബ്‌സിഡികള്‍ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. പൊതുമേഖല വിറ്റുതുലയ്ക്കുന്ന നിലപാടാണ് അവരുടേതെന്നും ധനമന്ത്രി പറഞ്ഞു.