കണ്ണൂര്‍ : ‘നാങ്കളെ കൊത്തിയാലും നീങ്കളെ കൊത്തിയാലും ഒന്നല്ലോ ചോര’. ഉത്തരമലബാറിലെ കാവ് സംസ്കാരത്തിന്റെ അനുഷ്ടാനകലയായ പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തില്‍ ഇങ്ങനെ പറയുന്നു. സര്‍വജ്ഞപീഠം കയറിയ ശങ്കരാചാര്യരുടെ വഴി തടയാന്‍ ശിവന്‍ പുലയ വേഷത്തില്‍ വരികയും സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. സംവാദത്തില്‍ ശങ്കരാചാര്യര്‍ തോല്‍ക്കുകയും പൊട്ടന്റെ കാല്‍ക്കല്‍ വീണു എന്നാണ് ഇതിനുപിന്നിലെ ഐതീഹ്യം. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ കഴിയുന്ന പാപ്പിനിശ്ശേരിയിലെ തുരുത്തി കോട്ടത്തിലെ പ്രധാന തെയ്യമാണ് പൊട്ടന്‍. ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതോട കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത് പൊട്ടന്‍ അടക്കമുള്ള അനേകം തെയ്യക്കോലങ്ങള്‍ കൂടിയാണ്. അതിനാല്‍ തന്നെ തുരുത്തിയിലെ ജനങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് സമരം ചെയ്യാന്‍ ഇറങ്ങിയിരിക്കുകയാണ് തെയ്യം കലാകാരന്മാരും.
” കണ്ണൂരിലെയും കാസര്‍ഗോഡേയും ഒരുവിധപ്പെട്ട തെയ്യം കലാകാരന്മാരെല്ലാം ഒരിക്കലെങ്കിലും തുരുത്തിയില്‍ തെയ്യം കെട്ടിയവരാകും. ദേശീയപാതാ വികസനം എന്ന പേരില്‍ തുരുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതോടെ ഇല്ലാതാകുന്നത് ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട തെയ്യകോട്ടങ്ങളില്‍ ഒന്ന് കൂടിയാണ്.” ഉത്തരമാലബാര്‍ പുലയര്‍ അനുഷ്ടാന കലാകേന്ദ്രം പ്രസിഡന്റ് കെ ഹരീഷ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.
പുലയ സമുദായത്തില്‍ പെട്ട എണ്‍പതോളം തെയ്യം കലാകാരന്മാരാണ് ബുധനാഴ്ച തുരുത്തിയില്‍ നടന്ന തെയ്യം കലാകാരന്മാരുടെ മനുഷ്യചങ്ങലയുടെ ഭാഗമായത്. തുരുത്തി കോട്ടത്തില്‍ തെയ്യക്കോലം കെട്ടിയവരാണ് ഇതില്‍ ഭൂരിപക്ഷവും. കുറഞ്ഞത് നാനൂറ് വര്‍ഷമെങ്കിലും പഴക്കമുള്ളതായ പുതിയില്‍ ഭഗവതി, ധര്‍മ ദൈവം, അതിനോടനുബന്ധിച്ച നാഗത്തറ എന്നീ മൂര്‍ത്തികളാണ് തുരുത്തിയിലുള്ളത്. പൊട്ടന്‍, ഭഗവതി, ധര്‍മദൈവം, ഗുളികന്‍, വിഷ്ണുമൂര്‍ത്തി, കുറത്തി എന്നീ തെയ്യങ്ങളാണ് ഇവിടെ കെട്ടിയാടുന്നത്.

അമ്പലവും പള്ളിയും ഉള്ളിടങ്ങളില്‍ പുറത്തോട്ട് വളയുന്ന റോഡുകള്‍ ആണ് ദലിത് കോളനിയും അവന്റെ ആരാധനാകേന്ദ്രവും എത്തുമ്പോള്‍ അകത്തോട്ട് വളയുന്നത് എന്നാണ് എന്‍എച്ച് ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ നിശില്‍ കുമാര്‍ ആരോപിച്ചത്.
അതേസമയം, കാവുകള്‍ പുനപ്രതിഷ്ഠിക്കുന്നത് ആചാരപരമായി തെറ്റല്ല എന്നാണ് ഫോക്ലോറിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. ” കഴിഞ്ഞ നാല്‍പത് വര്‍ഷത്തോളമായി തുരുത്തിയില്‍ തെയ്യം കാണുന്ന ആളാണ് ഞാന്‍. തെയ്യം ആചാരത്തില്‍ പ്രാധാന്യമുള്ള ഇടമാണ് തുരുത്തി എന്ന് അവകാശപ്പെടുമ്പോഴും അത് വികസനത്തിന് തടസമാകരുത്. ഇപ്പോള്‍ നിലനില്‍ക്കുന്നതായ കാവുകള്‍ മിക്കതും പല കാലങ്ങളിലായി മാറ്റി പ്രതിഷ്ടിച്ചവ തന്നെയാണ്. നല്ലൊരു സ്ഥലവും സൗകര്യവും കിട്ടുകയാണ് എങ്കില്‍ ആര്‍ക്കും തന്നെ അതില്‍ പരാതിയും ഉണ്ടാകില്ല.” പ്രദേശവാസിയും ഫോക്ലോര്‍ ഫെലോസ് ഓഫ് മലബാര്‍ ട്രസ്റ്റ് സെക്രട്ടറിയുമായ എവി അജയകുമാര്‍ പറഞ്ഞു.
തെയ്യം എന്നത് ഒരേസമയം തങ്ങളുടെ വിശ്വാസവും ജീവിതമാര്‍ഗവുമാണ് എന്നാണ് കെ ഹരീഷിനെ പോലെയുള്ള തെയ്യം കലാകാരന്മാര്‍ ഓര്‍മിപ്പിക്കുന്നത്. ” എണ്‍പത് വയസ്സുള്ള കാണിചേരിയന്‍ മുണ്ടന്‍, എഴുപത് കഴിഞ്ഞ ഗോവിന്ദന്‍ ഗുരുക്കള്‍, മിന്നാടന്‍ നാരായണ ഗുരുക്കള്‍, പവിത്രന്‍ ഗുരുക്കള്‍, ലക്ഷ്മണന്‍ ഗുരുക്കള്‍ തുടങ്ങി പ്രഗത്ഭരായ ഒട്ടേറെ തെയ്യം കലാകാരന്മാരാണ് തുരുത്തിയില്‍ നടന്ന മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കുന്നത്.” പ്രതിഷേധം തുടങ്ങിയിട്ടേ ഉള്ളൂ എന്ന് പറയുന്ന ഹരീഷ് ആവശ്യം വന്നാല്‍ തെയ്യകോലം കെട്ടിയും പ്രതിഷേധിക്കും എന്നും പറയുന്നു.

ഫൊട്ടോ രൂപേഷ് കുമാര്‍
വളപട്ടണം പുഴയോട് ചേര്‍ന്ന തുരുത്തി സെറ്റില്‍മെന്റ് കോളനിയിലെ ജനങ്ങള്‍ നടത്തുന്ന സമരം ഇരുപത്തിയെട്ട് ദിവസം പിന്നിട്ടിരിക്കുന്നു. ദേശീയപാതാ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതോടെ തുരുത്തിയിലെ ഇരുപത്തിയൊമ്പതോളം വരുന്ന കുടുംബങ്ങളാണ് കുടിയൊഴിയേണ്ടിവരിക. പ്രദേശത്തിന്റെ പാരിസ്ഥിതികമായ സവിശേഷതകളെ കൂടി ഇല്ലാതാക്കുന്നതാണ് ദേശീയപാതാ വികസനം എന്ന് പറയുന്ന പ്രതിഷേധക്കാര്‍, സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ജനതയെ തെരുവിലിറക്കുന്ന ‘തുരുത്തി മോഡല്‍’ വികസനത്തിലെ വംശീയത ആണെന്നും ആരോപിക്കുന്നു.
Read More : ദലിതരെ വഴിയാധാരമാക്കുന്ന റോഡ് വികസനത്തിന്റെ ‘തുരുത്തി മാതൃക’