scorecardresearch
Latest News

ആശങ്കയുടെ കാർമേഘങ്ങളും ദുരിതങ്ങളുടെ കടലാഴങ്ങളുമായി ചെല്ലാനം

കടൽത്തിരമാലകളുടെ ശബ്ദം കേട്ട് ഉറക്കമുണർന്ന റീത്ത ഭയന്നതുപോലെ സംഭവിച്ചു. തിരമാലകൾ റീത്തയുടെ വീടിനകത്തേക്ക് എത്തിയിരുന്നു

chellanam

ചെല്ലാനം: ഞായറാഴ്ച രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നെങ്കിലും 53 കാരിയായ റീത്ത അറക്കലിന് ഉറക്കം വന്നില്ല. തിരിഞ്ഞു മറിഞ്ഞും കിടന്ന് കുറേ നേരം കഴിഞ്ഞപ്പോൾ കണ്ണുകൾ ഉറക്കത്തിലേക്ക് വഴുതി വീണു. രാത്രിയിൽ മഴയുടെ ശബ്ദം കേട്ട് റീത്ത ഉണർന്നു. കടൽത്തിരമാലകളുടെ ഒച്ചകൾ റീത്തയുടെ ചെവികളിലേക്കെത്തി. അറബിക്കടലിൽനിന്നും 100 മീറ്റർ അകലെയാണ് റീത്തയുടെ വീടുളളത്. മഴ ശക്തമായതോടെ കടൽവെളളം പതുക്കെ പതുക്കെ കരയിലേക്ക് കയറാൻ തുടങ്ങി. കടൽത്തിരമാലകളുടെ ശബ്ദം കേട്ട് ഉറക്കമുണർന്ന റീത്ത ഭയന്നതുപോലെ സംഭവിച്ചു. തിരമാലകൾ റീത്തയുടെ വീടിനകത്തേക്ക് എത്തിയിരുന്നു. ഒരു വർഷത്തിനുളളിൽ രണ്ടാം തവണയാണ് റീത്തയുടെ വീട്ടിലേയ്ക്ക്  കടൽവെളളം കയറുന്നത്.

കൊച്ചിയിൽനിന്നും 20 കിലോമീറ്റർ അകലെയുളള ചെല്ലാനം ഗ്രാമം കടലും കായലും ചുറ്റപ്പെട്ടതാണ്. കടൽക്ഷോഭം മൂലം ചെല്ലാനത്ത് ദുരിതം അനുഭവിക്കുന്നത് റീത്തയുടെ കുടുംബം മാത്രമല്ല. കഴിഞ്ഞ ഏതാനും ദിവസമായി പെയ്യുന്ന ശക്തമായ മഴ മൂലം നൂറോളം  കുടുംബങ്ങളാണ് ദുരിതത്തിലായത്. 1500 ഓളം പേർ ദുരിതാശ്വാസ ക്യാംപിലേയ്ക്ക് മാറിയിട്ടുണ്ട്. എല്ലാ മൺസൂണിലും ചെല്ലാനത്തെ ജനങ്ങളുടെ അവസ്ഥ ഇതാണ്.

കടൽക്ഷോഭം ഉണ്ടാവുന്നതോടെ തീരദേശവാസികൾ സമീപത്തെ ദുരിതാശ്വാസ ക്യാംപായ സെന്റ് മേരീസ് ഹൈസ്കൂളിലേക്ക് പോകും. എല്ലാ തവണയും ഇതാണ് അവസ്ഥ. ഇതിൽ ഒരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല, 52 കാരനായ മൽസ്യത്തൊഴിലാളി അഗസ്റ്റിൻ പറഞ്ഞു.

ചെല്ലാനത്ത് കടൽ ഭിത്തി വേണമെന്നത് വർഷങ്ങളായി തീരദേശവാസികൾ ഉന്നയിക്കുന്ന ആവശ്യമാണ്. കഴിഞ്ഞ വർഷം ഓഖി ചുഴലിക്കാറ്റിൽ നിരവധി വീടുകൾ കടലെടുത്തപ്പോഴും ഇവിടുത്തെ ജനങ്ങൾ കടൽഭിത്തി നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ആഴ്ചകളോളം നിരാഹാര സമരം നടത്തി. ഒടുവിൽ വിഷയത്തിൽ സർക്കാർ ഇടപെട്ടതോടെ ജില്ലാ ഭരണകൂടം കടൽഭിത്തി നിർമ്മിക്കുന്നതിനും ജിയോട്യൂബ്സ് കടൽത്തീരത്ത് നിരത്തുന്നതിനും (പോളിമെറിക് ബാഗുകളിൽ മണൽ നിറയ്ക്കുന്നത്) വേണ്ട നടപടികൾ സ്വീകരിക്കാൻ അനുമതി നൽകി. എന്നാൽ ആറു മാസം കഴിഞ്ഞിട്ടും കടൽഭിത്തി നിർമ്മാണം ചെല്ലാനത്ത് നടന്നിട്ടില്ല.

”മൺസൂൺ കഴിയുന്നതുവരെ താൽക്കാലികമെന്നോണം ഗുജറാത്തിൽനിന്നും കൊണ്ടുവന്ന ജിയോട്യൂബുകൾ കടൽത്തീരത്ത് നിരത്തിയിട്ട് ഒരു മാസമായി. നാലു മാസമെങ്കിലും അവ തീരത്ത് കിടക്കുമെന്നാണ് കരുതിയത്. പക്ഷേ ശക്തമായ കടൽക്ഷോഭത്തിൽ അവ ഒഴുകിപ്പോയി. ഇത്രയും ശക്തമായ കടൽക്ഷോഭം ഉണ്ടാവുമെന്ന് ഞങ്ങൾക്ക് പ്രവചിക്കാനാവില്ല”, എറണാകുളം ഡപ്യൂട്ടി കലക്ടർ ഷീലാദേവി പറഞ്ഞു. കടൽഭിത്തി നിർമ്മാണം വലിയ പ്രോജക്ടാണ്. അതിന് വലിയ പാറക്കല്ലുകൾ വേണം. പക്ഷേ ക്വാറികളിൽ ഇതിനു വേണ്ടത്ര പാറക്കല്ലുകൾ കിട്ടുന്നില്ലെന്നും അവർ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് റീത്തയുടെ വീട്ടിലെത്തിയ ഇന്ത്യൻ എക്‌സ്‌പ്രസ് ഡോട് കോം പ്രതിനിധിക്ക് കാണാൻ കഴിഞ്ഞത് വീടിനു മുറ്റത്ത് മുട്ടറ്റം വെളളത്തിൽ നിൽക്കുന്ന റീത്തയെയാണ്. 100 മീറ്റർ അകലെയായി 15 അടി പൊക്കത്തിൽ തിരമാലകൾ ഉയർന്നു പൊങ്ങുന്നുണ്ട്, കാറ്റിൽ തെങ്ങുകൾ ആടിയുലയുന്നുണ്ട്, പ്രാദേശിക അധികൃതർ തീരത്ത് നിക്ഷേപിച്ച മണൽചാക്കുകളുടെ അവശിഷ്ടങ്ങൾ അവിടെ കാണാം. തിരമാലകൾ ഇപ്പോഴും കരയിലേക്ക് എത്തുന്നുണ്ട്. റീത്തയുടെ വീടിനകത്തെ മുഴുവൻ സാധനങ്ങളും വീടിന് മുറ്റത്ത് കിടക്കുന്നത് കാണാം.

റീത്ത വീടിനു മുന്നിൽ. ചിത്രം: വിഷ്ണു വർമ്മ

‘എന്തൊരു അവസ്ഥയാണിത്’, മുറ്റത്ത് മുട്ടറ്റം വെളളത്തിൽനിന്നുകൊണ്ട് റീത്ത പറഞ്ഞു. വീടിനകത്ത് 85 വയസ്സുളള റീത്തയുടെ അമ്മ കട്ടിലിൽ കിടക്കുന്നുണ്ട്. കട്ടിലിന് ചുറ്റും വെളളമാണ്. വേദനയിൽ വീടിനകത്തുനിന്നും റീത്തയുടെ അമ്മയുടെ  മകനെ വിളിച്ചുളള തേങ്ങൽ ഉയർന്നു കേട്ടു.

”എങ്ങനെയാണ് അവരെ ഇവിടെ ഒറ്റയ്ക്ക് ആക്കി ഞങ്ങൾക്ക് പോകാൻ കഴിയുക. മകനും മരുമകളും പേരക്കുട്ടിയും ദുരിതാശ്വാസ ക്യാംപിലേക്ക് പോയി. കഴിഞ്ഞ തവണ ഓഖി ഉണ്ടായപ്പോൾ എങ്ങനെയോ ആണ് അമ്മയെയും കൊണ്ട് ഇവിടെനിന്നും പോയത്. പക്ഷേ ഇത്തവണ കടൽക്ഷോഭം വളരെ ശക്തമാണ്”, റീത്ത പറഞ്ഞു.

”രാവിലെ മുതൽ തണുപ്പ് മൂലം ഞങ്ങൾ വിറയ്ക്കുകയാണ്. ഭക്ഷണം പാചകം ചെയ്യാൻ പോലും കഴിയുന്നില്ല. പാചകം ചെയ്താൽ പോലും അത് ഞങ്ങളുടെ തൊണ്ടയിൽനിന്നും ഇറങ്ങുമോ?” തന്റെ നിസ്സഹായത വ്യക്തമാക്കി കൊണ്ട് റീത്ത ചോദിച്ചു.

ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ നൂറു കണക്കിന് ജനങ്ങളാണുളളത്. കൂടുതലും സ്ത്രീകളാണ്. സ്കൂളിന്റെ ഒരു ഭാഗം അടുക്കളയാക്കി മാറ്റിയിട്ടുണ്ട്. അവിടെ ക്യാംപിലുളളവർക്ക് ഭക്ഷണം തയ്യാറാക്കുകയാണ്. സ്ത്രീകളാണ് ഭക്ഷണം പാചകം ചെയ്യുന്നതിന് നേതൃത്വം നൽകുന്നത്. ക്യാംപിലുളളവർക്ക് അരിയും പച്ചക്കറികളും വെളളവും അധികൃതർ നൽകുന്നുണ്ട്.

ദുരിതാശ്വാസ ക്യാംപിൽ സ്ത്രീകൾ. ചിത്രം: വിഷ്ണു വർമ്മ

കടൽവെളളം ഇറങ്ങുന്നതുവരെയും കടൽ ശാന്തമാകുന്നതു വരെയും ദുരിതാശ്വാസ ക്യാംപിൽ കഴിയാനാണ് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഡി.പ്രസാദ് പറഞ്ഞു. ”അടുത്ത രണ്ടു ദിവസം കൂടി മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുളളത്. കടൽ പ്രക്ഷുബ്ധമായതിനാൽ കടലിൽ പോകരുതെന്ന് മൽസ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്”, അദ്ദേഹം പറഞ്ഞു.

”ഒരു ദിവസം മൂന്നു നേരം ഭക്ഷണം കിട്ടുന്നുണ്ട്. അത് ഞങ്ങൾക്ക് മതിയാവും. പക്ഷേ ഞങ്ങൾക്കിവിടെ ദീർഘനാൾ കഴിയാനാവില്ല. ഞങ്ങളെ ഇവിടെനിന്നും പോകാൻ അനുവദിക്കുന്ന ആ നിമിഷം ഞങ്ങൾ പോകും. ഞങ്ങളെയെല്ലാം രക്ഷിക്കണെന്നാണ് ദൈവത്തോട് പ്രാർത്ഥിക്കുന്നത്”, സ്കൂൾ വരാന്തയിലെ ബെഞ്ചിലിരുന്നുകൊണ്ട് 64 കാരിയായ സുഭദ്ര പറയുന്നു.

സുഭദ്രയ്ക്ക് അടുത്തായി കൂട്ടുകാരി സരസു (60) ഇരിപ്പുണ്ട്. വെളളത്തിൽ മുങ്ങിയ വീട്ടിൽ ഒരു കണ്ണിന് കാഴ്ചയില്ലാത്ത  ഭർത്താവിനും അടുത്തിടെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ മകൾക്കൊപ്പവും ഇവിടെ എങ്ങനെ താമസിക്കുമെന്ന ചിന്തയും സരസുവിന്റെ മനസ്സിലുണ്ട്.

”മകൾ  വീട് വിട്ട്  വരുന്നില്ലെന്നാണ് പറയുന്നത്. ഇപ്പോൾ തന്നെ ബ്ലാങ്കറ്റും പുതച്ച് വിറങ്ങലിച്ച് അവൾ കട്ടിലിൽ കിടക്കുകയാണ്. ഞങ്ങൾക്കെന്താണ് ചെയ്യാനാവുക? എങ്ങനെയാണ് ഇനി ജീവിക്കുകയെന്ന് സത്യത്തിൽ ഞങ്ങൾക്കറിയില്ല”, അവർ പറഞ്ഞു. മഴയ്ക്ക് മുന്നോടിയായി അപ്രതീക്ഷിതമായി ഉണ്ടായ ഇടിമുഴക്കത്തിൽ അവരുടെ ശബ്ദം മുറിഞ്ഞുപോയി.

കറുത്ത് മൂടിക്കെട്ടിയ ആകാശം സ്കൂളിനെ ഇരുട്ടിലാക്കുകയായിരുന്നു. സരസുവിന്റെ കണ്ണുകളിൽ ആശങ്ക ഉയർന്നു. ”ഈ വരുന്ന മഴയ്ക്ക് എന്റെ പെര മുങ്ങുമോ”, സരസു നെടുവീർപ്പെട്ടു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: In this coastal village in kerala sea is both the benefactor and the