കണ്ണൂർ: മുഴപ്പിലങ്ങാടി നിവാസികൾക്ക് മുഹമ്മദ് ഷാഫി എന്ന ഷാഫി ചെറുമാവിലായി കെട്ടിട നിർമ്മാണ തൊഴിലാളി മാത്രമാണ്. കെട്ടിട നിർമ്മാണത്തിനാവശ്യമായ ഇഷ്ടികയും സിമന്റും എത്തിച്ചു കൊടുക്കുന്ന ആൾ. എന്നാൽ അക്ഷരങ്ങളുടെ ലോകത്ത് മിന്നും താരമാണ് മുഹമ്മദ് ഷാഫി. സ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ള മുഹമ്മദ് ഷാഫി നിരവധി തമിഴ് നോവലുകളാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തിരിക്കുന്നത്.

നിരവധി പ്രസാദകർ വിവർത്തനത്തിനായി മുഹമ്മദ് ഷാഫിയുടെ വാതിലിൽ മുട്ടാറുണ്ട്. 11 നോവലുകൾ, നാലു ചെറുകഥകൾ, ഉപന്യാസങ്ങൾ എന്നിവ ഷാഫി കഴിഞ്ഞ 10 വർഷത്തിനിടയ്ക്ക് തമിഴിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ ചെറുമാവിലായി എന്ന ഗ്രാമത്തിലാണ് ഷാഫി ജനിച്ചത്. ഷാഫിയുടെ പിതാവ് മൊയ്‌തീൻകുട്ടി മീൻ കച്ചവടക്കാരനായിരുന്നു. സ്‌കൂൾ കാലഘട്ടം മുതൽ പുസ്‌തകങ്ങളുമായി കൂട്ടു കൂടിയ ഷാഫി ബാലസാഹിത്യ രചനയിൽ ഏർപ്പെട്ടിരുന്നു. എന്നാൽ പത്താം ക്ലാസ് പരീക്ഷിൽ പരാജയപ്പെട്ടതോടെ ജീവിതം ഷാഫിയുടെ മുന്നിൽ ചോദ്യ ചിഹ്നമായി നിന്നു. 16-ാം വയസ്സിൽ പുണെയിലേക്ക് ട്രെയിൻ കയറിയ ഷാഫി രണ്ടു കൊല്ലത്തോളം ഒരു കടയിൽ ജോലി ചെയ്‍തു. പിന്നീട് വീട്ടിലേക്ക് തിരിച്ചു വന്ന ഷാഫി ബെംഗളൂരുവിൽ ബന്ധുവിന്റെ ചായ കടയിൽ ജോലി ചെയ്തു. ഇതിനിടെയാണ് കടയിൽ വന്നിരുന്ന തമിഴ്‌നാട്ടുകാരിൽ നിന്ന് തമിഴ് വശത്താക്കിയത്.

കൂടെ ജോലി ചെയ്‌തിരുന്ന തൊഴിലാളികൾ വാങ്ങിയിരുന്ന തമിഴ് സിനിമാ മാസികകൾ വായിച്ചാണ് തമിഴ് സാഹിത്യം വായിക്കാനുള്ള അക്ഷര ജ്ഞാനം നേടിയത്. 1985 റഷ്യൻ കഥയുടെ തമിഴ് പതിപ്പ് മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തത് ജനയുഗത്തിൽ അച്ചടിച്ചു വന്നതാണ് ഷാഫിക്ക് ആത്മവിശ്വാസമേകിയത്.

ബെംഗളൂരുവിൽ നിന്ന് പിന്നീട് ഗൾഫിലേക്ക് പറന്ന് അവിടെ കെട്ടിട നിർമ്മാണ ജോലിയിൽ മൂന്ന് വർഷം പ്രവർത്തിച്ച ശേഷം വീണ്ടും ബെംഗളൂരുവിലെ തുണികടയിൽ ജോലി ചെയ്‌തു. ബെംഗളൂരുവിൽ ചിലവിട്ട പത്ത് കൊല്ലമാണ് ഷാഫിയുടെ തമിഴ് പഠനത്തിന് മുതൽക്കൂട്ടായത്.

തമിഴ് എഴുത്തുകാരൻ തോപ്പിൽ മുഹമ്മദ് മീരാന്റെ കഥകളെ കുറിച്ച് 2008ൽ വായിച്ചതാണ് മുഹമ്മദ് ഷാഫിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ”മീരാന്റെ കഥകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തോട്ടെ എന്നാവശ്യപ്പെട്ട് മീരാന് കത്തെഴുതി. അദ്ദേഹത്തിന്റെ ‘അനന്ദശയനം കോളനി’ എന്ന കഥാസമാഹാരം വിവർത്തനം ചെയ്യാൻ എന്നെ അനുവദിച്ചു. ഇതിന് ശേഷമാണ് നിരവധി പ്രസാദകരും എഴുത്തുകാരും വിവർത്തനം ചെയ്യാൻ എന്നെ സമീപിച്ചത്,” ഷാഫി പറഞ്ഞു.

ഇതിന് ശേഷം 2011ൽ കേന്ദ്ര സാഹിത്യ അക്കാദമി തമിഴ്‌നാട്ടിലെ തിരുച്ചിറപള്ളിയിൽ നടന്ന വിവർത്തന പരിശീലന പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ സംഘാടകരിൽ ഒരാൾ അദ്ദേഹത്തിന്റെ കഥകൾ വിവർത്തനം ചെയ്യാൻ ആവശ്യപ്പെട്ടു. കൂടാതെ എസ്.എ.കന്തസാമിയുടെ വിസാരണൈ കമ്മീഷൻ വിവർത്തനം ചെയ്യാൻ അവസരവും ലഭിച്ചു.

കഴിഞ്ഞ വർഷം പെരുമാൾ മുരുകന്റെ ‘അർത്ഥനാരി’ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു, ചിന്താ പബ്ലിക്കേഷൻസാണ് പ്രസാദകർ. ഇപ്പോൾ എം.വി.വെങ്കിട്ടരാമന്റെ കത്തുകളാണ് വിവർത്തനം ചെയ്തിരിക്കുന്നത്.

ഒരു നോവൽ വിവർത്തനം ചെയ്യാൻ നാലു മാസത്തോളം എടുക്കും. രാവിലെ പണിക്ക് പോയാൽ വൈകിട്ട് മൂന്ന് മണിക്കാണ് തിരിച്ചെത്തുന്നത്. വീട്ടിൽ ഷാഫിക്ക് എഴുതാനായി പ്രത്യേകം മേശയൊന്നും ഇല്ല. തീൻമേശയിലിരുന്നാണ് ഷാഫി എഴുതുന്നത്. രാത്രി ഏഴു മണിക്ക് എഴുത്താരംഭിച്ച് രണ്ടു മണിക്ക് ശേഷം ഉറങ്ങാൻ കിടക്കും. ഇതാണ് ഷാഫിയുടെ പതിവ്.

വിവർത്തനം ഒരു വരുമാന മാർഗ്ഗായി ഷാഫി കാണുന്നില്ല. ചില പ്രസാദകർ പേജൊന്നിന് പത്ത് രൂപ വീതം നൽകും. ഈ വരുമാനം കൊണ്ട് ഭാര്യയും, മരുമകളും, മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം പോറ്റാനാകില്ല. അതിനാലാണ് 750 രൂപ കൂലിക്ക് കെട്ടിട നിർമ്മാണ ജോലിക്ക് പോകുന്നതെന്ന് ഷാഫി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.