രാജസ്ഥാനിലെ ചിറ്റോർഗഡിലുള്ള സൈനിക് സ്‌കൂളിൽ നിന്ന് 12-ാം ക്ലാസ് ജയിച്ച് അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം, വടക്കൻ കേരളത്തിലെ ചമ്പാട് ഗ്രാമത്തിലെ തന്റെ പ്രിയപ്പെട്ട ഗണിത അധ്യാപികയെ വീണ്ടും കാണാനെത്തുകയാണ് ഒരു വിദ്യാർത്ഥി. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ കിത്തന ഗ്രാമത്തിൽ നിന്നുള്ള അന്നത്തെ വിദ്യാർത്ഥിയും ഇന്ന് ഇന്ത്യയുടെ ഉപരാഷ്ട്രപതിയുമായ ജഗ്‌ദീപ് ധൻഖറാണ് 83-കാരിയായ രത്‌ന നായരെ കാണാൻ വരുന്നത്.
ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം, ഇനി എപ്പോൾ കേരളത്തിൽ വന്നാലും അധ്യാപികയുടെ വസതിയിൽ വരുമെന്ന് ധൻഖർ വാക്ക് നൽകിയിരുന്നു. ”സത്യപ്രതിജ്ഞാ ചടങ്ങിൽ (കഴിഞ്ഞ വർഷം ഓഗസ്റ്റ് 11 ന്) പങ്കെടുക്കാൻ എന്നെ ക്ഷണിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളാൽ എനിക്ക് ഡൽഹിക്ക് പോകാൻ കഴിഞ്ഞില്ല. ധൻഖറിന്റെ സ്‌കൂൾ അധ്യാപകരിൽ രണ്ട് പേർ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിപ്പുള്ളത്,” അവർ പറഞ്ഞു.
”അന്നേ ദിവസം വൈകീട്ട് ചടങ്ങിന് എത്താൻ കഴിയാതിരുന്നത് ആരോഗ്യ പ്രശ്നങ്ങൾ കാരണമാണെന്നും എന്റെ അഭിനന്ദനങ്ങളും വിളിച്ച് അറിയിച്ചു. അതൊന്നും കുഴപ്പമില്ലെന്നും അടുത്ത കേരള സന്ദർശനത്തിൽ തന്നെ വന്ന് ഉറപ്പായും കാണുമെന്നും ജഗ്‌ദീപ് എന്നോട് പറഞ്ഞു. ഇന്ത്യയുടെ ഉപരാഷ്ട്രപതിക്ക് ഞാൻ അഭിനന്ദനങ്ങൾ അറിയിച്ചു. ജഗ്‌ദീപ് എന്ന് വിളിച്ചതിൽ ഒന്നും തോന്നരുതെന്നും പറഞ്ഞു. മാഡം നിങ്ങൾക്ക് ഞാൻ ജഗ്‌ദീപാണ്, ഇന്ത്യയുടെ ഉപരാഷ്ട്രപതിയല്ലെന്ന് എന്നോട് തിരികെ പറഞ്ഞു. നിങ്ങൾ എന്റെ അധ്യാപികയാണ്. എന്നെ പേരെടുത്ത് വിളിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. എന്റെ കടമയും എന്റെ അവകാശവും തമ്മിൽ വേർതിരിച്ചറിയണമെന്ന് ഞാൻ അവനോട് പറഞ്ഞു. ഒരു രാജ്യത്തെ പൗരനെന്ന നിലയിൽ, കടമയ്ക്കാണ് ഒന്നാം സ്ഥാനം നൽകേണ്ടത്,” അവർ ഓർമിച്ചു.
ധൻഖറിന് ഒരു സമ്മാനം നൽകാനും അവനുവേണ്ടി ഭക്ഷണം പാകം ചെയ്യാനും താൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ എല്ലാം പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കണമെന്ന് മനസിലാക്കുന്നുവെന്നും അവർ പറഞ്ഞു. 1962 ലാണ് ആറാം ക്ലാസിൽ ധൻഖർ സ്കൂളിൽ ചേർന്നത്. അതു കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് നായർ സ്കൂളിൽ അധ്യാപികയായി എത്തിയത്. 1968 ലാണ് ധൻഖർ 12-ാം ക്ലാസ് പാസായത്. ഭൂരിഭാഗം വിദ്യാർത്ഥികളും സൈനിക സേവനങ്ങൾ തിരഞ്ഞെടുത്തപ്പോൾ, ധൻഖർ അഭിഭാഷക രംഗത്തേക്ക് പോയി, സൈനിക് സ്‌കൂളുകളിലെ വിദ്യാർത്ഥികളിൽ കുറച്ചു പേർ മാത്രമേ ഈ മേഖല തിരഞ്ഞെടുക്കാറുള്ളൂ.
കഴിഞ്ഞ 55 വർഷമായി ഇരുവരും നേരിൽ കണ്ടിട്ടില്ല. എന്നിരുന്നാലും നായർ തന്റെ വിദ്യാർത്ഥി അഭിഭാഷകൻ, നിയമസഭാംഗം, ലോക്‌സഭാംഗം, കേന്ദ്രമന്ത്രി വരെയാകുന്നത് ദൂരെനിന്ന് കണ്ടു. 2019ൽ ധൻഖർ പശ്ചിമ ബംഗാൾ ഗവർണറായപ്പോഴാണ് ഇരുവരും തമ്മിൽ വീണ്ടും അടുത്ത് ഇടപെടാനായത്.
ധൻഖർ ഗവർണർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി മനസ്സിലാക്കിയ നായർ, തന്റെ ഗ്രാമത്തിലെ വീട്ടിൽ നിന്ന് കൊൽക്കത്തയിലെ രാജ്ഭവനിലേക്ക് വിളിച്ച് സ്വയം പരിചയപ്പെടുത്തി. 10 മിനിറ്റുകൾക്കുശേഷം തിരികെ കോൾ എത്തുകയും ധൻഖറുമായി സംസാരിക്കുകയും ചെയ്തു. കേരളത്തിൽനിന്നും ഒരു സ്ത്രീ വിളിച്ചുവെന്ന് പറഞ്ഞപ്പോൾ അത് രത്ന നായർ ആയിരിക്കുമെന്ന് ധൻഖറിന് ഉറപ്പുണ്ടായിരുന്നു. തന്റെ പേഴ്സണൽ മൊബൈൽ നമ്പർ ധൻഖർ നൽകിയതും അവർ ഓർത്തെടുത്തു.
”ഒരു റസിഡൻഷ്യൽ സ്കൂളിൽ, ഒരു വർഷത്തിൽ ഏകദേശം ഒമ്പത് മാസം കുട്ടികൾ ഞങ്ങളോടൊപ്പമുണ്ട്. അവരെ വളർത്തിയെടുക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾ അധ്യാപകർക്ക് മാത്രമാണ്. അവർ ഇന്നത്തെ നിലയിലെത്താൻ കാരണം അവരുടെ അധ്യാപകരെന്നാണ് ജഗ്‌ദീപിനെപ്പോലുള്ള വിദ്യാർത്ഥികൾ വിശ്വസിക്കുന്നത്. തന്റെ സ്കൂളാണ് തന്നെ വളർത്തിയതെന്ന വികാരമാണ് ജഗ്‌ദീപിനുള്ളത്,” അവർ പറഞ്ഞു.
”പഠിക്കാൻ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. നല്ല അച്ചടക്കവും ചർച്ചകളിൽ പതിവായി വിജയിക്കുന്ന കുട്ടിയായിരുന്നു. അവന്റെ ജ്യേഷ്ഠനെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. അവന്റെ അച്ഛൻ എല്ലാ മാസവും സ്‌കൂളിൽ വന്ന് മക്കളെങ്ങനെയാണെന്ന് ചോദിക്കാറുണ്ടായിരുന്നു,” ജഗദീപിന്റെ സ്കൂൾ ദിനങ്ങളെക്കുറിച്ച് രത്ന നായർ ഓർത്തെടുത്തു.
ബിരുദാനന്തര ബിരുദധാരിയായ നായർ 30 വർഷം ചിറ്റാർഗഡ് സ്‌കൂളിൽ പഠിപ്പിച്ചു, പിന്നീട് എട്ട് വർഷം കൊച്ചിയിലെ നവോദയ സ്‌കൂളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. 2002-ൽ കണ്ണൂരിലെ നവോദയ സ്കൂളിൽ നിന്ന് വിരമിച്ചു, അവിടെ മൂന്ന് വർഷം പ്രിൻസിപ്പലായി ജോലി ചെയ്തു. പ്രതിരോധ സേനയിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ തന്റെ വിദ്യാർത്ഥികളാണെന്ന് നായർ പറയുന്നു.