Latest News

ഇനിയവർക്ക് സുരക്ഷിതമായി അന്തിയുറങ്ങാം; സർക്കാരുണ്ട് കൂടെ

ദിവസക്കൂലിക്കാര്‍ മുതല്‍ വീടില്ലാത്തവര്‍ വരെ 170ഓളം കുടുംബംങ്ങള്‍ ഇതോടകം പുതിയ വീട്ടിലേക്ക് മാറിക്കഴിഞ്ഞു. വരും ആഴ്ചകളില്‍ ബാക്കിയുള്ളവരും മാറുമെന്ന് പ്രതീക്ഷിക്കുന്നു.

Homeless in kerala

പന്ത്രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചു. സ്വന്തമായി ഒരു വീടില്ല. സലോമി മത്തായിയും രണ്ടു കുട്ടികളും ഇത്രയും നാള്‍ ജീവിച്ചിരുന്നത് അടുത്ത ബന്ധുക്കളുടെ കാരുണ്യത്തിലാണ്. എന്നാല്‍ ഇനിയത് വേണ്ട.

ഏപ്രില്‍ ഏഴിന് ഇടുക്കി സ്വദേശി സലോമി സംസ്ഥാന സര്‍ക്കാര്‍ പണിതു നല്‍കിയ ഫ്‌ളാറ്റിലേക്ക് താമസം മാറി. സ്വന്തമായ ഭൂമിയും വീടുമില്ലാത്ത 217 പേര്‍ക്കാണ് സര്‍ക്കാരിന്റെ ഈ പദ്ധതിയിലൂടെ കിടപ്പാടമായത്.

കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി. ഔദ്യോഗിക സര്‍വ്വേയില്‍ വീടില്ലാത്ത 5.78 ലക്ഷം കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഏഴ് നിലയുള്ള 271 യൂണിറ്റ് ഫ്‌ളാറ്റ് സമുച്ചയം അടിമാലിയിലാണ് പണിതിരിക്കുന്നത്. 500 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഫ്‌ളാറ്റില്‍ രണ്ട് കിടപ്പുമുറികള്‍ രണ്ട് ശുചിമുറികള്‍, ഒരു അടുക്കള, ചെറിയ വര്‍ക്ക് ഏരിയ, ലിവിങ് റൂം എന്നിവയാണ് ഉള്ളത്. നിലം മുഴുവന്‍ ടൈല്‍സ് ചെയ്തിരിക്കുകയാണ്.

‘ഇവിടെ ഒരു സര്‍വ്വേയില്‍ 473 കുടുംബങ്ങള്‍ക്ക് ഭൂമിയോ വീടോ ഇല്ലെന്ന് കണ്ടെത്തി. പലരും വാടക വീടുകളിലും തരിശുഭൂമികളിലുമൊക്കെയാണ് താമസിക്കുന്നത്. ഞങ്ങള്‍ അപേക്ഷകള്‍ ക്ഷണിക്കുകയും യോഗ്യരായവര്‍ക്ക് ഫ്‌ളാറ്റ് അനുവദിക്കുകയും ചെയ്തു. ഓരോ താമസക്കാരും വെള്ളത്തിനും സെക്യൂരിറ്റി തുകയായും മാസം 750 രൂപ നല്‍കണം,’ പഞ്ചായത്ത് സെക്രട്ടറി കെ.എന്‍ സഹജന്‍ പറയുന്നു.

ദിവസക്കൂലിക്കാര്‍ മുതല്‍ വീടില്ലാത്തവര്‍ വരെ 170ഓളം കുടുംബങ്ങള്‍ ഇതോടകം പുതിയ വീട്ടിലേക്ക് മാറിക്കഴിഞ്ഞു. വരും ആഴ്ചകളില്‍ ബാക്കിയുള്ളവരും മാറുമെന്ന് പ്രതീക്ഷിക്കുന്നു.

‘എന്റെ ഭര്‍ത്താവ് എന്നെ പുറത്താക്കി. ബന്ധുക്കള്‍ക്കൊപ്പം താമസിക്കുക എന്നതു മാത്രമായിരുന്നു ആകെയുണ്ടായിരുന്ന വഴി. കഴിഞ്ഞ 12 വര്‍ഷമായി എന്റെ മകള്‍ക്കും മകനും പേടിയില്ലാതെ കിടന്നുറങ്ങാന്‍ ഒരു വീട് എന്നത് എന്റെ സ്വപ്‌നമായിരുന്നു,’ സലോമി പറയുന്നു.

അടിമാലിയിലെ ഫ്‌ളാറ്റില്‍ നാല് ലിഫ്റ്റുകളും 80 കെവിയുടെ വൈദ്യുതിയും മാലിന്യ നിര്‍മാര്‍ജനത്തിനുള്ള സൗകര്യവും ആരോഗ്യ കേന്ദ്രവും അംഗനവാടിയും സുരക്ഷയുമെല്ലാം ഉണ്ട്.

പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉദ്യോഗസ്ഥന്‍ പറയുന്നത് അടിമാലിയിലെ ഫ്‌ളാറ്റ് സമുച്ചയം പണിയാന്‍ 26 കോടി രൂപ ചെലവായി എന്നാണ്. ഓരോ യൂണിറ്റിനും 11 ലക്ഷം രൂപവീതമായിരുന്നു ചെലവായത്.

തുടക്കത്തില്‍ പാവപ്പെട്ടവര്‍ക്കുള്ള ഭവന പദ്ധതിക്ക് അപേക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയെങ്കിലും സ്വന്തമായി ഉണ്ടാവണം എന്നായിരുന്നു. പദ്ധതിയുടെ കീഴില്‍ ഏകദേശം 50,000 വീടുകള്‍ പൂര്‍ത്തിയായി. രണ്ടാമത്തെ ഘട്ടത്തില്‍ ഭൂമിയുള്ള, എന്നാല്‍ വീടില്ലാത്ത കുടുംബങ്ങള്‍ക്ക് നാല് ലക്ഷം വരെ ധനസഹായം നല്‍കും.

ബാംബൂ വര്‍ക്കറായ 45കാരന്‍ ശരവണന്‍ ജനിച്ച കാലം മുതല്‍ വാടക വീട്ടിലായിരുന്നു.

‘ഞങ്ങള്‍ തമിഴ് നാട്ടില്‍ നിന്നും വന്നവരാണ്. എന്റെ മാതാപിതാക്കളുടെ മരണ ശേഷം ഞാനും ഭാര്യയും ഒരു വാടക വീട്ടില്‍ നിന്നും മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കുകയായിരുന്നു. ഈ ഫ്‌ളാറ്റ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹം തന്നെയാണ്.’

ശരവണന്റെ അയല്‍വാസികളായ സന്തോഷും ഭാര്യ പ്രീതിയും താമസിച്ചിരുന്നത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഒരു കുടിലില്‍ ആയിരുന്നു.
‘ഒരു തുണ്ട് ഭൂമി വാങ്ങാനോ വീട് വയ്ക്കാനോ ഉള്ള പണമുണ്ടാക്കാന്‍ ഞങ്ങള്‍ക്ക് ഒരിക്കലും സാധിക്കുമായിരുന്നില്ല. എന്നാല്‍ ഈ ഫ്‌ളാറ്റ് ഞങ്ങളുടെ ജീവിതം മാറ്റി. ഇപ്പോള്‍ ഞങ്ങള്‍ക്ക് കുട്ടികളെ അടിമാലിയിലെ സ്‌കൂളില്‍ അയയ്ക്കാം, വീടിനെ കുറിച്ച് ചിന്തിച്ച് വിഷമിക്കാതെ കുറച്ചുകൂടി ഭേദപ്പെട്ട ഒരു ജോലിക്ക് അന്വേഷിക്കാം,’ സന്തോഷ് പറയുന്നു.

‘വീടില്ലാത്തവര്‍ മുഴുവന്‍ നേരത്തേ ഈ പഞ്ചായത്തില്‍ ചിതറി കിടക്കുകയായിരുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്നു. ഇത് ഞങ്ങളുടെ ജോലി എളുപ്പമാക്കുന്നു. ഈ ഫ്‌ളാറ്റിലെ സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗം ഉണ്ടാക്കാനുള്ള വിവിധ പദ്ധതികള്‍ ആരംഭിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് ഇപ്പോള്‍. തയ്യല്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ അവരെ സഹായിക്കും,’ പഞ്ചായത്ത് സെക്രട്ടറി സഹജന്‍ പറയുന്നു.

പദ്ധതിയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് പറയുന്നത് ഇങ്ങനെ

‘രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ വീടില്ലാത്ത എല്ലാവര്‍ക്കും വീട് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വീടില്ലാത്ത 1.5 ലക്ഷം കുടുംബങ്ങള്‍ക്ക് ഭൂമിയും ഇല്ല എന്നാണ് സര്‍വ്വേ പറയുന്നത്. ഇവര്‍ക്കായി മറ്റെല്ലാ ജില്ലകളിലും അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കാന്‍ പോകുകയാണ്.’

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: In kerala homeless move into own flats kerala government

Next Story
സുരേഷ് കല്ലട ബസിന്റെ ബുക്കിംഗ് ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പൂട്ടിച്ചുKallada Bus, കല്ലട ബസ്, Passengers Attacked, യാത്രക്കാർക്ക് മർദനം, Kerala , കേരള, Social Media
The moderation of comments is automated and not cleared manually by malayalam.indianexpress.com