തൊടുപുഴ: ഹോട്ടലുകളിൽ വെയ്റ്റർമാരായി സ്ത്രീകൾ എന്നത് തന്നെ കേരളത്തിൽ അപൂർമാണ്. എന്നാൽ ബാർ എന്നത് സ്ത്രീകൾക്ക് അപ്രാപ്യമായ സ്ഥലമാണ് കേരളം. എന്നാൽ കേരളത്തിൽ ബാറിൽ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകളുുണ്ട്. അതിലൊന്ന് മലയാളി സ്ത്രീയും. ഈ തൊഴിൽ മേഖലയിലേയ്ക്കുളള സ്ത്രീകളുടെ കടന്ന് വരവിനെ കുറിച്ചുളള വാർത്ത വരുന്നത്  ഇടുക്കിയിൽ നിന്നാണ്. പുരുഷന്മാരുടെ കുത്തകയായ ബാർ വെയ്റ്റർ മേഖലയിൽ സ്ത്രീകളുടെ സാന്നിധ്യം ചിയേഴ്സ് പറയുന്നത്.

പൊതുവേ പുരുഷന്മാരുടെ കുത്തകയായി അറിയപ്പെടുന്ന ബാറില്‍ പെണ്‍കുട്ടികളെ സെർവെർസായി നിയമിച്ചാണ് തൊടുപുഴ ജോആന്‍സ് ബാര്‍ ഉടമ ജില്‍മോന്‍ ജോൺ പുതിയ പരീക്ഷണം നടത്തുന്നത്. ഈ മാസമാണ് ജോആന്‍സിന് ഫോര്‍സ്റ്റാര്‍ ബാര്‍ ലൈസന്‍സ് സര്‍ക്കാര്‍ അനുവദിച്ചത്. ബാര്‍ ലൈസന്‍സ് ലഭിച്ചതിനു പിന്നാലെയാണ് സെർവെർസായി പെണ്‍കുട്ടികളെയും പരീക്ഷിക്കാന്‍ ബാര്‍ ഉടമ തീരുമാനിച്ചത്.

raji, jyothsna, bar waiters, kerala,

രാജിയും ജ്യോത്സനയും യൂണിഫോമിൽ

രണ്ടു പെണ്‍കുട്ടികളെയാണ് നിലവില്‍ ബാറില്‍ സെർവ് ചെയ്യാൻ നിയമിച്ചിട്ടുള്ളത്. പുതിയ പരീക്ഷണം വന്‍ വിജയമായതോടെ ഭാവിയില്‍ കൂടുതല്‍ വനിതകളെ ഈ തൊഴിലിൽ  നിയമിക്കാന്‍ തയാറെടുക്കുകയാണ് ബാറുടമകള്‍. കൂത്താട്ടുകുളം സ്വദേശിനിയായ രാജിയും (33) ഒഡീഷയില്‍ നിന്നുള്ള ജ്യോത്സന(21)യുമാണ് നിലവില്‍ ബാറില്‍ ജോലി ചെയ്യുന്നത്. തങ്ങള്‍ ഈ ജോലിയില്‍ സംതൃപ്തരാണെന്നു പറയുന്ന വനിതാ വെയ്റ്റര്‍മാര്‍ ഈ ജോലി സ്ത്രീകള്‍ക്കു യോജിക്കുന്നതാണെന്നും ഉറപ്പിച്ചു പറയുന്നു.

ബാറില്‍ ജോലിതുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും നാളിതുവരെ യാതൊരുവിധത്തിലുമുള്ള ശല്യങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ജോആന്‍സ് ബാറിലെ ജനറല്‍ മാനേജരായ തോമസ് ആൻറണി എന്ന ഷാജിയുടെ ആശയപ്രകാരമാണ് ബാറില്‍ വനിതാ വെയ്റ്റര്‍മാരെ പരീക്ഷിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നു വനിതാ വെയ്റ്റര്‍മാര്‍ കൂടി ജോആന്‍സ് ബാറില്‍ ജോലിക്കാരായെത്തുമെന്നു പറയുന്ന ഷാജി ബാറില്‍ പെണ്‍കുട്ടികള്‍ക്കു ജോലി നല്‍കുന്നതും സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാട്ടുന്നു. ബാറിൽ വെയ്റ്റർമാരുടെ യൂണിഫോം  ധരിച്ചാണ് ഇരുവരും ജോലിക്ക് എത്തുന്നത്.

സ്ത്രീകൾ ജോലി ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. പുരുഷന്മാരെ പോലെ തന്നെ അവരും മികവുറ്റ രീതിയിലാണ് സെർവ് ചെയ്യുന്നതെന്ന് ഷാജി പറഞ്ഞു. ഫെയ്‌സ്ബുക്കിലും വാട്സ്ആപ്പിലും പരസ്യം നൽകിയിരുന്നു. പരസ്യം കണ്ട് ആദ്യം വിളിച്ചത് ഒഡിഷ സ്വദേശിയായ ജ്യോത്സന്യയാണ്. നന്നായി മലയാളം പറയുന്ന ജ്യോത്സനയും രാജിയും തിരുവനന്തപുരത്ത് ഒന്നിച്ചാണ് ജോലി ചെയ്തിരുന്നത്. ഈ മേഖലയിൽ സ്ത്രീ സാന്നിധ്യം സജീവമാകുന്നതോടെ കൂടുതൽ മികവുറ്റ സേവനം ലഭ്യമാക്കാൻ സാധ്യമാകുമെന്നാണ് ഷാജിയുടെ പ്രതീക്ഷ.

shaji, GM, bar,

ഷാജി, ജനറൽ മാനേജർ

ഉച്ച മുതൽ രാത്രിവരെയാണ് സ്ത്രീകൾ ബാറിൽ ജോലി ചെയ്യുക. ജോലി സമയം കഴിഞ്ഞാൽ അവരെ സെക്യൂരിറ്റിയോടെ വാഹനത്തിൽ താമസ സ്ഥലത്ത് എത്തിക്കുമെന്നും ജനറൽ മാനേജർ പറഞ്ഞു.  ഇവിടെ ജോലിക്കായി കൂടുതൽ സ്ത്രീകൾ അപേക്ഷിച്ചിട്ടുണ്ട്. മലയാളികളും ബംഗാൾ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുളളവരും അപേക്ഷകരായിട്ടുണ്ട്. അവരെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം ഉടനെ ഉണ്ടാകും. ബാർ തുടങ്ങിയിട്ട് കുറച്ചുനാളേ ആയുളളൂ. ആദ്യം റസ്റ്ററന്റിലാണ് പരിശീലനം നൽകിയത്. അവിടെ സെർവ് ചെയ്ത് പരിശീലനം ലഭിച്ച ശേഷമാണ് ബാറിലേക്ക് സെർവ് ചെയ്യാൻ നിയമിച്ചതെന്ന് ഷാജി പറഞ്ഞു.

മറ്റെല്ലാ മേഖലകളിലും സ്ത്രീകള്‍ സജീവ സാന്നിധ്യമായി ഉയര്‍ന്നു വരുമ്പോള്‍ ഒരു തൊഴില്‍ മേഖലയും സ്ത്രീകള്‍ക്ക് അന്യമല്ലായെന്നതിനുള്ള മാറ്റത്തിന്റെ സൂചനകൂടിയായി പെണ്‍കുട്ടികളുടെ ബാറിലെ പ്രവേശനത്തെയും കാണാം. കേരളത്തിന് പുറത്ത് ബാറുകളില്‍ വനിതാ വെയ്റ്റര്‍മാര്‍ പുതുമയല്ലെങ്കിലും ഇടുക്കി പോലുള്ള മലയോര ജില്ലകളും അതിനൊപ്പം മാറുകയായണ്. കേരളത്തിന് മുന്നിൽ പുതിയ തൊഴിൽ മേഖല സ്ത്രീകൾക്കായി തുറക്കുകയാണ് ഇത്. ബവ്റിജ്സ് കോർപറേഷനിൽ ജോലി നൽകുന്ന കാര്യത്തിൽ മടി തുടരുമ്പോഴാണ് ബാറിൽ സ്ത്രീകൾക്ക് ജോലി നൽകി ഇവർ കേരളത്തിൽ ചരിത്രമെഴുതുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ