മലപ്പുറം: യുഎപിഎ ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ ഉമ്മ കദീജക്കുട്ടി (91) അന്തരിച്ചു. വേങ്ങര പൂച്ചോലമാട്ടിലെ പരേതനായ മുഹമ്മദ് കുട്ടി കാപ്പന്റെ ഭാര്യയാണ്. ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗാവസ്ഥയിലായിരുന്നു. ഖബറടക്കം ഇന്നു രാത്രി ഒൻപതിനു പൂച്ചോലമാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മറ്റു മക്കൾ: ഹംസ, ഫാത്തിമ, ആയിശ, മറിയമ്മു, ഖദിയമ്മു, അസ്മാബി. മരുമക്കൾ: സുബൈദ, റൈഹാനത്ത്, മുഹമ്മദ്, മുഹമ്മദ് കുട്ടി, അലവി, ഹംസ, ബഷീർ.
സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഉമ്മയെ കാണാന്‍ സിദ്ധിഖ് കാപ്പന് ഫെബ്രുവരിയില്‍ എത്തിയിരുന്നു. അസുഖബാധിതയായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അഞ്ചുദിവസത്തെ ജാമ്യമാണു സുപ്രീം കോടതി ഫെബ്രുവരി 15ന് അനുവദിച്ചത്.
കിടപ്പിലായ മാതാവിന്റെ ആരോഗ്യം പരിഗണിച്ച് സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനാണ് സുപ്രീം കോടതിയെ സമീപിച്ചത്. മാതാവിന്റെ ആരോഗ്യം ദിനം പ്രതി മോശമായിവരികയാണെന്നും ബോധം വീണ്ടെടുക്കുന്ന സമയത്തെല്ലാം മകന്‍ സിദ്ദിഖ് കാപ്പനെ അന്വേഷിക്കുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ് കാപ്പന്‍.
ഹാഥ്‌റസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡല്‍ഹിയില്‍നിന്നു പോകുന്നതിനിടെ മഥുര ടോള്‍പ്ലാസയില്‍ വച്ച് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണു സിദ്ധിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയവെ കോവിഡ് ബാധിതനായ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്കു മാറ്റാന്‍ ഏപ്രില്‍ 29നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചികിത്സയ്ക്കു ശേഷം സിദ്ദിഖിനെ മഥുര ജയിലിലേക്കു മാറ്റി.
അതിനിടെ, സിദ്ദിഖ് കാപ്പനെതിരെ പൊലീസ് ചുമത്തിയ ഒരു കുറ്റം കഴിഞ്ഞ ദിവസം കോടതി ഒഴിവാക്കിയിരുന്നു. സമാധാനം തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് മഥുര സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഒഴിവാക്കിയത്. ഈ കുറ്റം സംബന്ധിച്ച അന്വേഷണം കേസെടുത്ത് ആറ് മാസം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാന്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് നടപടി.
ഈ കുറ്റം ചുമത്തിയാണ് സിദ്ധിഖിന്റെ അറസ്റ്റ് ആദ്യം പൊലീസ് രേഖപ്പെടുത്തിയത്. തുടര്‍ന്നാണ് രാജ്യദ്രോഹം, യു.എ.പി.എ കുറ്റങ്ങള്‍ ചുമത്തിയത്. ഇതുസംബന്ധിച്ച കേസില്‍ സിദ്ധിഖിന്റെ ജാമ്യ ഹര്‍ജി 22ന് മഥുര കോടതി പരിഗണിക്കാനിരിക്കെയാണ് ഉമ്മയുടെ അന്ത്യം.