കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കൂട്ടിലായ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കൂടുതല്‍ കുടുക്കിലാക്കി ഇരയായ കന്യാസ്ത്രീ വത്തിക്കാന്‍ നുണ്‍ഷ്യോയ്ക്കു നല്‍കിയ പരാതിയുടെ പകർപ്പും പുറത്ത്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജംബതിസ്‌കോ ദിസ്‌കാതോയ്ക്ക് കന്യാസ്ത്രീ കഴിഞ്ഞ ജനുവരിയിലും ജൂണിലും നല്‍കിയതെന്ന് കരുതപ്പെടുന്ന പരാതികളുടെ കോപ്പികളാണ് പുറത്തുവന്നത്.

ഇതോടെ ബിഷപ് പീഡിപ്പിച്ചെന്ന വിവരം കന്യാസ്ത്രീ ബന്ധപ്പെട്ട സഭാ വൃത്തങ്ങളെ അറിയിച്ചില്ലെന്ന സഭാ നേതൃത്വത്തിന്റെ വാദം പൊളിഞ്ഞു. ജനുവരിയില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയും ജൂണില്‍ ഇ-മെയിലായുമാണ് പരാതി നല്‍കിയിട്ടുള്ളത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായും പീഡിപ്പിക്കുകയാണെന്നും ഈ നിലയില്‍ സന്യാസ ജീവിതം തുടരാനാവില്ലെന്നും കന്യാസ്ത്രീ പരാതിയില്‍ പറയുന്നു. പരാതിക്കാരിയായ കന്യാസ്ത്രീ ജലന്തറില്‍ പ്രൊവിന്‍ഷ്യലായിരുന്നതും പിന്നീട് കുറവിലങ്ങാടെത്തിയതും ബിഷപ്പ് ഏതൊക്കെ രീതിയിലാണ് തകര്‍ക്കാന്‍ ശ്രമിച്ചതെന്നും ദീര്‍ഘമായ കത്തില്‍ വിവരിക്കുന്നുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ ബിഹാറിലെ ഭഗല്‍പ്പൂര്‍ ബിഷപ്പായ കുര്യന്‍ വലിയ കണ്ടത്തില്‍ മുഖേനയാണ് പരാതി നല്‍കിയതെന്ന് ജൂണില്‍ അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. 2017 നവംബര്‍ മുതല്‍ വ്യാജ നടപടികളിലൂടെ ഫ്രാങ്കോ മുളയ്ക്കല്‍ ഉപദ്രവിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയും പത്രമാധ്യമങ്ങളിലൂടെയും തന്നെയും കുടുംബത്തെയും അപമാനിക്കുകയാണ് ബിഷപ്പ്. ഇതിനായി ജലന്തര്‍ രൂപതയുടെ പിആര്‍ഒ ഫാദര്‍ പീറ്റര്‍ കാവുമ്പുറത്തെ ഉപയോഗിക്കുകയാണ്. ബിഷപ്പിനെ വധിക്കാന്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി എന്റെ സഹോദരനെതിരേ വ്യാജ പരാതിയും ബിഷപ്പ് പൊലീസില്‍ നല്‍കിയെന്നും കത്തിൽ ആരോപിക്കുന്നു.

“ഞാനും എന്റെ കുടുംബവുമായി ബന്ധപ്പെട്ടവരെ തിരഞ്ഞുപിടിച്ച് തകര്‍ക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ബിഷപ്പ് ഫ്രാങ്കോ. ഞങ്ങളുടെ വാഹനത്തിന്റെ ഡ്രൈവര്‍ പോലും ബിഷപ്പ് ഫ്രാങ്കോയില്‍ നിന്നുള്ള ഭീഷണിയില്‍ ഭയന്നാണ് കഴിയുന്നതെന്നും,” കന്യാസ്ത്രീ അവസാനം നല്‍കിയ ഇ-മെയില്‍ പരാതിയില്‍ പറയുന്നു. കന്യാസ്ത്രീയായ തന്റെ സഹോദരി പോലും ബിഷപ്പിന്റെ ഭീഷണിയില്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്. സഭയുടെ വൃത്തങ്ങളില്‍ നിന്നു താന്‍ നീതികിട്ടുമെന്നു പ്രതീക്ഷിക്കുന്നുണ്ടെന്നും ഇതുണ്ടായില്ലെങ്കില്‍ നിയമനടപടികളുമായി നീങ്ങേണ്ടി വരുമെന്നും” ഇ-മെയിലില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ജലന്തര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനായി ഡല്‍ഹിയിലേക്കു പോയ പൊലീസ് സംഘത്തിന് ഇതുവരെ അന്വേഷണത്തില്‍ കാര്യമായ മുന്നേറ്റമൊന്നും ഉണ്ടാക്കാനായിട്ടില്ലെന്നാണ് വിവരം. തുടക്കത്തില്‍ കന്യാസ്ത്രീ മാനസിക പീഡനം സംബന്ധിച്ച പരാതി മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും ലൈംഗിക പീഡനം സംബന്ധിച്ച പരാതിയൊന്നും സഭയുടെ ഒരു കേന്ദ്രത്തിലും നല്‍കിയിട്ടില്ലെന്നും സഭാ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. നിര്‍ദിഷ്ട രീതിയില്‍ പരാതി നല്‍കാതിരുന്നതാണ് നീതികിട്ടാതിരുന്നതെന്നും സഭാ നേതൃത്വം പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു പരാതികളിലും ലൈംഗിക പീഡനം സംബന്ധിച്ച കാര്യം എടുത്തുപറയുന്നുണ്ട്. വിഷയം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന സഭയുടെ മുന്‍നിലപാടിനെയും പുതിയ വെളിപ്പെടുത്തല്‍ പ്രതിക്കൂട്ടിലാക്കിയേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.