തിരുവനന്തപുരം: കേരളത്തിൽനിന്നുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും ഗൾഫിൽ വിലക്കെന്ന് റിപ്പോര്‍ട്ട്. യുഎഇയും ബഹ്റൈനുമാണ് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് വിവരം. പഴം-പച്ചക്കറി കയറ്റുമതി പാടില്ലെന്ന് ഈ രാജ്യങ്ങൾ ഇന്ത്യയെ അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കയറ്റുമതി ചെയ്യരുതെന്നാണ് നിര്‍ദേശം.
സംസ്ഥാനത്ത് ചില ജില്ലകളിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കുകയും 14 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. പുതിയ പശ്ചാത്തലത്തിൽ കേന്ദ്രം ഇടപെടണമെന്ന് കയറ്റുമതി വ്യാപാരികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പഴം-പച്ചക്കറികള്‍ വിലക്കിയതായി ഔദ്യോഗികമായിട്ട് സ്ഥിരീകരിച്ചിട്ടില്ല.
വവ്വാൽ കടിച്ച പഴവർഗങ്ങൾ കഴിച്ചത് മൂലമാണ് നിപ്പ പകർന്നതെന്ന പ്രചാരണങ്ങളാണ് കേരളത്തിന് തിരിച്ചടിയായത്. സാധാരണ ദിവസങ്ങളിൽ 130 മുതൽ 150ടൺ പച്ചക്കറിയാണ് കൊച്ചിയിൽ നിന്നു കയറ്റിപ്പോകുന്നത്. ഇതേ രീതിയിൽ തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നും കയറ്റുമതി നടക്കുന്നുണ്ട്. ശീതീകരിച്ച കാർഗോ വിമാനങ്ങളിൽ കേരളത്തിൽ നിന്ന് കൊണ്ടുപോകുന്ന പച്ചക്കറികൾക്ക് വൻ ഡിമാന്റാണ്.
കേരള ഓർഗാനിക് എന്ന പേരിലാണ് കേരള പച്ചക്കറികൾ കയറ്റുമതി ചെയ്യുന്നത്. കാർഷിക ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിൽ പരിശോധനകൾ നടത്തി സർട്ടിഫിക്കറ്റുകൾ നേടിയാണ് ഓർഗാനിക് പച്ചക്കറികൾ കുവൈത്ത്, ഖത്തർ, യുഎഇ, സൗദി, ഒമാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെത്തുന്നത്. ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള പച്ചക്കറി കയറ്റുമതിയിൽ വൻ തകർച്ച നേരിട്ടിരുന്നുവെങ്കിലും അടുത്തിടെ മേഖലയിൽ നേരിയ നേട്ടം പ്രകടമായിരുന്നു. ഇതിനിടെയാണ് നിപ്പയും വില്ലനായി മാറിയത്.