തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആള്‍മാറാട്ടത്തില്‍ നടപടിയുമായി പൊലീസ്. കോളജ് പ്രിന്‍സിപ്പല്‍ ജി ജെ ഷൈജു, എസ്എഫ്ഐയുടെ എ വിശാഖ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കട്ടാക്കട പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേരള സര്‍വകലാശാല റജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി.സംഭവത്തെക്കുറിച്ചു പഠിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ റജിസ്ട്രാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്നതു മൂലമുള്ള സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കാനാണ് തീരുമാനം. റജിസ്ട്രാറുടെ ശുപാര്‍ശ അനുസരിച്ചായിരിക്കും തുടര്‍ നടപടികളെന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി ജയിച്ച അനഘ എന്ന പെണ്‍കുട്ടിക്ക് പകരം എസ്എഫ്ഐ ഏരിയാ സെക്രട്ടറി വിശാഖിന്റെ പേരാണ് സര്‍വകലാശാലയ്ക്ക് അയച്ചത്.
സംഭവത്തിന് പിന്നാലെ ഷൈജുവിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. ഷൈജു ആള്‍മാറട്ടത്തിന് കൂട്ടു നിന്നു എന്നായിരുന്നു ഉയര്‍ന്ന ആരോപണം.