തിരുവനന്തപുരം: പാലോട് ഐഎംഎ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രക്ഷോഭത്തിന് പിന്നാലെ എതിർപ്പുമായി റവന്യു വകുപ്പും രംഗത്ത്. പ്ലാന്റ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന നിലമാണെന്ന് തഹസിൽദാരുടെ റിപ്പോർട്ടിൽ പറയുന്നു.
പ്ലാന്റ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ജനവാസ മേഖലയല്ലെന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിലപാടും റവന്യു വകുപ്പ് തള്ളി. ഭൂമിയുടെ അടുത്ത് തന്നെ പട്ടികജാതി കോളനിയുണ്ടെന്ന് വകുപ്പിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മാലിന്യ സംസ്കരണ പ്ലാന്റിനുള്ള അനുമതി വേഗത്തിലാക്കാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ്. ആരോഗ്യമന്ത്രി പ്ലാന്റിനെ അനുകൂലിച്ചപ്പോള്‍ കൂടുതല്‍ പരിശോധന വേണമെന്ന് വനംമന്ത്രി ആവശ്യപ്പെട്ടിരുന്നു.
പരിസ്ഥിതി വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യ-തദ്ദേശഭരണവകുപ്പ് മന്ത്രിമാരും വിവിധ വകുപ്പ് തലവന്മാരും ഐഎംഎ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അനുമതി നല്കാന് മലിനീകരണ നിയന്ത്രണബോര്‍ഡിനോട് യോഗം നിര്‍ദ്ദേശം നല്കി.