തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ദേശ വ്യാപകമായി ഐഎംഎ നടത്തിയ ഒപി ബഹിഷ്കരണ സമരം അവസാനിച്ചു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയായിരുന്നു സമരം.

കേരളത്തിലെ മുഴുവൻ ജില്ലകളിലും സമരം ശക്തമായിരുന്നുവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം അറിയിച്ചു.  മെഡിക്കൽ കോളേജ് മുതൽ സ്വകാര്യ ആശുപത്രികൾ വരെ സമരത്തിന്റെ ഭാഗമായി. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇന്ന് കരിദിനമായാണ് ആചരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. സായാഹ്ന ഒപി സേവനം സർക്കാർ ഡോക്ടർമാർ ഇതിന്റെ ഭാഗമായി ബഹിഷ്കരിച്ചിരുന്നു.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഒപി ബഹിഷ്കരണം വിജയമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ.രവിവാങ്കടേക്കർ അറിയിച്ചു. കേന്ദ്ര സർക്കാർ ഡോക്ടർമാരെ മനഃപൂർവ്വം സമരത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവാദമായ ദേശീയ മെഡിക്കൽ ബില്ല് പിൻവലിച്ചില്ലെങ്കിൽ രാജ്യത്തെ ആരോഗ്യമേഖല പൂർണമായും സ്തംഭിക്കും. ഈ അവസ്ഥയിലേക്ക് രാജ്യത്തെ മെഡിക്കൽ മേഖലയെ തള്ളിവിടരുതെന്നും അദ്ദേഹം പറഞ്ഞു.

ഒപി ബഹിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന സമരം വൻ വിജയമാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ.ഉമ്മറും സെക്രട്ടറി എൻ.സുൾഫിയും അറിയിച്ചു. ചെറിയ സമയത്തിനകം അറിയിച്ച സമരം പൂർണ്ണ വിജയത്തിലെത്തിയത് രാജ്യത്തെ മെഡിക്കൽ രംഗത്തെ സംരക്ഷിക്കാൻ വേണ്ടിയാണ്. ഇക്കാര്യം തിരിച്ചറിഞ്ഞ് കേന്ദ്ര സർക്കാർ വിവാദ തീരുമാനത്തിൽ നിന്നും പിൻമാറണമെന്നും ഡോ.സുൾഫി പറഞ്ഞു.

വിവാദ ബില്ലിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറാത്ത പക്ഷം സമരം ശക്തമാക്കാനാണ് ഐഎംഎയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ എംപിമാർക്ക് നിവേദനം നൽകും. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ മെഡിക്കൽ ബന്ദിലേക്ക് നീങ്ങാനാണ് തീരുമാനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ