ന്യൂഡൽഹി: കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ആരോഗ്യ അടിയന്തരാവസ്ഥയുടെ കാലത്ത് ഈ തീരുമാനം “അനാവശ്യവും അനുചിതവുമാണ്” എന്ന് സംഘടന അഭിപ്രായപ്പെട്ടു.
ഈ തീരുമാനം പിൻവലിച്ച് വൈറൽ രോഗത്തിന്റെ വർദ്ധിച്ചുവരുന്ന ഭീഷണി തടയാൻ കേരള സർക്കാർ കോവിഡിന് അനുയോജ്യമായ പെരുമാറ്റം ഉറപ്പാക്കിയില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു.
Read More: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയതായി സർക്കാർ
പകർച്ചവ്യാധി കണക്കിലെടുത്ത് പല വടക്കൻ സംസ്ഥാനങ്ങളും പരമ്പരാഗതവും ജനപ്രിയവുമായ തീർത്ഥാടന യാത്രകൾ നിർത്തിവച്ചിരിക്കെ, ജനങ്ങളുടെ കൂടിച്ചേരലിന് വഴിയൊരുക്കുന്ന ഒരു തീരുമാനം കേരളം എടുത്തത് ദൗർഭാഗ്യകരമാണെന്ന് ഐഎംഎയുടെ പ്രസ്താവനയിൽ പറയുന്നു.
“കേസുകളും സെറോപോസിറ്റിവിറ്റിയും വർധിക്കുന്നതിൽ ഐഎംഎ വേദനിക്കുന്നു. ബക്രീദിന്റെ മതപരമായ ഒത്തുചേരലുകളുടെ മറവിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒഴിവാക്കാൻ കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ആരോഗ്യ അടിയന്തിരാവസ്ഥയിൽ ഇത് അനാവശ്യവും അനുചിതവുമാണ്, ”പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തിന്റെയും മനുഷ്യരാശിയുടെ ക്ഷേമത്തിന്റെയും വിശാല താൽപര്യങ്ങൾ പരിഗണിച്ച് ഉത്തരവ് പിൻവലിക്കണമെന്നും നടപ്പാക്കിയ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും ഐഎംഎ അഭിപ്രായപ്പെട്ടു.