കോട്ടയം: പാലായിൽ എൻസിപി നേതാവ് മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന പി ജെ ജോസഫിന്‍റെ പ്രസ്‍താവനയ്ക്ക് മറുപടിയുമായി മാണി സി കാപ്പന്‍. ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു മാണി സി കാപ്പന്‍റെ പ്രതികരണം. പാലാ സീറ്റ് ജോസഫ് വിഭാഗം മാണി സി കാപ്പന് വിട്ടുനൽകും. എൻസിപിയായി തന്നെ കാപ്പൻ മത്സരിക്കുമെന്നുമായിരുന്നു ജോസഫിന്‍റെ പ്രതികരണം. എന്നാൽ താനും എൻസിപിയും നിലവിൽ എൽഡിഎഫിൽ തന്നെയാണെന്നായിരുന്നു കാപ്പന്റെ പ്രതികരണം.

തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ കേരള കോൺഗ്രസ് ജോസ് വിഭാഗതത്തിന് ഉചിതമായ മറുപടി നൽകാനാകും എന്ന പ്രതീക്ഷയിലാണ് പി.ജെ ജോസഫ്. തങ്ങളുടെ പാല സീറ്റ് തന്നെ എൻസിപിക്ക് നൽകുമെന്നായിരുന്നു ജോസഫിന്റെ വാഗ്ദാനം. മാണി സി കാപ്പനെ യുഡിഎഫിലേക്ക് ക്ഷണിച്ച ജോസഫ്, കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ആവർത്തിക്കുകയായിരുന്നു.

എന്നാൽ ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു മാണി സി കാപ്പന്‍റെ പ്രസ്താവന. ജോസഫ് കുടുംബ സുഹൃത്താണെന്ന പറഞ്ഞ കാപ്പൻ പക്ഷേ ജോസഫിന്‍റെ വാദം നിഷേധിച്ചില്ല. ജോസഫ് പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് എൻസിപി സംസ്ഥാന നേതൃത്വം.

അതേസമയം യുഡിഎഫ് നേതാക്കൾ മാണി സി കാപ്പനുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് അടർത്തിയെടുത്തതിന് പകരമായി എൽഡിഎഫിൽ നിന്നൊരു ഘടകകക്ഷിയെ കൊണ്ടുവരാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഇടപെട്ടുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. എൻസിപി ദേശീയ നേതൃത്വം കോൺഗ്രസിന്റെ ഘടകക്ഷിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.