കോഴിക്കോട്: ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കിയതായി പരാതി. ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയാണ് പരാതിയുമായി രംഗത്ത് വന്നത്.

പ്രധാനപ്രതി കുഞ്ഞനന്തന് 134 ദിവസവും മറ്റൊരു പ്രതി കെ.സി.രാമചന്ദ്രന് മൂന്ന് മാസത്തെ പരോളും നല്‍കിയതായാണ് കെ.കെ.രമ പരാതിപ്പെട്ടിരിക്കുന്നത്. ജയില്‍ ചട്ടങ്ങളനുസരിച്ച് ഒരു വര്‍ഷം 60 ദിവസമാണ് ഒരു പ്രതിക്ക് പരോൾ അനുവദിക്കാനാവുക. ഈ ചട്ടം ടിപി കേസ് പ്രതികൾക്ക് വേണ്ടി ലംഘിച്ചെന്നാണ് പരാതി.

പരോൾ സംബന്ധിച്ച രേഖകൾ തെളിവാക്കിയാണ് പരാതി നൽകിയിരിക്കുുന്നത്. ഷാഫിയടക്കമുള്ള മറ്റു പ്രതികള്‍ക്കും അനധികൃതമായി പരോള്‍ ലഭിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നും നിയന്ത്രിക്കണമെന്നും കെ.കെ.രമ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

രണ്ടു മാസം മുമ്പും സമാനമായ പരാതി കെ.കെ.രമ സമർപ്പിച്ചിരുന്നു. ഇതില്‍ യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് വീണ്ടും പരാതി നൽകിയത്. ഇപ്പോൾ കുഞ്ഞനന്തനും രാമചന്ദ്രനും പരോളിലാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ