കൊച്ചി: കെ എസ് ആര് ടി സി ബസുകളില്‍ പരസ്യം വേണ്ടെന്നു ഹൈക്കോടതി. ഇത് സുരക്ഷാമാനദണ്ഡങ്ങള്ക്കു വിരുദ്ധമാണെന്നു കോടതി വ്യക്തമാക്കി.
വടക്കഞ്ചേരി ബസപകടത്തെത്തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ നടപടിയില്‍ ഇളവ് വേണ്ടെന്നു കോടതി പറഞ്ഞു. സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസ് അസോസിയേഷന്റെ ആവശ്യം ഹൈക്കോടതി തള്ളി.
നിറം മാറ്റാനും ശബ്ദ- വെളിച്ച സംവിധാനങ്ങള്‍ മാറ്റാനുമാണു ബസുടമകള്‍ സവാകാശം തേടിയത്. എന്നാല്‍ നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കരുതെന്നു കോടതി ആവര്‍ത്തിച്ചു നിര്‍ദേശം നല്കി. അപകടത്തെത്തുടര്‍ന്ന് സ്വമേധയാ എടുത്ത കേസാണ് കോടതി പരിഗണിച്ചത്.
ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരോട് വിട്ടുവീഴ്ച വേണ്ടെന്നു ഒക്ടോബര്‍ ഏഴിനു കേസ് പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പ്രകടമായ നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
ഡ്രൈവര്‍മാരുടെ അശ്രദ്ധ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു കോടതി പറഞ്ഞു. റോഡില്‍ ഇനി ചോര വീഴരുത്. വേറെ എവിടെയാണ് ഇത്രയധികം നിയമലംഘനങ്ങള്‍ നടക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.
അപകടങ്ങള്‍ ഉണ്ടാക്കുന്നതില്‍ പതിവ് നിയമലംഘകര്‍ ഡ്രൈവര്‍മാരാണ്. അശ്രദ്ധമായി വാഹനമോടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാനകാരണം. ഇത്തരം ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉത്തരവില്‍ പറഞ്ഞു.
വടക്കഞ്ചേരിയില്‍ ബസ് അപകടത്തില്‍ വിദ്യാര്‍ഥികളടക്കം ഒന്‍പതു പേര് മരിച്ച സംഭവത്തില്‍ ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്ത് ഹാജരായപ്പോഴായിരുന്നു കോടതിയുടെ ഉത്തരവ്. കോടതി നിര്‍ദേശപ്രകാരമാണു കമ്മിഷണര്‍ ഹാജരായത്.
നിയമഘംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ കൂട്ടത്തോടെ വെള്ള പെയിന്റ് അടിച്ചുകൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം ബസുകളുടെയും പുറംബോഡിയില്‍ കണ്ണഞ്ചിപ്പിക്കുന്ന സ്റ്റിക്കര്‍ വര്‍ക്കുകളും ലൈറ്റുകളും നിറഞ്ഞിരിക്കുകയാണ്. ഇവ നീക്കം ചെയ്തശേഷം വെള്ളം നിറം മാറ്റുന്നതിനായി ബസുകള്‍ കൂട്ടത്തോടെ വര്‍ക്ഷോപ്പുകളിലേക്കു മാറ്റിയിരിക്കുകയാണ്. വെള്ളനിറം അടിക്കാന്‍ സമയം വേണമെന്നാണു ടൂറിസ്റ്റ് ബസ് ഉടമകളുടെ അസോസിയേഷന്റെ ആവശ്യം.
20 സീറ്റ് മുതലുള്ള വാഹനങ്ങളാണു വെള്ളനിറം അടിക്കേണ്ടത്. വയലറ്റ്, വാഹനത്തിന്റെ ഇരു വശങ്ങളിലുമായി 10 സെന്റിമീറ്റര്‍ വീതിയില്‍ വയലറ്റ് നിറത്തിലും മൂന്നു സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലും റിബണ്‍ വരയ്ക്കാം. മുന്‍ഭാഗത്ത് താഴെനിന്നു 12 ഇഞ്ച് മുകളിലായി സാധാരണ അക്ഷരത്തിലായിരിക്കണം ബസിന്റെ പേര് എഴുതേണ്ടത്. ബസ് ഉടമയുടെയും ഓപ്പറേറ്ററുടെയും പേര് വിവരം ബസിനു പിന്‍വശത്ത് താഴെയായി എഴുതണമെന്നും ചട്ടത്തില്‍ പറയുന്നു.
നിയമം ലംഘനം നടത്തുന്ന കെ എസ് ആര് ടി സി ബസുകള്‍ ഉള്‍പ്പെടെ എല്ലാത്തരം വാഹനങ്ങള്‍ക്കെതിരെയും ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നു ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്ത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. റോഡില്‍ ഒരു ജീവന്‍പോലും പൊലിയരുതെന്ന ദൃഢനിശ്ചയത്തോടെയാണു സര്‍ക്കാരും ഗതാഗത വകുപ്പും നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.