കൊല്ലം: ജില്ലാ കലക്ടറുടെ നിരോധനം ലംഘിച്ച് കൊല്ലം മലനടയിൽ ഉത്സവത്തിനിടെ മത്സര വെടിക്കെട്ട് നടന്നു. മലനടയിലെ ദുര്യോധന ക്ഷേത്രത്തിൽ ഇന്നു പുലർച്ചെയാണ് മത്സര കമ്പം നടന്നത്. സംഭവത്തിൽ മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കേരളത്തിലെ ഏക ദുര്യോധനക്ഷേത്രമാണ് കൊല്ലം മലനടയിലേത്. 1990 ൽ ഇതേ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ടിൽ 26 പേർ മരിച്ചിരുന്നു.

മത്സര കമ്പം നടത്തിയതിന് 22 ക്ഷേത്ര ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു.​ അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ജാമ്യത്തിൽ വിട്ടുവെന്ന് പൊലീസ് പറഞ്ഞു. മത്സരകമ്പത്തിന് ഭാരവാഹികൾ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ജില്ലാ കലക്ടർ ഇത് തള്ളുകയായിരുന്നു. എന്നാൽ ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്. കലക്ടറുടെ ഉത്തരവ് നടപ്പിലാക്കുന്നതിനായി ക്ഷേത്ര ഭാരവാഹികൾക്ക് കത്ത് അയച്ചതായി ശൂരനാട് പൊലീസ് പറഞ്ഞു.

പൊലീസിന്റെ മുന്നറിയിപ്പും ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത് എന്നാണ് ശൂരനാട് പൊലീസ് പറയുന്നത്. കേരളത്തെ ഞെട്ടിച്ച പുറ്റിങ്ങൽ വെടിക്കെട്ട് അപകടം നടന്നിട്ട് ഒരു വർഷം തികയുന്നതിന് മുൻപാണ് ഈ മത്സരം കന്പമെന്നത് ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ