കൊച്ചി:രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ മകന് അനധികൃത നിയമനം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനത്തില്‍ ടെക്നിക്കല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് അനധികൃത നിയമനം നടത്തിയെന്ന തരത്തിലാണ് വാര്‍ത്ത പുറത്ത് വന്നത്.
എന്നാല്‍ മകന് ഹരികൃഷ്ണന് കെഎസിന്റെ നിയമനത്തില്‍ ഇടപെട്ടിട്ടില്ലെന്നും ചട്ടങ്ങള്‍ പാലിച്ചുള്ള നിയമനമാണ് നടന്നിട്ടുള്ളതെന്നും കെ.സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമനത്തില്‍ കെ സുരേന്ദ്രനോ കെ സുരേന്ദ്രന് വേണ്ടിയോ ആരും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തില്‍ ഏതന്വേഷണം നേരിടുന്നതിനും തയാറാണെന്നും വാര്‍ത്തയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ മനപൂര്‍വം കരിവാരി തേയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മകന് മെറിറ്റില്‍ മാത്രമാണ് നിയമനം ലഭിച്ചതെന്നും കെ സുരേന്ദ്രന് പറഞ്ഞു.
”എന്നപ്പോലെ രാഷ്ട്രീയ എതിരാളികളില്‍ നിന്ന് ആക്രമണം നേരിടുന്ന ഒരാള്‍ ഇത്രമൊരു ഇടപെടല്‍ നടത്തും എന്ന് വിശ്വസിക്കാനാകുമോ?ഒരു വര്‍ഷം മുമ്പ് മകന് കുഴല്‍പ്പണം കടത്തിയെന്ന് വാര്‍ത്ത വന്നു.എന്റെ മകന് ജോലി നേടിയത് നിയമപരമാണ്. അതിനുള്ള അവകാശം അവനുണ്ട്.രണ്ട് പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ റാങ്ക് ലിസ്റ്റിലും അവനുണ്ട്.മൂന്ന് മാസം മുമ്പ് നടന്ന നിയമനത്തെക്കുറിച്ച് പ്രധാനമന്ത്രി കേരളത്തിലെത്തുന്ന ദിവസം വാര്‍ത്ത വന്നതിനു പിന്നില്‍ എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാം.തെറ്റായ വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കും” സുരേന്ദ്രന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ ടെക്നിക്കല്‍ ഓഫീസറടക്കം മൂന്ന് ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തസ്തികയിലേക്ക് ബി.ടെക് മെക്കാനിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യതയായി നിര്‍ദേശിച്ചിരുന്നത്. എം.ടെക് ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിരുന്നു. പിന്നാക്ക വിഭാഗത്തിനായാണ് തസ്തിക സംവരണം ചെയ്തത്. മുന്‍കാലങ്ങളില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് നിയമിച്ചിരുന്നതെന്നുമാണ് പുറത്ത് വന്ന റിപോര്‍ട്ട് പറയുന്നത്.