scorecardresearch

ഡിജിറ്റല്‍ സര്‍വകലാശാലയുമായി കേരളം; ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും

തീപിടിത്തത്തില്‍ വീട് പൂര്‍ണമായി നശിച്ചാല്‍ നാലു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കാനും മന്ത്രിസഭാ തീരുമാനം

IITM-K upgraded to a digital university, ഐ.ഐ.ഐ.ടി.എം.കെയെ ഡിജിറ്റല്‍ സര്‍വകലാശാലയായി ഉയര്‍ത്തും, Indian Institute of Information Technology and Management - Kerala, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് -കേരള, Kerala government, Chief Minister Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, Kerala Governor Arif Mohammad Khan, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് -കേരള(ഐ.ഐ.ഐ.ടി.എം.കെ)യെ ഡിജിറ്റല്‍ സര്‍വകലാശാലയായി ഉയര്‍ത്താന്‍ സംസ്ഥാന മന്ത്രിസഭാ തീരുമാനം. ഇതിനുവേണ്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും. ‘ദി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്‍ഡ് ടെക്‌നോളജി’ എന്ന പേരിലായിരിക്കും പുതിയ സര്‍വകലാശാല.

ഡിജിറ്റല്‍ ടെക്‌നോളജിയിഇ നൂതന ഗവേഷണവും സംരംഭകത്വവും വളര്‍ത്താനും വ്യവസായ-വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്താനും ഉദ്ദേശിച്ചാണു സര്‍വകലാശാല രൂപീകരിക്കുന്നത്. ഗുണനിലവാരമുള്ള മാനവശക്തി വികസിപ്പിക്കാന്‍ ഇതു പ്രയോജനപ്പെടും.

ഡിജിറ്റല്‍ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിന്‍, കോഗ്‌നിറ്റീവ് സയന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഓഗ്‌മെന്‍ഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകള്‍ക്കു സര്‍വകലാശാല ഊന്നല്‍ നല്‍കും.

ഡിജിറ്റല്‍ മേഖലയില്‍ ഉയര്‍ന്ന നിലവാരമുള്ള മാനവ ശക്തിയുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍വകലാശാലയ്ക്കു കീഴില്‍ അഞ്ച് സ്‌കൂളുകള്‍ സ്ഥാപിക്കും. സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടിങ്, സ്‌കൂള്‍ ഓഫ് ഇലക്ട്രോണിക്‌സ് ഡിസൈന്‍ ആന്‍ഡ് ഓട്ടോമേഷന്‍, സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മാറ്റിക്‌സ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ ബയോ സയന്‍സ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് എന്നിവയാണ് അഞ്ച് സ്‌കൂളുകള്‍. ഡിജിറ്റല്‍ സാങ്കേതികവിദ്യാ മേഖലകളുടെ ഗവേഷണത്തിലും ബിരുദാന്തര ബിരുദ വിദ്യാഭ്യാസത്തിലുമായിരിക്കും നിര്‍ദിഷ്ട സര്‍വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുക.

പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉല്‍പ്പാദന ക്ലസ്റ്ററിന്റെ വികസനത്തിനു 1351 ഏക്കര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കിഫ്ബി സഹായത്തോടെ 1038 കോടി രൂപ ചെലവിലാണു പുതുശേരി, ഒഴലപ്പതി ഭാഗങ്ങളില്‍ ഭൂമി ഏറ്റെടുക്കുക. കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്കു നീട്ടുന്നതിന്റെ ഭാഗമായാണു ക്ലസ്റ്റര്‍ സ്ഥാപിക്കുന്നത്.

വ്യവസായ ഇടനാഴി കൊച്ചിയിലേക്കു നീട്ടുന്നതിനുള്ള കേരളത്തിന്റെ അപേക്ഷ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്‌മെന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം.

തീപിടിത്തത്തില്‍ വീട് പൂര്‍ണമായി നശിച്ചാല്‍ നാലു ലക്ഷം രൂപയും കാര്യമായി നഷ്ടം സംഭവിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കും. 75 ശതമാനത്തിലധികം നഷ്ടം സംഭവിക്കുന്ന വീടുകളെ പൂര്‍ണമായി കത്തിനശിച്ചതായി കണക്കാക്കി നാലു ലക്ഷം രൂപ നല്‍കും.

കടല്‍ക്ഷോഭത്തില്‍ വള്ളമോ ബോട്ടോ പൂര്‍ണമായി നഷ്ടപ്പെടുന്നവര്‍ക്കു പരമാവധി രണ്ടു ലക്ഷം രൂപയും വലയോ കട്ടമരമോ പൂര്‍ണമായി നഷ്ടപ്പെടുന്നവര്‍ക്കു പരമാവധി ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കും. ഇവ ഭാഗികമായി നഷ്ടപ്പെടുന്നവര്‍ക്കു പരമാവധി ഒരു ലക്ഷം രൂപയും നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണു തുക നല്‍കുക.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Iitmk becomes keralas first digital university

Best of Express