Latest News

വലിയതുറ കടൽപ്പാലം: ഐഐടി പഠനം നടത്തും; ആറ് മാസത്തിനുള്ളിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കും

മേയിലെ കനത്ത മഴയെയും അതിശക്തമായ കടൽക്ഷോഭത്തെയും തുടർന്നാണ് ആറര ദശകം പഴക്കമുള്ള തിരുവനന്തപുരത്തെ വലിയതുറ പാലത്തിന് കേടുപാടുകൾ സംഭവിച്ചത്

valiyathura bridge, bridge construction, valiathura sea bridge, valiathura sea bridge renovation, ie malyalam
ഫൊട്ടോ: മാഹീൻ ഹസ്സൻ

തിരുവനന്തപുരം: വലിയതുറ കടൽപ്പാലത്തിന്റെ പ്രതാപം വീണ്ടെടുക്കുമെന്നും നഗരവാസികൾക്ക് സായാഹ്ന വിശ്രമ കേന്ദ്രം എന്ന നിലയിലും മത്സ്യബന്ധനത്തിന് സൗകര്യപ്രദമായ രീതിയിലും വികസിപ്പിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു. കടൽക്ഷോഭത്തെത്തുടർന്ന് നാശം നേരിട്ട വലിയതുറ കടൽപ്പാലം തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനൊപ്പം സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മൂന്ന് മാസത്തിനുള്ളിൽ പ്രാഥമിക പണികൾ ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

മേയിലെ കനത്ത മഴയെയും അതിശക്തമായ കടൽക്ഷോഭത്തെയും തുടർന്നാണ് ആറര ദശകം പഴക്കമുള്ള തിരുവനന്തപുരത്തെ വലിയതുറ പാലത്തിന് കേടുപാടുകൾ സംഭവിച്ചത്. കനത്ത മഴയിലും കടുത്ത കടൽക്ഷോഭത്തിലും പാലത്തിന് വിള്ളലുണ്ടായി. പാലം ചരിയുകയും ചെയ്തു.

നിരന്തര കടൽക്ഷോഭം കാരണം പാലത്തിന്റെ പത്ത് തൂണുകൾ താഴ്ന്ന നിലയിലാണ്. അതിനാൽ സന്ദർശകരെ അനുവദിക്കുന്നില്ല. അപകട സാധ്യത കാരണം പാലത്തിലേക്കുള്ള വാതിൽ മേയ് മാസത്തിൽ പൂട്ടിയിട്ടിരുന്നു.

നേരത്തെ തന്നെ ബലക്ഷയം കാരണം തുറമുഖവകുപ്പ് പാലത്തിലേക്കുള്ള യാത്രയും മറ്റും നിയന്ത്രിച്ചിരുന്നു. കുറച്ച് കാലം മുമ്പ് പാലം പുതുക്കി പണിതപ്പോൾ മുൻകാലത്തുണ്ടായിരുന്ന റെയിലുകൾ മാറ്റുകയും പകരം പാലം ടാർ ചെയ്ത് നാലടിയോളം ഉയരത്തിൽ സിമന്റ് ഉപയോഗിച്ച് കൈവരി കെട്ടുകയും ചെയ്തിരുന്നു. അത് കാരണം ഭാരം കൂടിയതായിരിക്കാം മേയ് മാസത്തിൽ പാലം താഴാൻ കാരണമെന്ന് സംശയിക്കുന്നവരുണ്ട്.

എന്നാൽ, വിഴിഞ്ഞം തുറുമുഖ നിർമ്മാണത്തിനായി കടലിൽ കല്ലിട്ടപ്പോൾ അത് ശംഖുമുഖം കടലോരത്ത് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും അതിന്റെ ഭാഗമായാണ് വലിയതുറ പാലത്തിന് നാശമുണ്ടായതെന്നും കരുതുന്നവരുമുണ്ട്. കഴിഞ്ഞ കുറേക്കാലമായി മുമ്പില്ലാത്തവിധം ശംഖുമുഖം പ്രദേശം കടലാക്രമണത്തിന് വിധേയമാകുകയും കടൽത്തീരം തകർച്ച നേരിടുകയും ചെയ്യുന്നതും ഈ സംശയത്തിന് അടിസ്ഥാനമായി അവർ ചൂണ്ടിക്കാണിക്കുന്നു.

അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. മൂന്ന് മാസത്തിനുള്ളിൽ പ്രാഥമിക പണികൾ ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കി മത്സ്യത്തൊഴിലാളികളുടെ അസൗകര്യങ്ങൾ പരിഹരിക്കണമെന്നും സന്ദർശകരെ അനുവദിക്കണമെന്നും ഒരു പ്രധാന ആകർഷണ കേന്ദ്രമായി നിലനിർത്തണമെന്നും ഗതാഗത മന്ത്രി ആന്റണി രാജു നിർദേശിച്ചു.

Also read: 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും 15നുള്ളില്‍ ആദ്യ ഡോസ് വാക്സിൻ നൽകുമെന്ന് സർക്കാർ

തീരമേഖലയിലെ തുടരെയുള്ള കടൽക്ഷോഭത്തെ ക്കുറിച്ചും വികസന പ്രവർത്തനങ്ങളെക്കുറിച്ചും തുറമുഖ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രിമാർ ചർച്ച നടത്തി. കടൽപ്പാലം പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് ജിയോ ടെക്‌നിക്കൽ പഠനം നടത്താൻ ഐഐടിയെ ചുമതലപ്പെടുത്തിയെന്ന് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

വള്ളക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി ആന്റണി രാജു വിലയിരുത്തി. തീരപ്രദേശ മേഖലയെ തിരുവനന്തപുരം നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ പാലം എത്രയും പെട്ടന്ന് പൂർത്തിയാക്കി സഞ്ചാരം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. താൽക്കാലിക പാലത്തിന്റെ നിർമ്മാണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശം നൽകി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Iit will conduct a geotechnical study to renovate the valiyathura sea bridge

Next Story
60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും 15നുള്ളില്‍ ആദ്യ ഡോസ് വാക്സിൻ നൽകുമെന്ന് സർക്കാർcovid, covid vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com