പമ്പ: ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരമായ സാഹചര്യത്തിൽ പമ്പയിൽ നിന്നും സന്നിധാനം വരെയുളള മേൽനോട്ടത്തിനായി ഐജി ശ്രീജിത്തിനെക്കൂടി നിയോഗിച്ചു. പാലക്കാട് എസ്‍പി ദേബേഷ് കുമാർ ബെഹ്‍റയ്ക്കാണ് പമ്പയുടെ ചുമതല.

ക്രമസമാധാന ചുമതലയ്ക്ക് ഇന്നലെ മേൽനോട്ടം വഹിച്ചത് എഡിജിപി അനിൽ കാന്ത് മിശ്രയും ഐജി മനോജ് എബ്രഹാമും ആയിരുന്നു. ഇവർക്ക് പുറമെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തിന്റെ സുരക്ഷ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിലും പൊലീസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ പൊലീസ് കടുത്ത നടപടികളിലേക്ക് കടക്കും.   മതസ്‍പർധ വളർത്തുന്ന സന്ദേശങ്ങളയച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. പൊലീസുകാരെ ആക്രമിക്കാനുളള സന്ദേശങ്ങളടക്കം സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സാഹചര്യത്തിലാണിത്.

അതേസമയം, പമ്പ മുതൽ സന്നിധാനം വരെയുളള ഭാഗത്ത് കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തീരുമാനം. കാനനപാതയിൽ മുഴുവൻ പൊലീസുകാരെ വിന്യസിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ആളുകൾ വിശ്രമിക്കാനിരിക്കുന്ന പോയിന്റുകൾ കേന്ദ്രീകരിച്ച് സുരക്ഷയൊരുക്കാനാണ് ശ്രമം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.