തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ ആരും ബ്ലൂ വെയ്ൽ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തതായി സ്ഥിരീകരണമില്ലെന്ന് ഐജി മനോജ് എബ്രഹാം. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരികയാണെന്നും ഐജി പറഞ്ഞു.

“ബ്ലൂ വെയ്ൽ ഗെയിം ആപ്പോ, അതിന്റെ ലിങ്കോ ലഭിച്ചതായി ഇതുവരെ ആരും പറഞ്ഞിട്ടില്ല. പൊലീസ് വളരെ ഗൗരവത്തോടെ ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. പക്ഷെ ഇതുവരെ കേരളത്തിൽ നടത്തിയ പരിശോധനയിൽ ഗെയിമുമായി ബന്ധപ്പെട്ട ഒരു ലിങ്ക് പോലും കണ്ടെത്താനായിട്ടില്ല”, ഐജി വിശദീകരിച്ചു.

സൈബർ സെല്ലിന്റെയും സൈബർ ഡോമിന്റെയും സഹായത്തോടെയാണ് ഇപ്പോഴത്തെ അന്വേഷണം മുന്നോട്ട് പോകുന്നത്. തിരുവനന്തപുരം വിളപ്പിൽ ശാലയിൽ കൗമാര പ്രായക്കാരനായ മകൻ മരിച്ചത് ഗെയിം കളിച്ചാണെന്ന വെളിപ്പെടുത്തലിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ഐജി മറുപടി പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ