തിരുവനന്തപുരം: മദ്യലഹരിയിൽ ഔദ്യോഗിക വാഹനത്തിൽ യാത്രചെയ്ത ക്രൈംബ്രാഞ്ച് ഐജി ഇ.ജെ.ജയരാജനെ സസ്‌പെൻഡ് ചെയ്തു. ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഒപ്പുവച്ചു. ഐജിക്കെതിരെ നടപടി വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ ശുപാർശ ചെയ്തിരുന്നു. ഐജിക്കൊപ്പമുണ്ടായിരുന്ന ഡ്രൈവർ സന്തോഷിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

മദ്യപിച്ച് ഔദ്യോഗിക വാഹനത്തിൽ കറങ്ങുകയായിരുന്ന ഐജിയെയും ഡ്രൈവറെയും കൊല്ലം അഞ്ചലിൽ വച്ച് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഡിജിപിയുടെ നിർദേശപ്രകാരം വൈദ്യപരിശോധന നടത്തി ഇരുവർക്കെതിരേയും അന്വേഷണം നടത്തി.

മദ്യപിച്ചു വാഹനമോടിച്ചതിനു ഡ്രൈവർ സന്തോഷിനെതിരെയും മദ്യപിച്ച ഡ്രൈവറെ വാഹനമോടിക്കാൻ പ്രേരിപ്പിച്ചതിനു ജയരാജിനെതിരെയും കേസെടുത്തിരുന്നു. സംഭവം പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും ഐജിക്കെതിരെ കർശന നടപടി വേണമെന്നും കൊല്ലം റൂറൽ എസ്‌പി ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടിക്ക് ഡിജിപി മുഖ്യമന്ത്രിയോട് ശുപാർശ ചെയ്തത്. മദ്യപിച്ചു വാഹനത്തിൽ കറങ്ങിയതിനൊപ്പം ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതും ഐജിയുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണെന്നു ഡിജിപി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഐജി ജയരാജ് മുൻപ് ട്രെയിൻ യാത്രയ്ക്കിടെ അമിതമായി മദ്യപിച്ച് ബഹളമുണ്ടാക്കിയത് വിവാദമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ