തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്ത സംഭവത്തിൽ എസ്പി ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം. ദക്ഷിണ മേഖലാ ഐജി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് പരാതി നൽകിയത്.
പാർട്ടിയെ അപമാനിക്കാനാണ് എസ്പി റെയ്ഡ് നടത്തിയതെന്നാണ് ആരോപണം. ഉന്നതതല അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസാണ് നിർദ്ദേശിച്ചത്. തിരുവനന്തപുരം നഗരത്തിൽ ക്രമസമാധാന പാലനത്തിന്റെ താത്കാലിക ചുമതലയാണ് ഡിസിപി വഹിച്ചത്. അവധിയിലായിരുന്ന ഡിസിപി ആർ.ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തിയാണ് ചുമതല ഏൽപ്പിച്ചത്. റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡിസിപിയോട് വിശദീകരണം ചോദിക്കുകയും ചെയ്തു.
ജനുവരി 23ന് രാത്രി അൻപതോളം ഡിവൈഎഫ്ഐ പ്രവർത്തകർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞതിനാണ് റെയ്ഡ് നടത്തിയത്. പ്രധാന പ്രതികൾ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഒളിവിൽ കഴിയുന്നതായി സിറ്റി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ചൈത്രയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാർട്ടി ഓഫിസിൽ എത്തിയത്.
സിപിഎം നേതാക്കൾ പൊലീസിനെ തടഞ്ഞെങ്കിലും പരിശോധന നടത്താതെ പോകില്ലെന്നു ഡിസിപി നിലപാട് എടുത്തതോടെ നേതാക്കൾ വഴങ്ങുകയായിരുന്നു.