കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കിയ ദാസ്യപ്പണി വിവാദം വനംവകുപ്പിലും. കുമളി പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ ഡപ്യൂട്ടി ഡയറക്‌ടര്‍ ശിൽപ വി.കുമാറിനെതിരെയാണ് പരാതി.  ദലിത് സ്ത്രീക്കുവേണ്ടി പൊതുപ്രവർത്തകൻ സമര്‍പ്പിച്ച പരാതിയില്‍ വിജിലന്‍സ് തെളിവെടുപ്പ് ആരംഭിച്ചു.

പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷനിലെ ഇക്കോ റേഞ്ചിനുകീഴില്‍ ഡിവിഷന്‍ ഓഫീസായ രാജീവ് ഗാന്ധി സെന്‍ററിലെ ദിവസ വേതന ജീവനക്കാരി പഞ്ചവർണം എന്ന ദലിത് സ്ത്രീയെയാണ് ദാസ്യപ്പണിക്കായി ഉപയോഗിച്ചതെന്ന് പരാതി.   യുവതിക്കുവേണ്ടി പൊതുപ്രവര്‍ത്തകന്‍ സജിമോൻ സലീമാണ് വനം വകുപ്പ് മന്ത്രി കെ.രാജുവിനും, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.കെ.കേശവനും പരാതി സമര്‍പ്പിച്ചത്.

ശില്‍പ വി.കുമാര്‍ വീട്ട് ജോലികള്‍ ചെയ്യിക്കുന്നതായും, വസ്ത്രങ്ങള്‍ കഴുകിക്കുന്നതായും, പലചരക്ക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങാന്‍ വിടുന്നതായുമാണ് പഞ്ചവര്‍ണത്തിന്‍റെ പരാതി. പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ ഡപ്യൂട്ടി ഡയറക്‌ടറായി ചുമതലയേറ്റ അന്ന് മുതല്‍ തന്നെ വീട്ടു ജോലി ചെയ്യിക്കുന്നതായും പരാതിയില്‍ പറയുന്നു. തന്‍റെയും വനംവകുപ്പില്‍തന്നെ വാച്ചറായി ജോലി ചെയ്യുന്ന മകന്‍റെയും ജോലി നഷ്‌ടപ്പെടുമെന്ന ഭയത്താലാണ് ഇതുവരെ പരാതി ഉന്നയിക്കാഞ്ഞതെന്നും പരാതിയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.