തിരുവനന്തപുരം: 27-ാമത് രാജ്യാന്തര ചലച്ചിത്രമേള (ഐ എഫ് എഫ് കെ) ഡിസംബർ ഒൻപതിന് ആരംഭിക്കും. എട്ടു ദിവസത്തെ മേളയില്‍ 14 സ്ക്രീനുകളിലായി 185 ചിത്രങ്ങളായിരിക്കും പ്രദര്‍ശിപ്പിക്കുക. പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം അനുവദിക്കുന്നത്.
ലോക സിനിമയിൽ നിശ്ശബ്ദതയുടെ സൗന്ദര്യം വിളിച്ചോതുന്ന അപൂർവചിത്രങ്ങളും യുദ്ധവും ജീവിതത്തിന്റെ അതിജീവനവും പ്രമേയമാക്കിയ സെർബിയൻ ചിത്രങ്ങളുമാണ് മേളയുടെ മുഖ്യ ആകർഷണം. സെർബിയയിൽ നിന്നുള്ള ആറു ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.
അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം ,ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, കൺട്രി ഫോക്കസ്,ഹോമേജ് തുടങ്ങി 17 വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.
എഫ് ഡബ്ലിയൂ മുർണോ, എമിർ കുസ്റ്റുറിക്ക, ബേലാ താർ, അലഹാന്ദ്രോ ജോഡോറോവ്സ്കി, പോൾ ഷ്രെഡർ എന്നിവരുടെ ചിത്രങ്ങൾ അടങ്ങിയ പ്രത്യേക പാക്കേജുകൾ, സൈലന്റ് ഫിലിംസ് വിത്ത് ലൈവ് മ്യൂസിക് എന്നിവയും ഇത്തവണത്തെ മേളയുടെ ഭാഗമാണ്.
ലോക സിനിമയിലെ ഇതിഹാസമായ ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് 27-ാമത് ഐ എഫ് എഫ് കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും. പത്ത് ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. ഇന്ത്യയിൽ ആദ്യമായെത്തുന്ന ബേലാ താറിന് ഡിസംബർ 16 ന് നടക്കുന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.
ദാർദൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ടോറി ആൻഡ് ലോകിതയാണ് ഉദ്ഘാടന ചിത്രം. ഫ്രഞ്ച് ഭാഷയിലുള്ള ഈ ബെൽജിയൻ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണിത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ നടന്ന കാൻ ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും കാൻ 75-ാം വാർഷിക പുരസ്കാരം നേടുകയും ചെയ്ത ഈ ചിത്രം ആഫ്രിക്കയിൽ ജനിച്ച് ബെൽജിയം തെരുവുകളിൽ വളരുന്ന അഭയാർഥികളായ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.