തിരുവനന്തപുരം: 2022 ഫെബ്രുവരി നാലാം തീയതി മുതല്‍ നടത്താനിരുന്ന 26 –മത് അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുവാന്‍ തീരുമാനമായതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്രമേള ഫെബ്രുവരി നാല് മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരത്തെ പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസമായി മേള നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ചലച്ചിത്രോത്സവം മാറ്റിവയ്ക്കാനുള്ള തീരുമാനം. ഞായറാഴ്ച ഇന്നലെ സംസ്ഥാനത്ത് 18,000ൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് (ടിപിആർ) 30 ശതമാനത്തിലെത്തുകയും ചെയ്തിരുന്നു.
രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസം പൊതുപരിപാടികൾക്കും കൂടിച്ചേരലുകൾക്കുമെല്ലാം നിരോധനം ഏർപ്പെടുത്തിയിരുന്നു.
Also Read: സ്‌കൂളുകളിൽ വാക്സിനേഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; വാക്സിൻ നൽകുക രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം
വ്യാപനം വർധിച്ച സാഹചര്യത്തിൽ മറ്റു ജില്ലകളിലും നിയന്ത്രണങ്ങൾ കുടുപ്പിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ എല്ലാ പൊതുപരിപാടികളും കലക്ടർ നിരോധിച്ചു. വിവാഹ, മരണാന്തര ചടങ്ങുകളിൽ പരമാവധി 50 പേരെ പങ്കെടുക്കാവൂ.
കോഴിക്കോട് ജില്ലയില്‍ പൊതുയോഗങ്ങള്‍ അനുവദിക്കില്ല. പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കും. ബസില്‍നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.
ആലപ്പുഴയിൽ പൊതുപരിപാടികൾ, വിവാഹ, മരണാന്തര ചടങ്ങുകളിൽ പരമാവധി 50 പേരെ അനുവദിക്കൂ. എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിലെ പ്രവേശനം നൽകൂ.
കോഴിക്കോട് നഗരത്തിൽ ബീച്ചില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കുമെന്നും കലക്ടര്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചിരുന്നു.