തിരുവനന്തപുരം: ഐഎഫ്എഫ്കെ കൊച്ചി എഡിഷനിൽ നിന്ന് നടൻ സലിം കുമാറിനെ മാറ്റിനിർത്തിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഎഫ്എഫ്കെ പോലൊരു അന്താരാഷ്ട്ര ചലച്ചിത്രവേദിയിൽ മലയാളത്തിന്റെ ദേശീയ പുരസ്കാര ജേതാവിനെ രാഷ്ട്രീയത്തിന്റെ പേരിൽ മാറ്റി നിർത്തിയത് മലയാള സിനിമയോടുള്ള അവഹേളനമാണെന്ന് ചെന്നിത്തല ആരോപിച്ചു.
“ലോകത്ത് എല്ലാ മനുഷ്യർക്കും അവരവരുടേതായ ബോധ്യങ്ങളും വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളുമുണ്ട്. നീതിബോധമുള്ള മനുഷ്യരുടെ പ്രത്യേകതയാണത്. സലിംകുമാർ കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യ മതേതര ആശയങ്ങൾ മുറുകെ പിടിക്കുന്ന ഉറച്ച കോൺഗ്രസുകാരനാണ്. കമ്യൂണിസ്റ്റുകാരല്ലാത്തവരുടെ കലാജീവിതം റദ്ദായി പോകുമെന്നും, ഒരാൾ അംഗീകരിക്കപ്പെടണമെങ്കിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കണമെന്നും ഒരു സർക്കാർ വാശിപിടിക്കുന്നത് ഫാഷിസമാണ്. അംഗീകാരങ്ങൾക്കുവേണ്ടി തന്റെ ബോധ്യങ്ങളെ ബലി കഴിക്കാത്ത സലിംകുമാർ എന്ന മലയാളിയുടെ പ്രിയനടന് അഭിവാദ്യങ്ങൾ,” ചെന്നിത്തല പറഞ്ഞു. എംഎൽഎമാർ അടക്കമുള്ള നിരവധി കോൺഗ്രസ് നേതാക്കൾ സലിം കുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: ഐശ്വര്യ റായിയെ ഓർമ്മിപ്പിച്ച് ബിഗ് ബോസ് താരം; സൂര്യ മേനോനെ കുറിച്ച് കൂടുതലറിയാം
ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. നടൻ സലിം കുമാർ തന്നെയാണ് ഇക്കാര്യം ഉന്നയിച്ച് രംഗത്തു വന്നത്. ദേശീയ അവാർഡ് ജേതാക്കളായിരുന്നു മേളയ്ക്ക് തിരി തെളിയിക്കേണ്ടിയിരുന്നത്. എന്നാൽ സംവിധായകരായ ആഷിഖ് അബുവും അമൽ നീരദും ചേർന്നാണ് ഐഎഫ്എഫ്കെ കൊച്ചി എഡിഷന് തിരി തെളിയിച്ചത്.
“ഐഎഫ്എഫ്കെയ്ക്ക് ആരും എന്നെ ക്ഷണിച്ചില്ല. മുൻപ് തിരുവനന്തപുരത്ത് കമ്മിറ്റി കൂടിയപ്പോൾ ‘സലിം കുമാറിനെ വിളിക്കേണ്ടേ? ദേശീയ പുരസ്കാരം വാങ്ങിയ ആളല്ലേ?’ എന്ന് ടിനി ടോം ചോദിച്ചിരുന്നെങ്കിലും അവർ അന്നെന്തോ ഒഴിവ് കഴിവ് പറയുകയായിരുന്നു.”
“ഇന്ന് സംഘാടകസമിതിയെ വിളിച്ചപ്പോൾ, എനിക്ക് പ്രായക്കൂടുതൽ ഉള്ളതു കൊണ്ടാണ് ഒഴിവാക്കിയത് എന്നാണ് പറഞ്ഞത്. അങ്ങനെയാണെങ്കിൽ അമൽ നീരദും ആഷിഖ് അബുവുമൊക്കെ എന്റെ കൂടെ മഹാരാജാസ് കോളേജിൽ പഠിച്ചിട്ടുള്ള ആൾക്കാരാണ്. അവരേക്കാൾ രണ്ടു മൂന്നു വയസ്സിന് മൂപ്പെ എനിക്ക് ഉള്ളൂ. പ്രായമൊക്കെ നോക്കിയിട്ടാണോ ഉദ്ഘാടനത്തിന് വിളിക്കേണ്ടത്?” സലിം കുമാർ ചോദിക്കുന്നു.
“ഇതവർ വെറുതെ ന്യായീകരിക്കാൻ പറയുകയാണ്. എന്റെ രാഷ്ട്രീയം അവർക്ക് അംഗീകരിക്കാൻ പറ്റുന്നില്ല, അതുകൊണ്ട് ന്യായീകരണം നടത്തുകയാണ്. കലയും സംസ്കാരവുമൊക്കെ രാഷ്ട്രീയക്കാർ വിലയ്ക്ക് വാങ്ങി കഴിഞ്ഞല്ലോ!,” ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സലിം കുമാർ പ്രതികരിച്ചു. കലയും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ശബ്ദമാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിന്റെയോ ചലച്ചിത്ര അക്കാദമി അധികാരികളുടെയോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.