തിരുവനന്തപുരം: ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്‌കാരം നതാലി ആല്‍വാരെസ് മെസെന്‍ സംവിധാനം ചെയ്ത സ്വീഡിഷ് ചിത്രം ‘ക്ലാര സോല’യ്ക്ക്. 20 ലക്ഷം രൂപയും ശില്‍പ്പവും ഉള്‍പ്പെടുന്നതാണു സംവിധായകനും നിര്‍മാതാവിനും സംയുക്തമായി നല്‍കുന്ന പുരസ്‌കാരം.
മികച്ച നവാഗത സംവിധായികയ്ക്കുള്ള രജത ചകോരം പുരസ്‌കാരവും (മൂന്ന് ലക്ഷം രൂപയും ശില്‍പ്പവും) നതാലി ആല്‍വാരെസ് മെസൊനാണ്.
മികച്ച സംവിധായികയ്ക്കുള്ള രജത ചകോരം പുരസ്‌കാരം (നാല് ലക്ഷം രൂപയും ശില്‍പ്പവും) ‘കാമില കംസ് ഔട്ട് ടുനെറ്റ്’ എന്ന ചിത്രത്തിലൂടെ ഇനെസ് മരിയ ബരിനേവോ സ്വന്തമാക്കി.
മികച്ച ചിത്രത്തിനുള്ള പ്രേക്ഷക രജതചകോരം പുരസ്‌കാരം (രണ്ട് ലക്ഷം രൂപ) വിനോദ് രാജ് പി എസ് സംവിധാനം ചെയ്ത ‘കൂഴംഗള്‍’ നേടി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ‘കൂഴംഗള്‍’ സ്വന്തമാക്കി. കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹം നെറ്റ്പാക് പുരസ്‌കാരത്തിന് അര്‍ഹമായ മികച്ച മലയാള ചിത്രം.
മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രെസ്‌കി പുരസ്‌കാരത്തിന് ഡീന അമര്‍ സംവിധാനം ചെയ്ത ‘യൂ റിസംബിള്‍ മീ’, മലയാള ചിത്രത്തിനുള്ള പുരസ്‌കാരത്തിന് ‘ആവാസവ്യൂഹം’ എന്നിവ അര്‍ഹമായി.
Also Read: ചലച്ചിത്ര മേഖലയിലെ സ്ത്രീ സുരക്ഷ: കരട് നിയമം തയ്യാറായതായി സജി ചെറിയാന്‍
മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനുള്ള എഫ്എഫ്എസ്‌ഐ കെ.ആര്‍ മോഹനന്‍ പുരസ്‌കാരം (ഒരു ലക്ഷം രൂപ) ‘ഐ ആം നോട്ട് ദി റിവര്‍ ഝേലം’ (ബേ ചെസ് നേ വെത്) എന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രഭാഷ് ചന്ദ്രയും ‘നിഷിദ്ധോ’ സംവിധായിക താര രാമാനുജനും പങ്കിട്ടു.
‘കമീല കംസ് ഔട്ട് ടുനൈറ്റ്’ എന്ന ചിത്ത്രിലെ അഭിനയത്തിന് നീന ഡിയെംബ്രൌസകി പ്രത്യേക പരാമര്‍ശം നേടി. ‘ലെറ്റ് ഇറ്റ് ബി മോണിങ്’ സംവിധായകന്‍ എറാന്‍ കൊളിരിനും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.
സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. മികച്ച സിനിമകളുടെ പ്രദര്‍ശനംകൊണ്ടും സംഘാടനംകൊണ്ടും സിനിമാ ആസ്വാദകരുടെ സഹകരണംകൊണ്ടും എല്ലാം തികഞ്ഞ മേളയായിരുന്നു ഇത്തവണത്തേതെന്ന് അദ്ദേഹം പറഞ്ഞു.
ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥിയായിരുന്നു. മന്ത്രി വിഎന്‍ വാസവനും എഴുത്തുകാരന്‍ ടി പത്മനാഭനും ജൂറി ചെയര്‍മാന്‍മാരും പങ്കെടുത്തു.
അറുപതിലേറെ രാജ്യങ്ങളില്‍നിന്നുള്ള 173 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 14 ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്‌കാരത്തിനായി മത്സരിച്ചത്. ഇതില്‍ ഒമ്പത് ചിത്രങ്ങള്‍ വനിതാ സംവിധായകരുടേതായിരുന്നു. എട്ട് ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതും.