IFFK 2019: ഐഎഫ്എഫ്കെ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം നടന്നു

ഡിസംബര്‍ ആറിന് വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി തിയേറ്ററിലാണ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം

Iffk 2019, IFFK 2019 delegate cell Inauguration, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള ചലച്ചിത്ര മേള

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെയും ഫെസ്റ്റിവല്‍ ഓഫീസിന്റെയും ഉദ്ഘാടനം സാംസ്കാരിക മന്ത്രി എ.കെ ബാലന്‍ നിർവ്വഹിച്ചു. ടാഗോര്‍ തിയേറ്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നടി അഹാന കൃഷ്ണകുമാർ ആദ്യ പാസ് ഏറ്റുവാങ്ങി. നടന്‍ ഇന്ദ്രന്‍സ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, എക്സിക്യുട്ടീവ് ബോര്‍ഡ് അംഗം സിബി മലയില്‍ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Iffk 2019, IFFK 2019 delegate cell Inauguration, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള ചലച്ചിത്ര മേള

ഉദ്ഘാടനത്തിനു ശേഷം സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. എ.കെ ബാലനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ശ്രീ. കമലും മാധ്യമങ്ങളോട് സംസാരിച്ചു. ഡിസംബര്‍ ആറു മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഇരുപത്തിനാലാമത് ഐ.എഫ്.എഫ്.കെയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സാംസ്കാരിക വകുപ്പു മന്ത്രി അറിയിച്ചു. 10,500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടാഗോര്‍ തിയേറ്ററാണ് മേളയുടെ മുഖ്യവേദി. 14 തിയേറ്ററുകളിലായാണ് സിനിമകളുടെ പ്രദർശനം നടക്കുക.

എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ മല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ 15 ഓളം വിഭാഗങ്ങളിലായി 73 രാജ്യങ്ങളില്‍നിന്നുള്ള 186 ചിത്രങ്ങള്‍ മേളയിൽ പ്രദര്‍ശിപ്പിക്കും. രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ 12 ചിത്രങ്ങളും ‘ഇന്ത്യന്‍ സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ 7 സിനിമകളും പ്രദര്‍ശിപ്പിക്കും. ലോക സിനിമാ വിഭാഗത്തില്‍ ഇത്തവണ 92 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. സമകാലിക ലോകസിനിമയിലെ മഹാരഥന്മാരായ പെദ്രോ അല്‍മോദോവര്‍, മുഹ്സിന്‍ മക്മല്‍ ബഫ്, മൈക്കേല്‍ ഹനേക, കെന്‍ ലോച്ച്, ഫത്തിഹ് അകിന്‍, കോസ്റ്റ ഗാവ്രാാസ്, ഏലിയ സുലൈമാന്‍ തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ മേളയിലുണ്ട്. ലോകത്തെ മുന്‍നിര ചലച്ചിത്രമേളകളായ കാന്‍, വെനീസ്, ടൊറന്‍േറാ, ബെര്‍ലിന്‍, ബുസാന്‍, റോട്ടര്‍ഡാം, സാന്‍ സെബാസ്റ്റ്യന്‍ ഫെസ്റ്റിവലുകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രങ്ങള്‍ ഐഎഫ്എഫ്കെയിൽ കാണാം.

വിവിധ തിയേറ്ററുകളിലായി 8998 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. 3500 സീറ്റുകള്‍ ഉള്ള നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശന വേദി. മുഖ്യവേദിയായ ടാഗോറില്‍ 900 സീറ്റുകളാണ് ഉള്ളത്. സിനിമകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള മൊബൈല്‍ അപ്ളിക്കേഷനും ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സിനിമയുടെ പ്രദര്‍ശന ദിവസത്തിന്റെ തലേ ദിവസം 12 മണി മുതല്‍ അര്‍ധരാത്രി 12 മണിവരെ 24 മണിക്കൂര്‍ റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ക്യൂ നില്‍ക്കാതെ തന്നെ ഭിന്നശേഷിക്കാര്‍ക്കും എഴുപതു കഴിഞ്ഞവര്‍ക്കും തിയേറ്ററുകളില്‍ പ്രവേശനം ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കായി തിയേറ്ററുകളില്‍ റാമ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി വനിതാ വോളന്‍റിയര്‍മാരുടെ സേവനം ലഭ്യമാക്കും. പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.

ഉദ്ഘാടനം

ഡിസംബര്‍ ആറിനാണ് 24 ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഔദ്യോഗിക ഉദ്ഘാടനം. വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി തിയേറ്ററില്‍ സാംസ്കാരിക വകുപ്പു മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ബഹു.സഹകരണം, ടൂറിസം, ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മൂന്നു തവണ നേടിയ ശാരദയാണ് ചടങ്ങിലെ വിശിഷ്ടാതിഥി.

ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് ശ്രീ.ശശി തരൂര്‍ എം.പി മേയര്‍ ശ്രീ.കെ ശ്രീകുമാറിന് നല്‍കി പ്രകാശനം ചെയ്യും. ഡെയ്‌ലി ബുള്ളറ്റിന്‍ ശ്രീ.വി.കെ പ്രശാന്ത് എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.വി.കെ മധുവിന് നല്‍കി പ്രകാശനം ചെയ്യും. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ശ്രീ. ഷാജി എന്‍. കരുണ്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ ശ്രീ.എം. വിജയകുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ.പാളയം രാജന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ‘പാസ്ഡ് ബൈ സെന്‍സര്‍’ പ്രദര്‍ശിപ്പിക്കും.

‘മൂന്നാംലോക സിനിമ’ എന്ന വിപ്ലവകരമായ ചലച്ചിത്രപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ അര്‍ജന്‍റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സമ്മാനിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ക്യാമറയെ സമരായുധമാക്കിയ സൊളാനസിന്‍െറ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സമാപനച്ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുക. സൊളാനസ് അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

ഉദ്ഘാടന ചിത്രം

രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍്റെ ഉദ്ഘാടന ചിത്രമായി സെര്‍ഹത്ത് കരാസ്ളാന്‍ സംവിധാനംചെയ്ത ‘പാസ്സ്ഡ് ബൈ സെന്‍സര്‍’ പ്രദര്‍ശിപ്പിക്കും. ടര്‍ക്കിഷ് സംവിധായകനായ കരാസ്ളാന്റെ ആദ്യ സംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണിത്. ജയില്‍പുള്ളികളുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജയില്‍ജീവനക്കാരന്റെ ആത്മസംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഗോള്‍ഡന്‍ ഓറഞ്ച്, അങ്കാറ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രം യൂറോപ്യന്‍ ചലച്ചിത്ര നിരൂപക സംഘടനയുടെ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.

പാക്കേജുകള്‍

കണ്‍ട്രി ഫോക്കസ്’ വിഭാഗത്തില്‍ സമകാലിക ചൈനീസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി നാല് ചൈനീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘കാലിഡോസ്കോപ്പ്’ വിഭാഗത്തില്‍ ‘മൂത്തോന്‍’, ‘കാന്തന്‍’ എന്നീ മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ അഞ്ചു സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ‘എക്സ്പിരിമെന്‍റാ ഇന്ത്യ’ എന്ന വിഭാഗത്തില്‍ 10 പരീക്ഷണ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിഭജനാനന്തര യുഗോസ്ളാവിയന്‍ ചിത്രങ്ങളുടെ പാക്കേജാണ് മേളയുടെ മറ്റൊരു ആകര്‍ഷണം. യുഗോസ്ളാവിയ, സെര്‍ബിയ, ക്രൊയേഷ്യ, മാസിഡോണിയ തുടങ്ങിയ രാജ്യങ്ങളായി വിഭജിച്ച ശേഷം നിര്‍മ്മിക്കപ്പെട്ട ഏഴു സിനിമകള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ‘കണ്ടമ്പററി മാസ്റ്റേഴ്സ് ഇന്‍ ഫോക്കസ്’ എന്ന വിഭാഗത്തില്‍ സമകാലിക ലോക ചലച്ചിത്രാചാര്യന്മാരായ ടോണി ഗാറ്റ്ലിഫിന്റെയും റോയ് ആന്‍ഡേഴ്സന്റെയും സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മലയാളം റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ ശാരദയുടെ ഏഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

ഹോമേജ്

ഈയിടെ വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകളായ ലെനിന്‍ രാജേന്ദ്രന്‍, എം.ജെ രാധാകൃഷ്ണന്‍, മൃണാള്‍സെന്‍, ഗിരീഷ് കര്‍ണാട് എന്നിവര്‍ക്ക് മേള സ്മരണാഞ്ജലിയര്‍പ്പിക്കും. മിസ് കുമാരിയുടെയും ടി.കെ പരീക്കുട്ടിയുടെയും അമ്പതാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ‘നീലക്കുയില്‍’ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

മറ്റു പരിപാടികള്‍

ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍ തുടങ്ങിയ ചലച്ചിത്ര സംവാദ പരിപാടികള്‍ മേളയുടെ ഭാഗമായി സംഘടിപ്പിക്കും. അതിനു പുറമെ ശബ്ദത്തിന്റെ സൗന്ദര്യശാസ്ത്രം, ഡിജിറ്റല്‍ സ്ട്രീമിംഗിന്റെ കാലത്തെ ചലച്ചിത്രമേള, ആധുനിക ചൈനീസ് സിനിമയും ഫിലിം റെസ്റ്ററേഷന്‍ സാങ്കേതികതയും എന്നീ വിഷയങ്ങളിലുള്ള സെമിനാറുകളും അനുബന്ധമായി സംഘടിപ്പിക്കുന്നുണ്ട്.

ഫിലിം മാര്‍ക്കറ്റ്

മലയാള സിനിമയ്ക്ക് അന്താരാഷ്ട്രതലത്തില്‍ പ്രദര്‍ശന, വിപണന സൗകര്യമൊരുക്കുന്നതിനായി 24ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നു. 2019 ഡിസംബര്‍ 8 മുതല്‍ 11 വരെ നടക്കുന്ന ഫിലിം മാര്‍ക്കറ്റില്‍ ദേശീയ, അന്തര്‍ ദേശീയതലങ്ങളില്‍ സേവനം നടത്തുന്ന ഓണ്‍ലൈന്‍ സ്ട്രീമിംഗ് ചാനലുകളും ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാരും സെയില്‍സ് ഏജന്‍സികളും പങ്കെടുക്കും.

2018 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2019 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ പൂര്‍ത്തിയായ മലയാള സിനിമകള്‍ക്ക് ഫിലിം മാര്‍ക്കറ്റില്‍ പങ്കെടുക്കാം. രാജ്യാന്തര ചലച്ചിത്ര മേളകളിലും ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകളിലും സിനിമകളുടെ പ്രദര്‍ശന, വിപണന സാധ്യതകള്‍ തേടുന്ന മലയാളി ചലച്ചിത്രകാരന്മാര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. നാലു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ സംവിധായകര്‍ക്കും മാര്‍ക്കറ്റിംഗ് പ്രതിനിധികള്‍ക്കും കൂടിക്കാഴ്ചയ്ക്കുള്ള അവസരമൊരുക്കും.

ജൂറി അംഗങ്ങള്‍

ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറ, ഇറാനിയന്‍ നടി ഫാത്തിമ മൊദമ്മദ് ആര്യ, കസാഖ് സംവിധായകന്‍ അമീര്‍ കരാക്കുലോവ്, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്‍, മറാത്തി സംവിധായകന്‍ നാഗരാജ് മഞ്ജുളെ എന്നിവരാണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിന്റെ ജൂറി അംഗങ്ങള്‍.

ഇസ്രായേലി ചലച്ചിത്രനിരൂപകന്‍ നച്ചും മോഷിയ, ഇന്ത്യന്‍ ചലച്ചിത്ര നിരൂപകന്‍ സിലാദിത്യാസെന്‍, ബംഗ്ളാദേശി തിരക്കഥാകൃത്തും ചലച്ചിത്ര നിരൂപകയുമായ സാദിയ ഖാലിദ് എന്നിവരാണ് ഫിപ്രസ്കി ജൂറി അംഗങ്ങള്‍. ചലച്ചിത്രനിരൂപകരുടെ അന്താരാഷ്‌ട്ര  സംഘടനയായ ഫിപ്രസ്കി നല്‍കുന്ന രണ്ട് അവാര്‍ഡുകള്‍ ഈ ജൂറി നിര്‍ണയിക്കും.

ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിതനഗെ, ഫിലിപ്പീന്‍സ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകന്‍ റൊളാന്‍ഡോ ബി ടൊലന്‍റിനോ, നെറ്റ്പാക് ഇന്ത്യ മാനേജിംഗ് ട്രസ്റ്റി രാമന്‍ ചൗള എന്നിവരാണ് നെറ്റ്പാക് ജൂറി അംഗങ്ങള്‍. മികച്ച ഏഷ്യന്‍ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനുമുള്ള അവാര്‍ഡ് ഈ ജൂറി നിര്‍ണയിക്കും.

ക്രൊയേഷ്യന്‍ സര്‍വകലാശാലയിലെ ഫിലിം സ്റ്റഡീസ് പ്രൊഫസര്‍ എതാമി ബോര്‍ജാന്‍, ചലച്ചിത്രനിരൂപകരായ പ്രേമേന്ദ്ര മജുംദാര്‍, ജി.പി രാമചന്ദ്രന്‍ എന്നിവരാണ് കെ.ആര്‍. മോഹനന്‍ ജൂറി അംഗങ്ങള്‍. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ഈ ജൂറി നിര്‍ണയിക്കും.

ഐ.എഫ്.എഫ്.കെ രജത ജൂബിലി 2020ൽ

കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക ഉല്‍സവമായി മാറിക്കഴിഞ്ഞ ഐ.എഫ്.എഫ്.കെ കാല്‍നൂറ്റാണ്ടിലേക്ക് പ്രവേശിക്കുകയാണ്. 24ാം പതിപ്പ് കഴിഞ്ഞാല്‍ അടുത്ത വര്‍ഷത്തെ മേള സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ നിറവില്‍ വിപുലമായി ആഘോഷിക്കാനാണ് ലക്ഷ്യമിടുന്നത്.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 1994 ഡിസംബര്‍ 17 മുതല്‍ 23 വരെ കോഴിക്കോട് വെച്ചാണ് ആദ്യ ചലച്ചിത്രമേള നടന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും മേളകള്‍ തിരുവനന്തപുരത്ത് നടന്നു. നാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 1999 ഏപ്രില്‍ മൂന്നു മുതല്‍ 10 വരെ കൊച്ചിയില്‍ നടന്നു. നാലാംമേളയില്‍ എത്തുമ്പോഴേക്കും ചലച്ചിത്ര നിര്‍മ്മാതാക്കളുടെ അന്താരാഷ്ട്ര സംഘടനയായ ഫിയാഫിന്റെ അംഗീകാരം ലഭിച്ചിരുന്നു. മല്‍സര വിഭാഗം ആരംഭിച്ചത് ഈ മേളയിലാണ്. 2000 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴുവരെ കോഴിക്കോട് നടന്ന അഞ്ചാമത് ചലച്ചിത്രമേളക്കു ശേഷം തിരുവനന്തപുരം സ്ഥിരംവേദിയായി നിശ്ചയിക്കുകയായിരുന്നു.

മൂന്നാംലോക രാജ്യങ്ങളിലെ, പ്രത്യേകിച്ച് ആഫ്രോ-ഏഷ്യന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സിനിമകള്‍ക്കാണ് ഐ.എഫ്.എഫ്.കെ പ്രാമുഖ്യം നല്‍കുന്നത്. മല്‍സരവിഭാഗത്തില്‍ ഈ മേഖലയില്‍നിന്നുള്ള ചിത്രങ്ങള്‍ക്കു മാത്രമേ ഐ.എഫ്.എഫ്.കെയിൽ പ്രവേശനം നല്‍കാറുള്ളൂ. പ്രേക്ഷക പങ്കാളിത്തംകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ മേളകളിൽ ഒന്നാണ് ഐ.എഫ്.എഫ്.കെ കണക്കാക്കപ്പെടുന്നത്.

Read more: IFFK 2019: 14 വേദികൾ, 186 ചിത്രങ്ങൾ; കേരളത്തിന്റെ സിനിമാ വസന്തമൊരുങ്ങുന്നു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Iffk 2019 delegate cell inauguration

Next Story
വിദ്യാഭ്യാസമേഖലയുടെ അന്തസ് നശിപ്പിക്കരുത്; മാര്‍ക്ക്ദാന വിവാദത്തില്‍ ഗവര്‍ണര്‍Kerala Governor, കേരള ഗവര്‍ണര്‍, Governor Arif Mohammad Khan, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, Governor Arif Mohammad Khan against Kerala legislative assembly resolution, പൗരത്വനിയമ ഭേദഗതിക്കെതിരായ നിയമസഭാ പ്രമേയത്തിനെതിരെ ഗവര്‍ണര്‍,  Kerala legislative assembly, കേരള നിയമസഭ, Anti CAA Protest, പൗരത്വവിരുദ്ധ പ്രക്ഷോഭം, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, Indian History Congress, ഇന്ത്യൻ ചരിത്ര കോൺഗ്രസ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express