തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറ്റവും നിയമലംഘനവും നടത്തിയെന്ന് റിപ്പോർട്ടിന്രെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.

ജില്ലാ കളക്ടര്‍ അന്തിമ റിപ്പോർട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ ഒരു നിമിഷം വൈകാതെ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസിന്റെ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മ്മാണത്തിലും മാര്‍ത്താണ്ഡം കായല്‍ നിലം നികത്തിയതിലും നിയമലംഘനം നടന്നിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു എന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. ഈ സാഹചര്യത്തില്‍ തോമസ് ചാണ്ടി ഇനിയും അധികാരത്തില്‍ തുടരുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ഒരു സെന്റ് ഭൂമിയെങ്കിലും കയ്യേറിയെന്ന് തെളിഞ്ഞാല്‍ രാജി വച്ച് വീട്ടില്‍ പോകുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ച തോമസ് ചാണ്ടി വാക്കു പാലിക്കുന്നില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് അടിച്ചു പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. 32 ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരു വ്യക്തിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ യു.ഡു.എഫ് നേതാക്കളുടെ പേരില്‍ കേസെടുക്കാന്‍ കാണിച്ചതിന്റെ നൂറിലൊന്ന് താത്പര്യം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ കാണിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.

നേരത്തെ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയ കളക്ടറെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ മന്ത്രി ശ്രമിച്ചെങ്കിലും സത്യം മൂടി വയ്ക്കാന്‍ കഴിഞ്ഞില്ല. അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മന്ത്രി ഇനിയും അധികാരത്തില്‍ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ