തിരുവനന്തപുരം: റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണെന്ന് മന്ത്രി എംഎം മണി. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കില്‍ പിന്നെന്തിനാ 1.76 ലക്ഷം കോടി രൂപയുടെ ‘റിസര്‍വ്’ എടുത്തു കൊണ്ടുപോകുന്നതെന്ന് മന്ത്രി ചോദിച്ചു.
പാവപ്പെട്ട കോര്‍പ്പറേറ്റുകളുടെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാനായിരിക്കും റിസര്‍വ് എടുക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ സാധാരണ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രസര്‍ക്കാരിന് ഒരു വിഷയേ അല്ലല്ലോ എന്നും പറഞ്ഞു.
‘രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടോ? ഏയ്, എവിടെ ? ഇല്ലേ ഇല്ല എന്നായിരുന്നല്ലോ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. ഇപ്പോളിതാ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ‘റിസര്‍വ് ബാങ്കിലെ റിസര്‍വ് ഞാനിങ്ങെടുക്കുകയാ’ എന്ന് കേന്ദ്ര ധനമന്ത്രി പറയുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കില്‍ പിന്നെന്തിനാ 1.76 ലക്ഷം കോടി രൂപയുടെ ‘റിസര്‍വ്’ എടുത്തു കൊണ്ടുപോകുന്നത്? ‘പാവപ്പെട്ട കോര്‍പ്പറേറ്റുകളുടെ’ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാനായിരിക്കും. സാധാരണ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രസര്‍ക്കാരിന് ഒരു വിഷയമേ അല്ലല്ലോ!’ എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.
Read More: ആശ്വാസ കരുതൽ; ആര്‍ബിഐയുടെ 1.76 ലക്ഷം കോടി കരുതല്‍ ധനം കേന്ദ്ര സര്‍ക്കാരിന് നല്കുന്നു
ആര്‍ബിഐയുടെ കരുതല്‍ ധനശേഖരമായ 1.76 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് നല്‍കുന്നത്. മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ സമിതിയുടെ റിപ്പോര്‍ട്ട് ആര്‍ബിഐ അംഗീകരിച്ചു. റിപ്പോര്‍ട്ടിന് അംഗീകാരം നല്കിയ റിസര്‍വ് ബാങ്ക് കരുതല്‍ ധനശേഖരമായ 1,76,051 കോടി രൂപയാണ് സര്‍ക്കാരിന് നല്‍കുക. രാജ്യത്തെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ സുപ്രധാന തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഇതോടെ മാര്‍ച്ചിനകം കേന്ദ്രസര്‍ക്കാരിന് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിലും 64 ശതമാനം അധികം തുക റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കും.