കൊച്ചി: സഭയ്ക്കെതിരേ നല്കിയ പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ഭീഷണിയുമായി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സഭാ നേതൃത്വത്തിന്റെ കത്ത്. എഫ്സിസി സുപ്പീരിയര്‍ ആന്‍ ജോസഫാണ് കത്തയച്ചത്. തന്നെ സന്യാസ സഭയില്‍നിന്നു പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി നല്കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയതിനു പിന്നാലെയാണ് ഭീഷണിയുമായി സന്യാസ സമൂഹം രംഗത്തെത്തിയിരിക്കുന്നത്.
Read More: സഭയ്ക്കെതിരെ ശബ്ദമുയർത്തുന്ന ‘പാപി’; സിസ്റ്റർ ലൂസിയുടെ ജീവിതം
എഫ്സിസി സിസ്റ്റര്മാര്ക്കെതിരായി കാരക്കാമല മഠത്തില്‍ പൂട്ടിയിട്ടുവെന്ന തരത്തില്‍ നല്‍കിയിരിക്കുന്ന രണ്ടു കേസും നുണയാണെന്ന് എല്ലാവര്ക്കും അറിയാമെന്ന് കത്തില്‍ പറയുന്നു. സന്യാസ സമൂഹത്തിലെ അംഗങ്ങള്‍ക്കെതിരായി കേസുകൊടുക്കാനുള്ള നീക്കം എഫ്സിസി സന്യാസ സമൂഹത്തെ പൊതുസമൂഹത്തിനു മുന്നില്‍ അപമാനിക്കാനുള്ള നീക്കമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഉടന്‍ തന്നെ ഈ കേസുമായി ബന്ധപ്പെട്ട പരാതികള്‍ പിന്‍വലിച്ച് നിരുപാധികം മാപ്പ് അപേക്ഷിക്കണം. ഈ മാപ്പപേക്ഷ പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തുകയും ചെയ്യണം. ഇതിനു തയാറാകാത്ത പക്ഷം സന്യാസ സമൂഹം ഇന്ത്യന്‍ പീനല്‍ കോഡിലെ 499-ാം വകുപ്പു പ്രകാരം സിവിലായും ക്രിമിനലായും നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ പൂട്ടിയിട്ടുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സിസ്റ്റര്‍ ലൂസി മനഃപൂര്‍വം പ്രശ്നം സൃഷ്ടിക്കുകയായിരുന്നുവെന്നും കത്തില്‍ ആരോപിക്കുന്നു. വത്തിക്കാനില്‍ നിന്നുള്ള അപ്പീല്‍ തള്ളിയ കത്ത് സ്വീകരിച്ചതായി രേഖാമൂലം അറിയിക്കണമെന്നും ഇല്ലെങ്കില്‍ കത്ത് ലഭിച്ചതായി കണക്കാക്കി നടപടികള്‍ തുടരുമെന്നും സന്യാസ സമൂഹം അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. വത്തിക്കാന്‍ അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ മഠത്തില്‍ നിന്നു പുറത്തുപോകണമെന്നു പറയുന്ന കത്തില്‍ തുടക്കം മുതല്‍ ലൂസിക്കെതിരായ കണ്ടെത്തലുകളും സ്വീകരിച്ച നടപടികളും എടുത്തു പറയുന്നുണ്ട്.
സഭയില്‍നിന്നു തന്നെ പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നല്കിയ അപ്പീൽ വത്തിക്കാൻ തള്ളിയിരുന്നു. ലൂസി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് വത്തിക്കാന്റെ മറുപടി കത്തില്‍ പറയുന്നു. എന്നാല്‍ മഠത്തില്‍നിന്ന് ഇറങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലൂസി കളപ്പുര. മഠത്തില്‍നിന്ന് ഒരു കാരണവശാലും ഇറങ്ങില്ല. ഒരു ഫോണ്‍ കോളിലൂടെ പോലും തനിക്ക് പറയാനുള്ളത് സഭ കേട്ടില്ല. പൗരസ്ത്യ തിരുസഭയ്ക്ക് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ പോകുമെന്നും ലൂസി കളപ്പുര അറിയിച്ചു.