തിരുവനന്തപുരം: മരട് ഫ്ളാറ്റില്‍ സൂപ്രീം കോടതി വിധി നടപ്പാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ശബരിമല വിധി നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പിന്നെന്തുകൊണ്ട് ഈ വിധിയും നടപ്പാക്കിക്കൂട എന്ന് കാനം ചോദിച്ചു.
മരട് ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തിലാണ് കാനം ഇക്കാര്യം പറഞ്ഞത്.മരട് ഫ്ളാറ്റില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ താമസക്കാര്‍ക്ക് സുപ്രീം കോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്.
മരട് ഫ്ളാറ്റ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന് നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീം കോടതിയുടെ വിധി ഉണ്ടായിട്ടുള്ളതെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്താക്കളെ വഞ്ചിച്ച നിര്‍മാതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തണം. അവര്‍ക്ക് വഴിവിട്ട് അനുമതികള്‍ നല്കിയവരും അവര്‍ക്ക് പ്രചോദനം നല്‍കിയവരുമായ എല്ലാവര്ക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Read More: മരട് ഫ്ലാറ്റ്: ഉപഭോക്താക്കളെ വഞ്ചിച്ച നിർമാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് വിഎസ്
നിയമങ്ങള്‍ ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അക്കാര്യം ചൂണ്ടിക്കാട്ടുമ്പോഴെല്ലാം നീതിപീഠങ്ങളില്നിന്ന് സ്റ്റേ നേടിയ ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും, പിന്നീടത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബില്‍ഡര്‍മാര്‍ ചെയ്യുന്നത്. സമൂഹത്തിലെ ചില വമ്പന്മാര്ക്ക് സൗജന്യമായി ഫ്ലാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്ലാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ടെന്നും വിഎസ് പറഞ്ഞു.
തീരദേശ സംരക്ഷണ നിയമം പാലിച്ചില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവിട്ടത്. ഈ മാസം 20നകം ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. തുടര്‍ന്ന് അഞ്ചുദിവസത്തിനുള്ളില്‍ ഫ്ളാറ്റുകള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഫ്ളാറ്റില്‍ നിന്നും ഒഴിഞ്ഞുപോകില്ലെന്ന നിലപാടിലാണ് ഉടമകള്‍.