കൊച്ചി: അന്തരിച്ച നടൻ കലാഭവന്‍ മണി ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നേനെയെന്ന് നടനും സംവിധായകനുമായ നാദിര്‍ഷാ. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നാദിഷായുടെ പരാമർശം. ഫേസ്ബുക്കിലൂടെയായിരുന്നു നാദിര്‍ഷായുടെ പരാമര്‍ശം

“ഞാൻ ഇന്ന് ഒന്നും ഓർക്കാതെ, എന്‍റെ പ്രിയ സുഹൃത്ത് കലാഭവൻ മണിയുടെ ഫോണിലേക്കു വെറുതെ വിളിച്ചു നോക്കി. അവൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാൻ മുൻപന്തിയിലുണ്ടായിരുന്നേനെ. മിസ് യു ഡാ” എന്നാണ് നാദിര്‍ഷാ ഫേസ് ബുക്കില്‍ കുറിച്ചത്. കലാഭവന്‍ മണിയുടെ മൃതദേഹത്തിനരികെ നാദിര്‍ഷായും ദിലീപും നില്‍ക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

നാദിർഷായുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

നടന്‍ ദിലീപിനെയും നാദിര്‍ഷയെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇരുവരും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ജയിലില്‍ നിന്നുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍വിളിയെ കുറിച്ചും കത്തിനെക്കുറിച്ചും പള്‍സര്‍ സുനിയെക്കുറിച്ചും ഇരുവരും നല്‍കിയത് വ്യത്യസ്ത മൊഴികളായതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

നേരത്തെ ഇരുവരെയും ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തത് 13 മണിക്കൂറിലേറെ നീണ്ടത് വിവാദമായിരുന്നു. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാലാണ് ചോദ്യം ചെയ്യല്‍ നീണ്ടതെന്നാണ് പോലീസ് പറയുന്നത്. കേസിലെ പ്രധാനപ്പെട്ട വിവരങ്ങളില്‍ പോലും ഇരുവരും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകുണ്ട്. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ‍് ഡിജിപി ലോക്നാഥ് ബഹ്റ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കാവ്യാമാധവന്‍റെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ ഇന്ന് ശാസ്ത്രീയ പരിശോധനക്ക് അയക്കും. ദിലീപിന്‍റെയും നാദിര്‍ഷായുടെയും മൊഴികളില്‍ വൈരുധ്യമുള്ള സാഹചര്യത്തില്‍ ഇരുവരും പൊലീസ് നിരീക്ഷണത്തിലാണ്. സിനിമാ മേഖലയിലെ കൂടുതല്‍ പേരെ ചോദ്യംചെയ്തേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ