കോട്ടയം: ശബരിമലയിലെ യുവതീ പ്രവേശന വിധിയിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. താനായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രിയെങ്കിൽ ഇത്തരത്തിൽ ഒരു വിധി വരില്ലായിരുന്നു എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. മാതൃഭൂമിക്ക് വേണ്ടി സംവിധായകൻ സത്യൻ അന്തിക്കാട് നടത്തിയ അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.
“വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആചാരങ്ങൾക്കെതിരായ സത്യവാങ്മൂലം കൊടുത്തത്. 2016 ജനുവരിയിൽ കേസെടുത്തപ്പോൾ ശക്തമായ പുതിയ സത്യവാങ്മൂലം ഞങ്ങൾ കൊടുത്തു. അതാണ് വിധിയിൽ വിയോജിച്ച ജഡ്ജി ചൂണ്ടിക്കാണിച്ചതും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിലും യുഡിഎഫിന്റെ നിലപാടിന് അനുകൂലമായിട്ടാണ് കോടതി വിധി വന്നത്. ആചാര വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തരുത്. വിശ്വാസികളെ മുറിവേൽപ്പിക്കരുത്,” എന്നായിരുന്നു ശബരിമല യുവതി പ്രവേശനവിധിയിലെ നിലപാടിനെക്കുറിച്ചുള്ള സത്യൻ അന്തിക്കാടിന്റെ ചോദ്യത്തിന് ഉമ്മൻ ചാണ്ടി നൽകിയ മറുപടി.
Read More: നാട്ടിൽ പ്രതിഷേധങ്ങൾ, വീട്ടിൽ ചോറൂണ്; മന്ത്രി കെ.ടി ജലീൽ സൂപ്പർ കൂളാണ്
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ കേന്ദ്രത്തിൽ വന്നാൽ ശബരിമല പ്രശ്നം നിയമപരമായി പരിഹരിക്കുമെന്ന് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ, വയനാട് രാഹുൽ ഗാന്ധിക്കായി നടത്തിയ പര്യടന സമയത്ത് ഉമ്മൻചാണ്ടി പറഞ്ഞിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്.
യുപിഎ അധികാരത്തിലെത്തിയാല്‍ ശബരിമല പ്രശ്നം നിയമപരമായി പരിഹരിക്കും. കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുന്ന പാർട്ടിയാണ്. ഇക്കാര്യത്തില്‍ സിപിഎമ്മും ബിജെപിയും സ്വീകരിച്ച നിലപാട് തെറ്റാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
പിന്നീട്, ശബരിമല വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹർജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടി സ്വാഗതാർഹമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ആക്ടിവിസ്റ്റുകളെ തിരഞ്ഞ് കണ്ടുപിടിച്ച് സര്‍ക്കാര്‍ ശബരിമല കയറ്റാന്‍ കൊണ്ടുപോയതാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമായത്. സര്‍ക്കാര്‍ ആ നിലപാടില്‍ നിന്ന് പുറകോട്ട് പോയപ്പോള്‍ മാത്രമാണ് നാട്ടില്‍ സമാധാനം ഉണ്ടായതെന്നായിരുന്നു ഉമ്മൻചാണ്ടി പറഞ്ഞത്.