പാലക്കാട്: മൂന്നു വർഷങ്ങൾക്കു മുൻപാണ് അവനിലെ മാറ്റം ഞങ്ങൾ ആദ്യമായി ശ്രദ്ധിച്ചു തുടങ്ങിയത്. അവൻ താടി നീട്ടി വളർത്താൻ തുടങ്ങി, ഞങ്ങൾ പറയുന്നതൊന്നും കേൾക്കാതെയായി, അറേബ്യൻ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. ആരോടും സംസാരിക്കാതെ പതുക്കെ എല്ലാവരിൽനിന്നും അകന്നു. സിനിമ കാണുന്നതും ടിവി കാണുന്നതും നിർത്തി മൊബൈലിൽ ഇസ്‌ലാമുമായി ബന്ധപ്പെട്ട വീഡിയോകൾ കാണാനും ലേഖനങ്ങൾ വായിക്കാനും തുടങ്ങി. ഒടുവിൽ അവന്റെ അധിക്ഷേപകരമായ ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ സഹോദരൻ അവന് താക്കീത് നൽകി.

കഴിഞ്ഞ ഞായറാഴ്ചയാണ് റിയാസ് അബൂബക്കറിന്റെ (29) കുടുംബത്തിന് അവനിലെ മാറ്റം എന്തുകൊണ്ടായിരുന്നുവെന്ന് മനസിലായത്. പാലക്കാട് കംബ്രത്ചാല ഗ്രാമത്തിലെ അക്ഷയ നഗർ കോളനിയിലെ എട്ടു സെന്റിലുളള ചെറിയ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഓഫിസർമാർ എത്തിയപ്പോഴാണ് മകനെക്കുറിച്ച് മാതാപിതാക്കൾ കൂടുതൽ അറിയുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റ് റിക്രൂട്മെന്റ് നടത്തുന്നതിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതിലും റിയാസിന് പങ്കുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് എൻഐഎ ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിലെ സ്ഫോടന പരമ്പരയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഭീകരൻ സഹ്റാൻ ഹാഷിമിന്റെ പ്രസംഗങ്ങളും വീഡിയോകളും റിയാസ് ഫോളോ ചെയ്തിരുന്നുവെന്നും കേരളത്തിലും ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ടതായും എൻഐഎ പറയുന്നു.

ചൊവ്വാഴ്ച ദി ഇന്ത്യൻ എക്സ്പ്രസ് റിയാസിന്റെ വീട്ടിൽ എത്തുമ്പോൾ മകന് ഐഎസുമായി ബന്ധമുണ്ടെന്ന വസ്തുത കുടുംബത്തിന് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. അവർ ഇപ്പോഴും ഞെട്ടലിലാണ്. ”എന്റെ മകൻ ഭീകരനോ ദേശദ്രോഹിയോ ആണെങ്കിൽ അവൻ ജയിലിൽ കിടന്ന് നശിക്കട്ടെ, ഞങ്ങൾ അവനെ സഹായിക്കില്ല,” മാമ്പഴ തോട്ട തൊഴിലാളിയായ റിയാസിന്റെ പിതാവ് അബൂബക്കർ പറഞ്ഞു.

കേരളത്തിൽനിന്നും 2016 ൽ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയ 22 അംഗ സംഘത്തിലെ രണ്ടുപേരുമായി റിയാസ് നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് എൻഐഎ പറയുന്നു. അടുത്തിടെ ഫെയ്സ്ബുക്കിൽ തന്റെ പേര് അബു ദുജാന എന്ന മാറ്റിയതായും ഏജൻസി വ്യക്തമാക്കി.

”അവൻ തെറ്റായ പാതയിലൂടെയാണ് പോകുന്നതെന്ന് എനിക്ക് മനസിലായിരുന്നു. പക്ഷേ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുളളതിന്റെ പേരിൽ അവൻ അറസ്റ്റിലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,” അബൂബക്കർ പറഞ്ഞു. അബൂബക്കറിന്റെ മൂത്ത മകനാണ് റിയാസ്. റിയാസിന് ഒരു സഹോദരനും വിവാഹിതയായ സഹോദരിയുമുണ്ട്.

”2016 ൽ പാലക്കാടുനിന്നും യഹിയ, ഇസ (ഇസ്‌ലാമിലേക്ക് മതപരിവർത്തനം നടത്തിയ സഹോദരങ്ങൾ) എന്നിവർ ഐഎസിൽ ചേരാനായി രാജ്യം വിട്ടിരുന്നു. അവർ തന്റെ സുഹൃത്തുക്കളാണെന്ന് റിയാസ് പറഞ്ഞിരുന്നു. പാലക്കാടിലെ ഒരു മുസ്‌ലിം പളളിൽവച്ച് അവരെ പരിചയപ്പെട്ടുവെന്ന് അവരുടെ ഫോട്ടോകൾ മാധ്യമങ്ങൾ പുറത്തുവിട്ടപ്പോൾ അവൻ പറഞ്ഞു,” ഡ്രൈവറായ റിയാസിന്റെ സഹോദരി ഭർത്താവ് കാജ പറഞ്ഞു.

പന്ത്രണ്ടാം ക്ലാസിൽ ഹ്യുമാനിറ്റീസായിരുന്നു റിയാസിന്റെ വിഷയമെന്ന് കാജ പറഞ്ഞു. ”പ്രൈവറ്റായിട്ടാണ് ബിഎ പാസായത്. മറ്റൊന്നും ഞങ്ങൾക്ക് അറിയില്ല,” കാജ പറഞ്ഞു. ജുവലറി സെയിൽസ്മാൻ, പാലക്കാട് കഞ്ചിക്കോടിലുളള സ്റ്റീൽ ഫാക്ടറിയിലെ ജോലി തുടങ്ങി പല പല ജോലികൾക്കായി കേരളത്തിന്റെ വിവിധ ജില്ലകളിൽ റിയാസ് താമസിച്ചിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു.

”അടുത്തിടെ പെർഫ്യൂമുകൾ വിൽക്കാനായി ഇരുചക്ര വാഹനത്തിൽ ഒരാഴ്ചയിൽ രണ്ടു തവണയെങ്കിലും ഗോവിന്ദപുരം ഗ്രാമത്തിൽ പോകും. കുടുംബത്തെ നോക്കാൻ അവൻ ഒരിക്കലും എന്നെ സഹായിച്ചിരുന്നില്ല. എന്നോടൊപ്പം മാമ്പഴ തോട്ടത്തിൽ ജോലിക്ക് വരാൻ ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. അവിടെ ദിവസും 500 രൂപയാണ് കൂലി. പക്ഷേ അവന് മതത്തെക്കുറിച്ച് പഠിക്കാനായിരുന്നു താൽപര്യം,” അബൂബക്കർ പറഞ്ഞു.

മതപരമായ അറിവിനുവേണ്ടിയാണ് റിയാസ് ഇന്റർനെറ്റ് കൂടുതലായും ഉപയോഗിച്ചു തുടങ്ങിയത്. കാരണം അവനെ ഞങ്ങൾ മദ്രസയിൽ പോകാൻ അനുവദിച്ചിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. ”ചപ്പക്കാട് ഗ്രാമത്തിൽ ഞങ്ങൾ താമസിച്ചിരുന്ന സമയത്ത് 8 കിലോമീറ്റർ അകലെയായിരുന്നു മദ്രസ. തനിക്ക് ശരിയായ മതപഠനം ലഭിച്ചിട്ടില്ലെന്ന് അവൻ കരുതി,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാതെ റിയാസിന്റെ സഹോദരൻ പറഞ്ഞു.

റിയാസിന്റെ അറസ്റ്റിൽ തങ്ങളും ഞെട്ടലാണെന്നാണ് അയൽവാസികൾ പറഞ്ഞത്. ”അവൻ താടി നീട്ടി വളർത്തിയപ്പോൾ ചില സംശയങ്ങളൊക്കെ തോന്നിയിരുന്നു. മുസ്‌ലിം സമുദായത്തിൽ ഇത്തരത്തിൽ താടിയും മുടിയും നീട്ടി വളർത്തിയവരെ കാണാൻ കഴിയില്ല,” പ്രദേശവാസിയായ സിറാജുനീസ പറഞ്ഞു. സലാഫി പ്രസ്ഥാനത്തിൽ റിയാസ് ആകൃഷ്ടനായിരുന്നുവെന്നും പക്ഷേ അവന് ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രദേശവാസിയ സലീം ഷാഹുൽ ഹമീദ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.