പശു സംരക്ഷണത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ ആളുകളെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത നടപടി തെറ്റാണെന്നും അത് ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തിന് വിരുദ്ധമാണെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. വരാന്‍ പോകുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രതീക്ഷകളെ കുറിച്ചും, നയങ്ങളെ കുറിച്ചും ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയത്തിന് ശേഷമുള്ള പുനര്‍നിര്‍മ്മാണത്തിന്റെ പാതയിലാണ് കേരളം. എന്താണ് പുരോഗതികള്‍?

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 31,000 കോടി രൂപയാണ് ഐക്യരാഷ്ട്രസഭ കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 5,000 കോടി കേന്ദ്രം നല്‍കും. ബാക്കി സമാഹരിക്കേണ്ടതുണ്ട്. ലോകബാങ്ക് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് കേന്ദ്രത്തിന്റെ സഹകരണംകൂടി ആവശ്യമാണ്. പ്രത്യേകിച്ച് ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ കേരളത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍. മൂന്നുവര്‍ഷത്തില്‍ എല്ലാ ജോലിയും പൂര്‍ത്തിയാക്കും എന്നെനിക്ക് പൂര്‍ണവിശ്വാസമുണ്ട്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ചില ഹിന്ദു സംഘടനകള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഹിന്ദു വോട്ടര്‍മാര്‍ ഒന്നിച്ച് എതിര്‍ക്കും എന്ന ഭയം സിപിഎമ്മിനുണ്ടോ?

ഞങ്ങള്‍ക്കെതിരായി ഒരു ഹിന്ദു ഏകീകരണവും ഇല്ല. വനിതാ മതിലിനായി ആഹ്വാനം ചെയ്തപ്പോള്‍ ഹിന്ദു സമൂഹത്തിലെ ഓരോ വിഭാഗത്തില്‍ നിന്നുള്ള ആളുകളും അതില്‍ പങ്കെടുത്തു. പ്രതീക്ഷിച്ചതില്‍ അധികം സ്ത്രീകള്‍ ഉണ്ടായിരുന്നു. വനിതാ മതിലിന് പോകരുത് എന്ന് പലരും പറഞ്ഞിട്ട് പോലും അവര്‍ വന്നു. അതില്‍ മുസ്ലീം സ്ത്രീകളും ക്രിസ്ത്യന്‍ സത്രീകളും ഉണ്ടായിരുന്നു. എല്ലാ സമൂഹത്തിലേയും പോലെ ഇവിടേയും ഉണ്ട് യാഥാസ്ഥിതികരായ ആളുകള്‍. എന്നാല്‍ ഭരണകൂടമോ ജനങ്ങളോ അവര്‍ക്കൊപ്പം ഇല്ല.

മുസ്ലീം വോട്ടര്‍മാര്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനൊപ്പം നില്‍ക്കുമെന്ന് കരുതുന്നുണ്ടോ?

കേരളത്തില്‍ ബിജെപിയെ ശക്തമായി എതിര്‍ക്കുന്നത് ആരാണെന്നും ആര്‍ക്കാണ് അവരെ തകര്‍ക്കാന്‍ കഴിയുക എന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അറിയാം. ബിജെപിക്ക് ഇടതുപക്ഷം വിശ്വസനീയമായ എതിരാളികളാണെന്ന പൊതുബോധവും ഉണ്ട്. ഇടതിന്റെ സാന്നിദ്ധ്യം കേരളത്തില്‍ അവര്‍ക്ക് വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ് ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ട് അവര്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് തീരുമാനങ്ങളെ ഇടതുപക്ഷത്തിന് എങ്ങനെ സ്വാധീനിക്കാന്‍ കഴിയും എന്നവര്‍ കണ്ടിരുന്നു. ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുകയും എന്നാല്‍ ഇടതുപക്ഷത്തെ എതിര്‍ക്കുകയും ചെയ്യുന്ന ചില പാര്‍ട്ടികള്‍ ഉണ്ട്. എന്നാല്‍ അവര്‍ക്ക് ശക്തി കുറയുന്നുണ്ട്. ഇത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തും. കോണ്‍ഗ്രസ് ഒരു പാര്‍ട്ടി പാത്രമായിക്കഴിഞ്ഞു കേരളത്തില്‍, അത് ഒരു കൂട്ടായ്മയല്ല.

കോണ്‍ഗ്രസിന്റെ മൃദു-ഹിന്ദുത്വ നിലപാട് എന്നത്‌കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നാണ് താങ്കള്‍ ചിന്തിക്കുന്നത്? ഉദാഹരണത്തിന്, മധ്യപ്രദേശ് സര്‍ക്കാര്‍, പശുവിനെ കൊന്നതിന് എന്‍എസ്എ ചാര്‍ജ് ചെയ്തിട്ടുണ്ട്.

അത് വളരെ തെറ്റായ ഒരു നീക്കമാണ്. നമ്മുടെ രാജ്യത്തെ മതനിരപേക്ഷ സ്വഭാവത്തിന് അത് വിരുദ്ധമാണ്. കോണ്‍ഗ്രസിനെ പോലെ സെക്കുലര്‍ ആണെന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടി, സംഘപരിവാറിന്റേതിന് സമാനമായ നടപടികള്‍ കൈക്കൊള്ളുന്നത് സ്വീകാര്യമല്ല. പശുക്കളുടെ പ്രശ്‌നം ബിജെപി ഏറ്റെടുത്തപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്, പശുവിനെ കൊല്ലുന്നത് നേരത്തേ നിരോധിച്ചിരുന്നു എന്നാണ്.

ആര്‍എസ്എസിന്റെയോ സംഘ്പരിവാറിന്റെയോ പാതയാണ് കോണ്‍ഗ്രസും പിന്തുടരുന്നതെങ്കില്‍ എങ്ങനെയാണ് അവര്‍ക്ക് മതനിരപേക്ഷതയെ ശക്തിപ്പെടുത്താന്‍ സാധിക്കുക? വാസ്തവത്തില്‍, അത് വര്‍ഗ്ഗീയതയെ പരിപോഷിപ്പിക്കും. ശബരിമലയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ബിജെപിക്കും ആര്‍എസ്എസിനും ഒപ്പമായിരുന്നു. മതനിരപേക്ഷതയെ ശക്തിപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് വര്‍ഗീയ നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ല.

ബിജെപിയെ എതിര്‍ക്കുന്നതിന്, പശ്ചിമബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സിപിഎം ധാരണയുണ്ടാക്കണം എന്നു കരുതുന്നുണ്ടോ?

അടുത്ത അഞ്ചു വര്‍ഷത്തേക്കു കൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ രാജ്യം നശിക്കും. രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും ജനാധിപത്യ സ്ഥാപനങ്ങളും നശിപ്പിക്കപ്പെടും. നിലവിലുള്ള രൂപത്തില്‍ നമുക്ക് രാജ്യത്തെ നിലനിര്‍ത്തണമെങ്കില്‍, ബിജെപി അധികാരത്തില്‍ വരരുത്. എല്ലായിടത്തും ബിജെപിയുടെ പരാജയം ഉറപ്പാക്കേണ്ടതുണ്ട്. അതിനനുസരിച്ചുളള നിലപാടായിരിക്കും ഇടതുപക്ഷം സ്വീകരിക്കുക. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുളള ധാരണയ്ക്ക് യാതൊരു ചര്‍ച്ചയും ഞങ്ങള്‍ നടത്തിയിട്ടില്ല. അവര്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ചര്‍ച്ചകള്‍ നടത്തട്ടെ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ