ഡൽഹി: ബെംഗളൂരു ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കട്ടെ എന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ സീതാറാം യെച്ചൂരി. മകൻ ചെയ്ത തെറ്റിന് കോടിയേരി ബാലകൃഷ്ണൻ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കാര്യമില്ല എന്നാണ് പാർട്ടിയുടെ പൊതുവായ നിലപാട്. അമിത് ഷായുടെ മകൻ ജയ് ഷായുടെ വരുമാനം കൂടിയത് പോലെയല്ല ബിനീഷിനെതിരായ കേസ്. ഇതിൽ കോടിയേരി തന്നെ അന്വേഷണം സ്വാഗതം ചെയ്തെന്നും യെച്ചൂരി പറഞ്ഞു.
Read More: അഞ്ചാമത്തെ ഐഫോണ്‍ കിട്ടിയത് ആര്‍ക്കെന്ന് അറിയാം, വെളിപ്പെടുത്തുന്നില്ല: ചെന്നിത്തല
ബിനീഷ് കോടിയേരി പാർട്ടി അംഗമല്ല. ബിനീഷിന്റെ അറസ്റ്റിൽ പാർട്ടിക്ക് ധാർമിക ഉത്തരവാദിത്തമില്ല. നിലപാട് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പേരിൽ കോടിയേരി രാജിവയ്‌ക്കേണ്ട ആവശ്യമെന്താണെന്നും സീതാറാം യെച്ചൂരി ചോദിച്ചു. എം ശിവശങ്കറിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ നടപടി സ്വീകരിച്ചിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുകയാണ്. കേന്ദ്ര ഏജൻസികളെ കേന്ദ്രം സർക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
പശ്ചിമ ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. ഇതിന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായും യെച്ചൂരി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ മതേതര പാര്‍ട്ടികളുമായി സിപിഐഎം ധാരണയുണ്ടാക്കും. ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റ് വീതം വയ്ക്കും. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഡിഎംകെ മുന്നണിയില്‍ തുടരുമെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർട്ടിത്ത് പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവര്‍ അതിന്‍റെ ഭവിഷ്യത്ത് നേരിടുകതന്നെവേണമെന്ന് എം.എ ബേബി പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽപ്രവർത്തിച്ചവർക്കും പാർട്ടിനേതൃത്വത്തിലുള്ളവരുടെഉറ്റബന്ധുക്കൾക്കും ബാധകമാണെന്നും എംഎ ബേബി എഫ്ബി കുറിപ്പിൽ വ്യക്തമാക്കി.