തൊടുപുഴ: ഇടുക്കി ജില്ലയിലെ അനധികൃത ടൂറിസത്തിനെതിരെ ജില്ലാ ഭരണകൂടത്തിന്‍റെ കർശന നടപടി. 17 ജീവനുകള്‍ കവര്‍ന്ന  കുരങ്ങിണി കാട്ടുതീ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ശക്തമായ നടപടിയുമായി മുന്നോട്ട് പോകാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന അനധികൃത ട്രക്കിങ്, ടെന്റ് ക്യാംപിങ്, ഏറുമാടങ്ങളിലെ താമസം എന്നിവ നിരോധിച്ച് ദേവികുളം സബ് കലക്ടര്‍ വി.ആര്‍.പ്രേം കുമാര്‍ ഉത്തരവിറക്കി. ജില്ലാ ദുരന്ത നിവാരണ സമിതി യോഗത്തില്‍ വന ഭൂമിക്കു സമീപമുള്ള റവന്യൂ ഭൂമികളുടെ വിശദാംശങ്ങള്‍ അടിയന്തരമായി നല്‍കാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ ജി.ആര്‍.ഗോകുല്‍ നിര്‍ദേശം നല്‍കി. ചിന്നക്കനാല്‍, മീശപ്പുലിമല, കൊളുക്കുമല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത ട്രക്കിങ്ങും ടെന്റ് ക്യാംപിങ്ങും വ്യാപകമാണെന്നു റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു.

വന്യമൃഗങ്ങളുടെ സാന്നിധ്യവും ഉരുള്‍പൊട്ടലും കാറ്റും അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ള പ്രദേശങ്ങളിലാണ് മാനദണ്ഡങ്ങളിലല്ലാതെ സഞ്ചാരികളെ പാര്‍പ്പിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

കൊളുക്കുമല പോലുള്ള പ്രദേശങ്ങളില്‍ എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ മണിക്കൂറുകള്‍ക്കു ശേഷം മാത്രമേ ചികിത്സ ലഭ്യമാക്കാനാവൂ എന്നതും പ്രധാന പരിമിതിയാണ്. 2016-ലെ ഓണക്കാലത്ത് കൊളുക്കുമലയില്‍ കൊക്കയില്‍ വീണ യുവാവിനെ എട്ട് മണിക്കൂറിന് ശേഷമാണ് മൂന്നാറിലെത്തിച്ച് ചികിത്സ ലഭ്യമാക്കാനായത്.

കാട്ടാനകളുടെ വിഹാര കേന്ദ്രമായ ആനയിറങ്കല്‍ മേഖലയിലും ടെന്റ് ക്യാംപിങ്ങും ഏറുമാടങ്ങളിലുള്ള താമസവും പതിവാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭ്യമായിട്ടുളള​ വിവരം. ഇത്തരം അനധികൃത ടൂറിസം പരിപാടികളില്‍ മിക്കവയും നടക്കുന്നത് റവന്യൂ ഭൂമികളിലായതിനാല്‍ തങ്ങള്‍ക്ക് നടപടിയെടുക്കാന്‍ പരിമിതികളുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. ഇതിനിടെ ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം പദ്ധതികളിലൊന്നായി മാറിയ ജീപ്പ് സഫാരിക്ക് മൂക്കുകയറിടാനുള്ള നീക്കത്തിലാണ് മോട്ടോര്‍വാഹന വകുപ്പ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.