/indian-express-malayalam/media/media_files/uploads/2017/11/new-born-aadhar-idukki-gr-gokul-dist-collector.jpg)
തൊടുപുഴ: കേരളത്തില്‍ ആദ്യമായി നവജാത ശിശുക്കള്‍ക്കു ജനനദിവസം തന്നെ ആധാര്‍ ലഭ്യമാക്കുന്ന പദ്ധതിയുമായി ഇടുക്കി ജില്ലാ ഭരണകൂടം. അക്ഷയ പദ്ധതയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നൂതന പദ്ധതിക്കു തുടക്കമിട്ടിരിക്കുന്നത്.
പഞ്ചായത്തുകളില്‍ നിന്ന് ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നവജാത ശിശുക്കള്‍ക്ക് ജനനദിവസം തന്നെ ആധാര്‍ എൻറോള്‍മെന്റ് ലഭ്യമാക്കുന്നതാണ് നിര്‍ദിഷ്ട പദ്ധതി. ശനിയാഴ്ച ഇടുക്കി ജില്ലാ ആശുപത്രിയില്‍ നിരഞ്ജന്‍, അനാമിക എന്നീ നവജാത ശിശുക്കളുടെ ആധാര്‍ എൻറോള്‍മെന്റ് നടത്തി ഇടുക്കി ജില്ലാകലക്ടര്‍ ജി ആര്‍ ഗോകുല്‍ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തു.
അക്ഷയകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമായി ഇടുക്കി ജില്ലയിലാണ് നടപ്പാക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ആധാര്‍ എൻറോള്‍മെന്റിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ. സുഷമ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.മണികണ്ഠന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താന്‍, ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി പ്രോജക്ട് മാനേജര്‍ എസ്. നിവേദ്, അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ സുബി ജി പ്ലാന്തോട്ടം, അക്ഷയ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ സാം അഗസ്റ്റിന്‍, സംരംഭകരായ ആദര്‍ശ് കുര്യന്‍, ബിജു മാത്യു എന്നിവരാണ് നേതൃത്വം നല്‍കിയത്.
ജില്ലയിലെ പട്ടയനടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ട് വെള്ളിയാഴ്ച കളക്ടറേറ്റില്‍ ഇ-ഓഫീസിനു തുടക്കമിട്ടിരുന്നു. ജില്ലയിലെമ്പാടുമുള്ള ആളുകള്‍ക്ക് കളക്‌റേറ്റില്‍ നേരിട്ടെത്താതെ അപേക്ഷകളും പരാതികളും ഇ-ഓഫീസ് സംവിധാനത്തിലൂടെ അയയ്ക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുല്‍ അറിയിച്ചു. പട്ടയത്തിന് അപേക്ഷ നല്‍കിയിരിക്കുന്നവര്‍ക്കു തങ്ങളുടെ അപേക്ഷയുടെ നിജസ്ഥിതി അറിയാനായി മിടുക്കി എന്ന പേരില്‍ മൊബൈല്‍ ആപ്പും അടുത്തിടെ ജില്ലാ ഭരണകൂടം പുറത്തിറക്കിയിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ജില്ലാഭരണകൂടം ആവിഷ്ക്കരിക്കുന്ന സാങ്കേതികവിദ്യയില്‍ അധിഷ്ടിതമായ പദ്ധതികളുടെ ഭാഗമാണിവ.
ജനിച്ചയുടനെ ആധാർ കാർഡ് എടുക്കുമെങ്കിലും ഫൊട്ടോമാത്രമായിരിക്കും ഇതിലെടുക്കുക. ബയോമെട്രിക് രേഖകൾ ഈ ആധാറിൽ ഉണ്ടാകില്ല. അഞ്ച് വയസ്സിലും പതിനഞ്ച് വയസ്സിലും വീണ്ടും ആധാർ രജിസ്ട്രേഷൻ നടത്തണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.