Latest News

തൊടുപുഴ കമ്പകക്കാനത്തെ കൂട്ടക്കൊലപാതകം: രണ്ടു പേർ കസ്റ്റഡിയിൽ

കമ്പകക്കാനം കാനാട്ടു വീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെയാണ് വീടിനു സമീപത്തായി കൊന്നു കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്

കോട്ടയം: തൊടുപുഴയിൽ കമ്പകക്കാനത്തെ കൂട്ടക്കൊലപാതകത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. ഇതിൽ ഒരാൾ നെടുങ്കണ്ടം സ്വദേശിയാണ്. ഇവരെ ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിൽ സംശയമുളള 22 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കി. ഇതിൽ ഏഴുപേരെ ചോദ്യം ചെയ്തു. കൊല്ലപ്പെട്ട കൃഷ്ണന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

കമ്പകക്കാനം കാനാട്ടു വീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെയാണ് വീടിനു സമീപത്തായി കൊന്നു കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. ഇവരെ തലയ്ക്കടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നാലു പേരുടെ ദേഹത്തും 10 മുതൽ 20 വരെ മുറിവുകളും ചതവുകളുമുണ്ട്. അടിയേറ്റു കൃഷ്ണന്റെ തലയോട്ടി തകർന്നു.കുത്തേറ്റ് അർജുന്റെ കുടൽമാല വെളിയിൽ വന്നിരുന്നുവെന്നും പോസ്റ്റമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

വീടിനു സമീപത്തെ ചാണകക്കുഴിയിൽ ആയിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചനിലയിലായിരുന്നു മൃതദേഹങ്ങൾ. ഒറ്റനോട്ടത്തിൽതന്നെ കണ്ടുപിടിക്കാനാവുന്ന തരത്തിൽ മണ്ണും കല്ലും ഉപയോഗിച്ചാണ് കുഴി മൂടിയിരുന്നത്.

അതേസമയം, കൊലപാതകത്തിനു പ്രധാനമായും രണ്ടു കാരണങ്ങൾ ഉളളതായാണ് പൊലീസ് സംശയം. ഒന്നുകിൽ മോഷണമോ അല്ലെങ്കിൽ മന്ത്രവാദമോ പൂജയോ സംബന്ധിച്ച തർക്കമോ ആകാം. പൂജ നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് കൃഷ്ണൻ ധാരാളം സ്വർണാഭരണങ്ങൾ വാങ്ങുമായിരുന്നു. വീട്ടിൽ നിറയെ സ്വർണം ഉണ്ടെന്ന് അറിയാവുന്ന ആരെങ്കിലും ആകാം കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയം.

മന്ത്രവാദവും പൂജകളും നടത്തിയിരുന്ന കൃഷ്ണനു ആരെങ്കിലുമായി ശത്രുത ഉണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പൂജയ്ക്ക് വാഗ്‌ദാനം ചെയ്ത പണം ലഭിക്കാത്തതിനെ ചൊല്ലി ആരെങ്കിലും ആയി തർക്കമുണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇടുക്കി ജില്ലയ്ക്കു പുറത്തുനിന്ന് ഒട്ടേറെപ്പേർ കൃഷ്ണന്റെ വീട്ടിൽ പൂജകൾക്കായി എത്തുമായിരുന്നു. പൂജയ്ക്ക് 50,000 രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നതായും പൊലീസ് പറയുന്നു. മറ്റു ചില പണമിടപാടുകളും കൃഷ്ണൻ നടത്തിയിരുന്നതായി പൊലീസ് വിവരം ലഭിച്ചിട്ടുണ്ട്. പണം സംബന്ധിച്ച തർക്കമാണോ കൊലയ്ക്ക് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Idukki thodupuzha murder two in police custody

Next Story
നടിക്ക് പിന്തുണയുമായി ‘അമ്മ’, കേസിൽ രചന നാരായണൻകുട്ടിയും ഹണി റോസും കക്ഷി ചേരുംAmma Executive Committtee
The moderation of comments is automated and not cleared manually by malayalam.indianexpress.com