തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റഡി കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ല. അന്വേഷണം ഇപ്പോള്‍ നല്ല നിലയിലാണ് പൂര്‍ത്തിയാകുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. കുറ്റക്കാരായ മുഴുവന്‍ പൊലീസുകാരെയും അറസ്റ്റ് ചെയ്യും. അന്വേഷണം തടസപ്പെടുത്തുന്ന നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read Also: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
കസ്റ്റഡി കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസ് നാരായാണ കുറുപ്പാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. ആറ് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്ന സമീപനമാണ് ആഭ്യന്തര വകുപ്പിന് ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏറെ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികള്‍ പൊലീസ് സേനയില്‍ ഉള്ളവരായതിനാല്‍ പൊലീസ് തന്നെ കേസ് അന്വേഷിക്കുന്നത് യുക്തിസഹമല്ല എന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടിരുന്നു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും ആവശ്യം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ സമരത്തിന്റെ ആദ്യ ഘട്ടം വിജയം കണ്ടു എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
ഇടുക്കി എസ്‌പിക്കെതിരായ ആരോപണങ്ങളെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. ഇടുക്കി എസ്‌പി കെ.ബി.വേണുഗോപാലിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. പരാതികളെല്ലാം അന്വേഷിച്ച് നടപടി സ്വീകരിക്കും. ഇടുക്കി എസ്‌പിയെ സ്ഥലം മാറ്റി ഉത്തരവിറങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഗുരുതര ക്രമക്കേട് ആണ് നടന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. പാലം പൂർവ സ്ഥിതിയിലാകാന്‍ 10 മാസം സമയം വേണം. ശരിയായ രീതിയില്‍ സിമന്റും കമ്പിയും ഉപയോഗിച്ചിട്ടില്ല. ഇതാണ് പാലത്തിന്റെ മോശം അവസ്ഥയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആകെയുള്ള 102 ഗര്‍ഡറുകളില്‍ 97 എണ്ണത്തിലും വിള്ളലുണ്ട്. വിള്ളല്‍ തീര്‍ത്ത് പാലം ഗതാഗത യോഗ്യമാക്കണമെങ്കില്‍ 18 കോടി രൂപ വേണം. ഇരുപത് വര്‍ഷം കൊണ്ട് പാലം തകരുന്ന അവസ്ഥയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: ‘അണക്കെട്ട് തകര്‍ത്തത് കൂട്ടമായി എത്തിയ ഞണ്ടുകള്‍’; വിചിത്ര വാദവുമായി മഹാരാഷ്ട്ര മന്ത്രി
ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കില്ല. പാര്‍ട്ടി ഈ വിഷയത്തില്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു വ്യക്തിയുമായി ബന്ധപ്പെട്ട കാര്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
മലങ്കര സഭയിലെ തര്‍ക്ക വിഷയത്തില്‍ സമവായ ശ്രമങ്ങള്‍ നടത്തിയിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. സുപ്രീം കോടതിക്കും അറിവുള്ളതാണ്. ബലപ്രയോഗത്തിലൂടെ കാര്യങ്ങള്‍ നീക്കാന്‍ സാധിക്കാത്തതിനാലാണ് സമവായ ശ്രമങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.