ഇടുക്കി: കേരളത്തിനു തീരാനൊമ്പരമായ രാജമല പെട്ടിമുടി ദുരന്തം സംഭവിച്ച് ദിവസങ്ങൾക്ക് ശേഷം പ്രദേശത്ത് നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഉരുൾപൊട്ടലിൽ മരിച്ച ചിന്നത്തായി(62), മുത്തുലക്ഷ്മി(22) എന്നിവരുടെ മൃതദേഹമാണ് നല്ലതണ്ണിയാറിലെ ഗ്രാവല്‍ബാങ്ക് സിമന്റ് പാലത്തിന് സമീപം കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 58 ആയി. ഉരുൾപൊട്ടലിൽപെട്ട 12 പേരെ ഇനി കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
ഫോറസ്റ്റ് വാച്ചറായ മുരുകേശന്റെ നായകളുടെ സഹായത്തോടെയാണ് ചിന്നത്തായിയുടെ മൃതദേഹം കണ്ടെത്താനായത്. മുരുകേശന്റെ ടൈഗര്‍, റോസി എന്നീ നായ്ക്കളാണ് സേനയക്ക് സഹായമായത്. മൃതദേഹം കണ്ടെടുത്ത പുഴയോരത്ത് നിന്ന് പതിവില്ലാതെ നായ്ക്കള്‍ കുരയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ അവിടം കേന്ദ്രീകരിച്ച തിരച്ചിലിൽ ആദ്യ മൃതദേഹം കണ്ടെത്തി. അതേ സ്ഥലത്തിന് അടുത്ത് നിന്ന് തന്നെ രണ്ടാമത്തെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു.
ഈമാസം ആറിന് രാത്രിയോടെയായിരുന്നു പെട്ടിമുടിയിൽ പ്രകൃതി ദുരന്തം സംഭവിച്ചത്. അപകടത്തിനു ശേഷം ദിവസങ്ങളായി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച നടത്തിയ തിരച്ചിലിൽ രണ്ട് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കന്നിയാർ കേന്ദ്രീകരിച്ചായിരുന്നു വെള്ളിയാഴ്ച പ്രധാനമായും തിരച്ചിൽ നടത്തിയത്.
രണ്ട് വയസ്സുകാരി ധനുഷ്കയുടെ മൃതദേഹമായിരുന്നു വെള്ളിയാാഴ്ച കണ്ടെത്തിയത്. ധനുഷ്കയുടെ വീട്ടിലുണ്ടായിരുന്നു കുവിയെന്ന് വിളിക്കുന്ന വളര്‍ത്തു നായയാണ് ആദ്യം കുട്ടിയെ കണ്ടെത്തിയത്. പെട്ടിമുടിയിലൂടെ ഒഴുകുന്ന പുഴയില്‍ കുറുകെ കിടന്നിരുന്ന മരത്തില്‍ തങ്ങിനിന്ന നിലയിലായിരുന്നു മൃതദേഹം.
ഞായറാഴ്ച പ്രധാനമായും പുഴ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടന്നത്. പുഴയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള പ്രദേശവാസികളുടെ സഹായത്തോടെ ഫയര്‍ഫോഴ്സ്, പോലീസ്, ദുരന്തനിവാരണസേന എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. നാളെയും ഇതേ മേഖലയിൽ തിരച്ചിൽ തുടരും. ഉരുള്‍പൊട്ടിലില്‍ ഒലിച്ച് വന്ന മണ്ണും കല്ലും നീക്കം ചെയ്താണ് തെരച്ചില്‍ നടത്തുക.
ഇടുക്കി ജില്ലകളിലെ ഡോഗ് സ്ക്വാഡിലെ അഞ്ച് നായകളും തെരച്ചില്‍ സംഘത്തിന് സഹായത്തിനായി എത്തിച്ചിട്ടുണ്ട്.
Read More: പുഴയിൽ നിന്നു രണ്ട് വയസുകാരിയുടെ മൃതദേഹം; പെട്ടിമുടിയിൽ മരണസംഖ്യ 56
ദുരന്തത്തിൽ മരിച്ച 25 പുരുഷന്മാരുടേയും 22 സ്ത്രീകളുടേയും നാല് ആൺകുട്ടികളുടേയും ആറ് പെൺകുട്ടികളുടേയും മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വരെ കണ്ടെത്തിയിരിക്കുന്ന എല്ലാ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. പെട്ടിമലയിലെ ലയങ്ങൾക്ക് സമീപമാണ് എല്ലാവരുടെയും മൃതദേഹം സംസ്കരിച്ചത്.
പുഴ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രധാനമായും അന്വേഷണം നടക്കുന്നത്. മൃതദേഹങ്ങൾ ഒലിച്ചുപോയിരിക്കാൻ സാധ്യതയുണ്ട്. അതിനാലാണ് പുഴകളുടെ പരിസരത്തും മറ്റ് സമീപ സ്ഥലങ്ങളിലും തിരച്ചിൽ ശക്തമാക്കിയത്. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തിനും അഞ്ച് കിലോമീറ്റർ അകലെനിന്നുവരെ മൃതദേഹങ്ങൾ ലഭിച്ചിരുന്നു.