scorecardresearch
Latest News

പുഴയിൽ നിന്നു രണ്ട് വയസുകാരിയുടെ മൃതദേഹം; പെട്ടിമുടിയിൽ മരണസംഖ്യ 56

പെട്ടിമുടി ദുരന്തം സംഭവിച്ചിട്ട് ഇന്നേക്ക് എട്ടാം ദിവസം

പുഴയിൽ നിന്നു രണ്ട് വയസുകാരിയുടെ മൃതദേഹം; പെട്ടിമുടിയിൽ മരണസംഖ്യ 56

ഇടുക്കി: കേരളത്തിനു തീരാനൊമ്പരമായ രാജമല പെട്ടിമുടി ദുരന്തം സംഭവിച്ചിട്ട് ഇന്നേക്ക് എട്ടാം ദിവസം. ദുരന്തത്തിനു ഇരയായ മുഴുവൻ പേരെയും കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഇനി 14 പേരെ കൂടി കണ്ടെത്താനുണ്ട്. ഇന്നലെ നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം പോലും കണ്ടെത്താൻ സാധിച്ചില്ല. ഇതുവരെ 56 മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. എട്ടാം ദിവസമായ ഇന്ന് കന്നിയാർ കേന്ദ്രീകരിച്ചാണ് പ്രധാന തിരച്ചിൽ. ഒരു മൃതദേഹം ഇന്നു കണ്ടെത്തി. പുഴയിൽ നിന്നാണ് രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.

24 പുരുഷന്മാരുടേയും 21 സ്ത്രീകളുടേയും നാല് ആൺകുട്ടികളുടേയും ആറ്  പെൺകുട്ടികളുടേയും മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. നിലവിൽ കണ്ടെത്തിയിരിക്കുന്ന എല്ലാ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. പെട്ടിമലയിലെ ലയങ്ങൾക്ക് സമീപമാണ് എല്ലാവരുടെയും മൃതദേഹം സംസ്‌കരിച്ചത്.

Read Also: പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട്, കുട്ടികൾക്ക് വിദ്യാഭ്യാസം; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

പുഴ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രധാനമായും അന്വേഷണം നടക്കുന്നത്. മൃതദേഹങ്ങൾ ഒലിച്ചുപോയിരിക്കാൻ സാധ്യതയുണ്ട്. അതിനാലാണ് പുഴകളുടെ പരിസരത്തും മറ്റ് സമീപ സ്ഥലങ്ങളിലും തിരച്ചിൽ ശക്തമാക്കിയത്. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തിനും അഞ്ച് കിലോമീറ്റർ അകലെനിന്നുവരെ മൃതദേഹങ്ങൾ ലഭിച്ചിരുന്നു.

ലയങ്ങളുള്ള സ്ഥലങ്ങളിൽ കൂടുതൽ ആഴത്തിൽ തിരച്ചിൽ നടത്താനാണു തീരുമാനം. അവസാന ആളെയും കണ്ടെത്തും വരെ തെരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിലും ഉരുൾപൊട്ടലിൽ വന്നു പതിച്ച വലിയ പാറക്കൂട്ടങ്ങൾ തെരച്ചിൽ ദുഷ്‌കരമാക്കുന്നുണ്ട്. സ്‌ഫോടക വസ്തുക്കൾ കൊണ്ട് ചെറുസ്ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

Kerala Floods Idukki Rajamala Landslide: ലയങ്ങൾ കാണാനില്ല സാർ, അതിലെല്ലാം ആളുകളുണ്ടായിരുന്നു; വിറങ്ങലിച്ച് രാജമല

മൃതദേഹങ്ങൾ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയ ചില മൃതദേഹങ്ങൾ അഴുകി തുടങ്ങിയിരുന്നു. ഇനി കണ്ടെത്താനുള്ള മൃതദേഹങ്ങൾ അഴുകി തുടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തൽ. അങ്ങനെവന്നാൽ ശരീരം തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടിവരും. ആവശ്യമെങ്കിൽ മൃതദേഹം ഡിഎൻഎ ടെസ്റ്റിനു വിധേയമാക്കാമെന്ന് ആരോഗ്യവകുപ്പും അറിയിച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Idukki rajamala pettimudi land slide death toll