ഇടുക്കി: രാജമലയ്ക്കുസമീപം പെട്ടിമുടിയിൽ തോട്ടംതൊഴിലാളി ലയങ്ങൾക്കുമേൽ ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ മണ്ണിനടിയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. ആറ് മാസം പ്രായമായ കുഞ്ഞിന്റേതാണ് മൃതദേഹം. 17 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ മരണ സംഖ്യ 43 ആയി. ഇനി 27 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

വെള്ളിയാഴ്ച വൈകീട്ട് അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ പുനഃരാരംഭിച്ചിരുന്നു. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് ശനിയാഴ്ച രാവിലെ മഴയുടെ ശക്തി കുറഞ്ഞത് സഹായമായി. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ, വൈദ്യുതിമന്ത്രി എം.എം.മണി, ഡീൻ കുര്യാക്കോസ് എം.പി. എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. രക്ഷാദൗത്യത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള അഗ്നിശമനസേനയുടെ അമ്പതംഗ സംഘവും ഇന്ന് പങ്കുചേർന്നിട്ടുണ്ട്.

Read More: Kerala Rains Floods Weather Live Updates: ഇന്നും തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

അതേസമയം കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. രാജമലയിലെ ദുരന്തംനടന്ന പെട്ടിമുടിയില്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് താത്കാലിക ധനസഹായം, പരിക്കേറ്റവര്‍ക്കുള്ള സൗജന്യ ചികത്സ തുടങ്ങിയവ ഇതിനോടകം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവര്‍ക്കും കുടുംബത്തിനും അര്‍ഹമായ മറ്റ് കാര്യങ്ങളെ സംബന്ധിച്ച് കാബിനറ്റില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഉരുൾപൊട്ടലിൽ വൻദുരന്തം സംഭവിച്ച രാജമലയിലെ പെട്ടിമുടിയിൽ കൂടുതൽ പേർ ഒലിച്ച് പോയിരിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ശനിയാഴ്ച രണ്ട് മൃതദേഹം കിട്ടിയത് സമീപത്തെ ആറ്റിൽ നിന്നാണ്. പോസ്റ്റ് മോർട്ടം നടത്തിയ ശേഷം രാജമല ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പെട്ടിമുടിയിൽ തന്നെ സംസ്‌കരികരിച്ചു.

മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ മുഴുവൻ ചികിത്സ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രാധാനമന്ത്രി നരേന്ദ്രമോദിയും ദുരിത ബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഉരുൾപൊട്ടലിൽ കാണാതായ ആറ്‌ വനംവകുപ്പ് ജീവനക്കാരുടെ കുടുംബങ്ങൾക്ക് വനംവകുപ്പിന്റെ സമാശ്വാസഫണ്ടിൽനിന്ന് 50,000 രൂപവീതം നൽകുമെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്മി പറഞ്ഞു. വാച്ചർമാരായ മണികണ്ഠൻ, അച്യുതൻ, രാജ, ഡ്രൈവർമാരായ ഗണേശൻ, മയിൽസ്വാമി, ലേഡിവാച്ചർ രേഖ എന്നിവരെയാണ് കാണാതായത്. ഇതിൽ രേഖയുടെ മൃതദേഹം ലഭിച്ചു. ഇവരെല്ലാം താത്‌കാലിക ജീവനക്കാരാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.