ഇടുക്കി: മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതക്കയത്തിലായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. കാലാവസ്ഥ മോശമായതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. ഇന്ന് മാത്രം ഒമ്പത് മൃതദേഹം ലഭിച്ചു. ഇതോടെ ആകെ മരണം 26 ആയി. മരിച്ചവരിൽ മൂന്ന് പേരെ ഇനിയും തിരിച്ചറിയാൻ സാധിച്ചട്ടില്ല. ഇന്നലെ ജീവനോടെ പുറത്തെടുത്തവർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നു.
ഉരുൾപൊട്ടലിൽ വൻദുരന്തം സംഭവിച്ച രാജമലയിലെ പെട്ടിമുടിയിൽ കൂടുതൽ പേർ ഒലിച്ച് പോയിരിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇന്ന് രണ്ട് മൃതദേഹം കിട്ടിയത് സമീപത്തെ ആറ്റിൽ നിന്നാണ്. മാങ്കുളം മുതൽ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടത്തിയ ശേഷം രാജമല ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പെട്ടിമുടിയിൽ തന്നെ സംസ്‌കരിക്കുമെന്ന് മന്ത്രി എം.എം.മണി അറിയിച്ചു. ലയങ്ങൾക്കു സമീപം തന്നെയാണ് സംസ്‌കരിക്കുക.
Read Also: ദുരന്തമുഖം; കരിപ്പൂര്‍ വിമാനാപകടത്തിന്റെ ചിത്രങ്ങള്‍
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വെള്ളിയാഴ്‌ച (ഇന്നലെ) അര്‍ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെച്ചത്. ഹൈറേഞ്ചിലുള്ള പെട്ടിമുടിയിൽ കനത്ത മഴയും ഉപകരണങ്ങളുടെ അപര്യാപ്തതയും രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളിയാണ്.
മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ മുഴുവൻ ചികിത്സ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രാധാനമന്ത്രി നരേന്ദ്രമോദിയും ദുരിത ബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.